തമന്നയുമായുള്ള പ്രണയത്തകര്‍ച്ച; ആദ്യമായി പ്രതികരിച്ച് വിജയ് വര്‍മ
തെന്നിന്ത്യയില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. മുംബൈ സ്വദേശിനിയാണെങ്കിലും തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെയാണ് തമന്ന ഭാട്ടിയ പ്രേക്ഷകമനസിനെ കീഴടക്കിയത്. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ് തമന്ന.
ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന താരം അടുത്തിടെ ബന്ധം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. നടന്‍ വിജയ് വര്‍മയാണ് താരത്തിന്റെ ഹൃദയം കീഴടക്കിയത്. എന്നാല്‍ വിവാഹത്തോളമെത്തിയ ബന്ധം ഇരുവരും അവസാനിപ്പിച്ചത് സിനിമാ ലോകത്ത് വലിയ ഞെട്ടലായിരുന്നു.
എല്ലായിടത്തും പരസ്യമാക്കിയ പ്രണയ ബന്ധത്തിനിടയില്‍ ഇരുവര്‍ക്കും എന്താണ് സംഭവിച്ചത് എന്നതു സംബന്ധിച്ച് പല വാര്‍ത്തകളും വന്നു. എന്നാല്‍ തമന്നയും വിജയും ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇപ്പോഴിതാ പ്രണയബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ്. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിജയ് വര്‍മ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് സംസാരിച്ചത്.

എല്ലാ ബന്ധങ്ങളെയും തുറന്ന മനസോടെ സ്വീകരിക്കണമെന്നു പറഞ്ഞ വിജയ് പ്രണയബന്ധത്തെ ഐസ്‌ക്രീമിനോടാണ് ഉപമിച്ചത്. എല്ലാ രുചിവൈഭവത്തോടെയും അത് സ്വീകരിക്കാനാകണം. മധുരവും കയ്പ്പും നിറഞ്ഞ ഒരു ഐസ്‌ക്രീം പോലെയാണ് ബന്ധങ്ങള്‍. നമ്മളിലേക്ക് വരുന്നതെന്തോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാന്‍ തയാറായിരിക്കണം. നമ്മള്‍ ആസ്വദിച്ചാണ് ഐസ്‌ക്രീം കഴിക്കാറുള്ളത് അല്ലേ?. ഐസ്‌ക്രീം ആയതുകൊണ്ടു തന്നെ അത് ഏത് ഫ്‌ളേവര്‍ ആണെങ്കിലും നമ്മള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇതുപോലെയാണ് ബന്ധങ്ങളും എന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്.
2023 ല്‍ ഒരു പുതുവത്സരാഘോഷത്തില്‍ വിജയ് വര്‍മയെയും തമന്നയെയും ഒരുമിച്ച് കണ്ടപ്പോഴാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പല അഭിമുഖങ്ങളിലും പ്രണയത്തിലാണെന്ന് ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. സാധാരണയായി താരങ്ങള്‍ പ്രണയം മൂടിവയ്ക്കുമ്പോള്‍ തമന്നയും വിജയും ഇക്കാര്യം തുറന്നുപറയാന്‍ മടികാട്ടിയില്ല.
'ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു, ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നു? ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തുപോകാന്‍ കഴിയില്ല. കൂട്ടുകാര്‍ക്കൊപ്പം പോയാല്‍ അവരോടൊപ്പം ഒന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് താല്‍പര്യമില്ല' എന്ന് വിജയ് തുറന്നുപറഞ്ഞിരുന്നു.
പിന്നാലെ 2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്ന റിപ്പോര്‍ട്ടുകളുമെത്തി. വിവാഹ ശേഷം താമസിക്കാനായി മുംബൈയില്‍ ആഢംബര അപ്പാര്‍ട്ടമെന്റ് വാങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇരുവരും ബന്ധം അവസാനിപ്പിച്ചത്.
പ്രണയം അവസാനിപ്പിച്ചെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും ഇവരുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications