'15ാം വയസ്സിൽ പ്രണയത്തിലായ പയ്യൻ, ഇന്നും എന്റെ കൈ പിടിച്ച് അരികിൽ നിൽക്കുമെന്ന് ആരറിഞ്ഞു': അഭിരാമി
ആണാണോ പെണ്ണാണോ അടിപൊളി വേഷം എന്ന് പാട്ട് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്നത് സ്റ്റൈലിഷായ, മോഡേൺ ആയ, ബോൾഡായ അഭിരാമിയുടെ മുഖമല്ലേ. അതെ ഞങ്ങൾ സന്തുഷ്ടർ എന്ന സിനിമയിലൂടെയാണ് അഭിരാമിയ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുന്നത്. ഗീതു സജ്ജീവൻ എന്ന നായികയെ ആരും മറന്നുകാണില്ല.
അന്ന് ഗീതുവിന് ഒരെല്ല് കൂടുതൽ ആണെന്ന് പറഞ്ഞവർ ഇന്ന് ഗീതുവാണ് ശരിയെന്ന് തിരുത്തുകയാണ്. നായിക വേഷങ്ങളിലൂടെ തിളങ്ങിയ താരം ഇടയ്ക്ക് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നുവങ്കിലും ഇപ്പോൾ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വിവാഹത്തിന് ശേഷമാണ് അഭിരാമി സിനിമയിൽ നിന്നും വിട്ടുനിന്നത്. 2009 ൽ ആണ് രഹുൽ പവനുമായി അഭിരാമിയുടെ വിവാഹം കഴിഞ്ഞത്.

വിവാഹത്തിന് ശേഷം താരം ഭർത്താവിനൊപ്പം യു എസിലേക്ക് പോയി. ഡിസംബർ 31 ന് അഭിരാമിയുടെ വിവാഹം കഴിഞ്ഞിട്ട് 15 വർഷങ്ങളായി. വിവാഹ വാർഷിക ദിനത്തിൽ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഭർത്താവിനൊപ്പമുള്ള ഫോട്ടോയാണ് അഭിരാമി പങ്കുവെച്ചത്. ഭർത്താവിനൊപ്പമുള്ള സന്തോഷ നിമിഷത്തെക്കുറിച്ചാണ് താരം കുറിച്ചത്.
' ഓരോ ദിവസവും നിങ്ങൾക്കൊപ്പം ആഘോഷിക്കുന്നതിലും ഒരുമിച്ച് വളരുന്നതിലും മാതാപിതാക്കൾ എന്ന നിലയിൽ ഒരുമിച്ച് ഓരോ കാര്യങ്ങൾ പഠിക്കുന്നതിലും വ്യക്തിപരമായ സ്വകാര്യ വിജയങ്ങൾ പരസ്പകം ആസ്വദിക്കുന്നതിലും ഞാൻ എന്നും നന്ദിയുള്ളവളാണ്. 15 ാം വയസ്സിൽ പ്രണയത്തിലായ പയ്യൻ ഇന്നും എന്റെ കൈ പിടിച്ച് എനിക്കരകിൽ നിൽക്കുമെന്ന് അന്നാരറിഞ്ഞു, ' എന്നാണ് അഭിരാമി കുറിച്ചത്.
നിരവധിപേരാണ് താരത്തിനും ഭർത്താവിനും ആശംസകളുമായി എത്തിയിരിക്കുന്നത്. കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അഭിരാമിയും ഭർത്താവും കഴിഞ്ഞ വർഷമാണ് ഒരു കുഞ്ഞിനെ ദത്തെടുത്തത്. 2023 ലെ മാതൃദിനത്തിലാണ് മകൾ കൽകിയെ താരം പരിചയപ്പെടുത്തിയത്. മകൾ ജീവിതത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. മകളുടെ ചിരിയും കുറുമ്പും കണ്ട് സമയം പോകുന്നത് അറിയില്ലെന്നും അതെല്ലാം ആസ്വദിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.
കോവിഡിന്റെ സമയത്താണ് അഭിരാമിയും ഭർത്താവും അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് വന്നത്. സിനിമകൾ ചെയ്യുമോ എന്ന് ഉറപ്പില്ലായിരുന്നു. അവിടെയുള്ള വീട് വിറ്റ് എല്ലാ സാധനവും പാക്ക് ചെയ്ത് താനും ഭർത്താവും വളർത്ത് നായയും നാട്ടിലേക്ക് വന്നെന്നും ജീവിതം മാറ്റിയ തീരുമാനം ആയിരുന്നു അതെന്നും അഭിരാമി പറഞ്ഞിരുന്നു.












Click it and Unblock the Notifications