'വലിയ നിലയില്‍ എത്തിയിട്ടുള്ള പലരും അത്ര നല്ല ആളുകളൊന്നുമല്ല..'; തുറന്നുപറഞ്ഞ് ആര്‍ഷ
ആവറേജ് അമ്പിളി എന്ന മിനി വെബ്‌സീരീസിലൂടെ എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയത താരമാണ് ആര്‍ഷ ചാന്ദ്‌നി ബൈജു. പതിനെട്ടാം പടി, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, മധുര മനോഹര തീരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ ആര്‍ഷക്ക് സാധിച്ചിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലെ മീനാക്ഷി എന്ന കഥാപാത്രം ആര്‍ഷക്ക് വലിയ കൈയടി നേടിക്കൊടുത്തിരുന്നു.
സിനിമയിലെ ക്ലൈമാക്‌സില്‍ മീനാക്ഷി പറയുന്ന കര്‍മ്മയുമായി ബന്ധപ്പെട്ട ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കര്‍മ്മയില്‍ താന്‍ വിശ്വസിക്കുന്നില്ല എന്നാണ് ആര്‍ഷ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍ഷയുടെ പ്രതികരണം. താന്‍ അറിയുന്ന വളരെ ഉയരത്തില്‍ എത്തിയവരൊന്നും അത്ര നല്ലവരല്ല എന്നാണ് ആര്‍ഷ പറയുന്നത്. ആര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'റിയല്‍ ലൈഫില്‍ ഞാന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നില്ല. കാരണം എനിക്ക് അറിയാവുന്ന പലരും, വലിയ നിലയില്‍ എത്തിയിട്ടുള്ള പലരും അത്ര നല്ല ആളുകളൊന്നുമല്ല. എന്ന് വെച്ച് എല്ലാവരും മോശം ചെയ്യണം എന്നൊന്നുമല്ല. ഞാന്‍ മോശം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളുമല്ല. ഒരിക്കലും അങ്ങനെ ചെയ്യാനും ശ്രമിക്കില്ല. പക്ഷെ കര്‍മ്മയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മോശം ചെയ്താല്‍ മോശം വരും.
അല്ലെങ്കില്‍ നല്ലത് ചെയ്താല്‍ നല്ലത് മാത്രമെ വരൂ എന്നുള്ളത് വിശ്വസിക്കുന്നില്ല. കാരണം നല്ലത് ചെയ്ത എത്രയോ ആളുകള്‍ ഒന്നുമാകാതെ പോകുന്നു,' എന്നാണ് ആര്‍ഷ പറയുന്നത്. അതേസമയം സിനിമ എന്ന് പറയുന്നത് കുട്ടിക്കാലം മുതലെ കണ്ട സ്വപ്‌നമായിരുന്നു എന്നും അതിലേക്ക് എത്താന്‍ സാധിക്കും എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു എന്നും ആര്‍ഷ കൂട്ടിച്ചേര്‍ത്തു. അച്ഛനും അമ്മക്കും സിനിമ എന്നത് വലിയ താല്‍പര്യം തന്നെയായിരുന്നു.
'എനിക്ക് എന്താണോ ആഗ്രഹം അത് ചെയ്യണം എന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം. സിനിമയോട് ഭയങ്കര ഇഷ്ടമാണ് അവര്‍ക്ക്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ വസ്ത്രം, മറ്റ് നടന്‍മാരോടുള്ള പെരുമാറ്റം, ഇന്റിമേറ്റ് സീന്‍ എന്നിവയെ കുറിച്ചൊന്നും അവര്‍ ഇത് വരെ പറഞ്ഞിട്ടില്ല. അവര്‍ക്ക് അങ്ങനെയൊന്നുമില്ല. ഞാന്‍ എന്താണോ കംഫര്‍ട്ട് അത് ചെയ്യുക എന്നുള്ളതേ ഉള്ളൂ. വീട്ടില്‍ എല്ലാവരും ഭയങ്കര സപ്പോര്‍ട്ട് ആണ്,' ആര്‍ഷ പറഞ്ഞു.
ഒരു ആക്ടര്‍ എന്ന നിലയില്‍ തനിക്ക് ലിമിറ്റേഷന്‍സ് കുറവാണ് എന്നും ഇതുവരെ സിനിമയില്‍ നോ പറയേണ്ട സാഹചര്യങ്ങള്‍ വന്നിട്ടില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. വന്ന കഥാപാത്രങ്ങളെല്ലാം തനിക്ക് ഇഷ്ടപ്പെടുന്നതും ചെയ്യാന്‍ പറ്റുന്നതുമായിരുന്നു എന്നും ആര്‍ഷ വ്യക്തമാക്കി.












Click it and Unblock the Notifications