വിജയിയുടെ പ്രതിഫലം 200 കോടി?; 'പിന്നിലെ രഹസ്യം ഇതാണ്'..കട്ടക്കലിപ്പിൽ ആരാധകർ
ചെന്നൈ: തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് വിജയ്. ഒരു സിനിമയ്ക്ക് 150 കോടിയാണ് വിജയിയുടെ പ്രതിഫലം എന്നായിരുന്നു മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഇപ്പോഴിതാ വിജയ് തന്റെ ഏറ്റവും പുതിയ സിനിമയായ ലിയോയ്ക്ക് വേണ്ടി 200 കോടി പ്രതിഫലം വാങ്ങിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. അങ്ങനെയെങ്കിൽ തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം വിജയ് ആയിരിക്കും.
എന്നാൽ വിജയ് തന്നെ സ്വന്തം പണം മുടക്കിയാണ് ഇത്തരത്തിൽ ശമ്പളം കൂട്ടുന്നതെന്ന ആരോപണം ഉയർത്തുകയാണ് നടൻ മീശ രാജേന്ദ്രൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ആരോപണം. 'സിമ്പു ദേവൻ സംവിധാനം ചെയ്ത പുലി എന്ന ചിത്രത്തിന് 70 കോടിയാണ് വിജയ് പ്രതിഫലമായി വാങ്ങിയത്. വിജയിയുടെ മാനേജരായ സെൽവകുമാറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഇത്രയും വലിയ ഒരു സിനിമ നിർമ്മിക്കാനുള്ള പണം സെൽവരാജന് എങ്ങനെ കിട്ടി? ആ പണമെല്ലാം വിജയിയുടേത് തന്നെയാണ്. അതോടെ വിജയിയുടെ മാർക്കറ്റ് ഉയരാൻ തുടങ്ങി.

മാസ്റ്റർ എന്ന ചിത്രത്തിലും വിജയ് ഇതേ ഫോർമുല ഉപയോഗിച്ചു. നടൻ വിജയ്‌യുടെ അമ്മാവൻ സേവ്യർ ബ്രിട്ടോയാണ് മാസ്റ്റർ നിർമ്മിച്ചതെന്ന് എല്ലാവർക്കും അറിയാം. സിനിമയെടുക്കാൻ ചെലവാക്കിയത് വിജയുടെ പണം മാത്രമായിരുന്നു. ഇങ്ങനെ ഓരോ ചിത്രത്തിനും കിട്ടുന്ന പണം നൽകി വിജയ് പ്രതിഫലം വർധിപ്പിച്ചു. അങ്ങനെയാണ് വിജയുടെ പ്രതിഫലം 100 കോടി കടന്നത്', മീശ രാജേന്ദ്രൻ ആരോപിച്ചു.
വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ. കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒക്ടോബർ 19നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. അതേസമയം നടൻറെ ആരോപണത്തിനെതിരെ വിജയ് ആരാധകർ രംഗത്തെത്തി കഴിഞ്ഞു. ഈ രണ്ട് പടങ്ങളും വിജയ് സ്വന്തം നിർമ്മിച്ചതാണെങ്കിൽ പിന്നെ മറ്റ് നിർമ്മാതാക്കളെല്ലാവരും മണ്ടൻമാരാണോയെന്നാണ് വിജയിയുടെ ആരാധകർ ചോദിക്കുന്നത്.
തമിഴിൽ വൻ ആസ്തിയുള്ള താരങ്ങളിൽ ഒരാളാണ് വിജയ്. 56 മില്ല്യൺ യു എസ് ഡോളറാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. അതായത് 445 കോടി രൂപ. മാസം 10 മുതൽ 12 വരെ കോടി രൂപയാണ് വിജയിയുടെ വരുമാനമത്രേ.












Click it and Unblock the Notifications