മുൻ പങ്കാളി ഭവ്നിന്ദർ സിങ്ങിന് അമല പോളിന്റെ കുരുക്ക്; പരാതി, ജാമ്യം റദ്ദാക്കി
കൊച്ചി: വഞ്ചനാക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവ്നിന്ദർ സിങ്ങിന് അനുവദിച്ച ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി . നടിയുടെ ഹർജിയിൽ ജസ്റ്റിസ് സി വി കാർത്തികേയന്റെതാണ് ഉത്തരവ്.
ഭവ്നിന്ദർ സിങും കുടുംബവും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും മാനസികമായും സാമ്പത്തികമായും പ്രയാസപ്പെടുത്തിയെന്നുമായിരുന്നു നടിയുടെ പരാതി. പരാതിയിൽ മുൻപ് ഭവ്നിന്ദർ സിങ്ങിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നാലെ വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവ്നിന്ദറിന് ജാമ്യം അനുവദിച്ചു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് അമല പോൾ നൽകിയ പരാതിയിലാണ് ഇപ്പോൾ ഇയാളുടെ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തത്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

2017ല്‍ സംവിധായകന്‍ എ എല്‍ വിജയിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞ ശേഷമായിരുന്നു ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങുമായി താരം ലിവിങ് റിലേഷിനിലായത്. 2018 ല്‍ അമല പോളും ഭവ്‌നീന്ദര്‍ സിങും ചേര്‍ന്ന് സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു. കമ്പനി കഡാവര്‍ എന്ന സിനിമയും കമ്പനി നിര്‍മ്മിച്ചിരുന്നു. കമ്പനിക്കായി വലിയ തോതിൽ നടി പണം നിക്ഷേപിച്ചിരുന്നത്രേ. എന്നാൽ പിന്നീട് അമല പോളിനെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രതി രഹസ്യമായി നീക്കിയതായി പോലീസ് കണ്ടെത്തിയിരുന്നു.
2020 മാര്‍ച്ചിൽ ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. രാജസ്ഥാനി വധൂ വരന്മാരുടെ വേഷത്തിലായിരുന്നു ഫോട്ടോ. ഇതോടെയാണ് ഇരുവരും വിവാഹിതരായി എന്ന പ്രചാരണമുണ്ടായത്. എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ ആരോപണം. തനിക്കൊപ്പമുള്ള രഹസ്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭവ്‌നീന്ദര്‍ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചിരുന്നു.
അതേസമയം പുതിയ വിവാഹ ജീവിതത്തതിലേക്ക് കടന്നിരിക്കുകയാണ് അമല. ഗുജറാത്ത് സൂറത്ത് സ്വദേശി ജഗത് ദേശായിയെ ആണ് അമല വിവാഹം കഴിച്ചത്. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ജഗത്. താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന സന്തോഷവും നടി അടുത്തിടെ പങ്കുവെച്ചിരുന്നു. 'നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം' എന്ന വരികളോടെയാണ് ഗർഭിണിയാണെന്ന സന്തോഷം അമല പങ്കിട്ടത്.












Click it and Unblock the Notifications