'ബിഗ് ബോസിലേക്ക് വിളിച്ചു, വലിയ പ്രതിഫലം വാഗ്ദാനം ചെയ്തു'; പോകാത്തതിന് കാരണം വെളിപ്പെടുത്തി അനുമോൾ
മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അനുമോൾ . സ്റ്റാർ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് താരം മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. പിന്നീട് നിരവധി സീരിയലുകളിൽ താരം വേഷം ഇട്ടു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. നിരവധി വീഡിയോകളും ഫോട്ടോകളുമെല്ലാം താരം പങ്കിടാറുണ്ട്. എന്നാൽ തന്റെ വീഡിയോയ്ക്ക് താഴെ വളരെ മോശം കമന്റുകൾ ധാരാളമായി വരാറുണ്ടെന്ന് പറയുകയാണ് ഇപ്പോൾ അനുമോൾ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സ്റ്റാർ മാജിക്കിനെ കുറിച്ചും ബിഗ് ബോസ് ഷോയിലേക്ക് വന്ന ക്ഷണത്തെ കുറിച്ചുമെല്ലാം അനുമോൾ പങ്കുവെച്ചു.
'സോഷ്യൽ മീഡിയയിലൂടെ കടുത്ത അധിക്ഷേപത്തിന് ഇരയാകാറുണ്ടെന്നും താരം വെളിപ്പെടുത്തി. 'നല്ല വസ്ത്രമൊക്കെയിട്ട് അണിഞ്ഞൊരുങ്ങിയാൽ പ്രായമായ അമ്മമാരും അച്ഛൻമാരുമൊക്കെ വന്ന് നെഗറ്റീവ് കമന്റിട്ട് പോകും. ഇവളാരാണെന്ന ഇവളുടെ വിചാരം. കുറേ മേയ്ക്കപ്പൊക്കെ ഇട്ട് വന്നിരിക്കും എന്നൊക്കെ പറയും. ഫേസ്ബുക്കിൽ ഇത്തരം കമന്റ് വരുമ്പോൾ ഞാൻ പ്രതികരിക്കാറില്ല.

എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിൽ കമന്റ് വരുമ്പോൾ വലിയ വിഷമം തോന്നും. ഞാൻ അങ്ങനെ കമന്റ് ഇടുന്നവർക്ക് വ്യക്തിപരമായി പോയി മെസേജ് അയക്കും. അവരുടെ അക്കൗണ്ടിൽ പോയി ഞാൻ കമന്റ് ഇടുന്നില്ല. അവരെ വ്യക്തിപരമായ എനിക്ക് അറിയുക പോലും ഇല്ല. പിന്നെ എന്തിനാണ് ഇങ്ങനെ മെസേജ് അയക്കുന്നതെന്നൊക്കെ ചോദിക്കുമ്പോൾ ക്ഷമ ചോദിക്കും എന്നോട്. മറുപടി കിട്ടാൻ വേണ്ടി മെസേജ് അയക്കുകയാണെന്നൊക്കെ പറയും.
ചില പ്രശ്നങ്ങൾ കാരണം 'സുരഭിയും സുഹാസിനിയും' എന്ന സീരിയൽ രണ്ടാമത് തുടങ്ങിയപ്പോൾ മറ്റൊരു താരത്തെയായിരുന്നു ഷോയിലേക്ക് സുരഭിയുടെ ക്യാരക്ടർ ആയി തിരഞ്ഞെടുത്തത്. അത് ഏറെ വിഷമിപ്പിച്ചിരുന്നു. ഞാൻ ഒരുപാട് കരയുകയൊക്കെ ചെയ്തു. പക്ഷെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഷോയിൽ നിന്ന് വിളിച്ച് അഭിനയിക്കാൻ വരാമോയെന്ന് ചോദിച്ചു. ഞാൻ പിന്നീട് മറുപടി നൽകാമെന്നാണ് പറഞ്ഞത്. ആദ്യം എന്നെ വിഷമിപ്പിച്ചത് കൊണ്ട് വീണ്ടും അഭിനയിക്കേണ്ടെന്ന് കരുതിയതാണ്. എന്നാൽ മാതാപിതാക്കൾ അടക്കം പലരും പോയി അഭിനയിക്കാൻ ആവശ്യപ്പെട്ടു. ആ കഥാപാത്രമായി നിന്നെ വേണമെന്ന ഉള്ളത് കൊണ്ടല്ലേ വിളിച്ചതെന്ന് പറഞ്ഞു.
പക്ഷെ ഞാൻ ചാനലിന് മേൽ സമ്മർദ്ദം ചെലുത്തിയിട്ടാണ് എന്നെ വീണ്ടും നായികയാക്കിയത് എന്നൊക്കെയാണ് ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചത്. എനിക്ക് അങ്ങനെ സമ്മർദ്ദം ചെലുത്താൻ സാധിക്കുമായിരുന്നുവെങ്കിൽ ആദ്യമേ തന്നെ ഞാൻ ചെയ്യുമായിരുന്നില്ലേ.
പുതിയ കോമ്പോ വർക്ക് ഔട്ട് ആകാത്തത് കൊണ്ടാണ് എന്നെ വീണ്ടും വിളിച്ചതെന്നാണ് മനസിലാക്കാൻ സാധിച്ചത്. ആ പെൺകുട്ടിയെ എന്തിനാണ് മാറ്റിയതെന്ന് വ്യക്തമല്ല. നിറത്തിന്റെ പേരിലാണ് മാറ്റിയതെന്നൊക്കെയുള്ള ആരോപണങ്ങളെ കുറിച്ച് എനിക്ക് അറിയില്ല.
ഒരിക്കൽ പോലും സ്റ്റാർ മാജിക്ക് വിടണമെന്ന് താൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലെന്ന് നടി അനുമോൾ. സ്റ്റാർ മാജിക്കിലൂടെയാണ് തന്നെ പ്രേക്ഷകർ അറിഞ്ഞത്. എനിക്ക് മറ്റെല്ലാ അവസരങ്ങളും ലഭിച്ചത് സ്റ്റാർ മാജിക്കിലൂടെയാണ്. ബിഗ് ബോസിന്റെ പല സീസണുകളിലും വിളിച്ചു. നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ഞാൻ പോയില്ല. സ്റ്റാർ മാജിക് വിട്ട് പോയവരൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഞാൻ ഒരിക്കലും പോകില്ല', അനുമോൾ പറഞ്ഞു.












Click it and Unblock the Notifications