ഒരു സുപ്രഭാതത്തില്‍ ഞാന്‍ വര്‍ഗീയവാദിയായി, ഞാന്‍ ആ പാര്‍ട്ടിക്കാരിയല്ല: അനുശ്രീ പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അനുശ്രീ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായിക നിരയിലേക്ക് ഉയരുകയായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകുകയും ചെയ്തിട്ടുണ്ട് അനുശ്രീ. സംഘപരിവാര്‍ അനുകൂല നിലപാട് താരം സ്വീകരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. ഒരു സുപ്രഭാതത്തില്‍ തന്നെ ചിലര്‍ വര്‍ഗീയവാദിയാക്കി എന്നും എന്താണ് അതിന് കാരണം എന്ന് അറിയില്ല എന്നും അനുശ്രീ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. രാഷ്ട്രീയ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട് എന്നും താരം പറയുന്നു.

നാട്ടിലെ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബ ആയത് മുതലാണ് ഈ നീക്കം ആരംഭിച്ചത് എന്നും അനുശ്രീ വ്യക്തമാക്കി. ' ഒരു വര്‍ഷം ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബ ആയിരുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ്. ഒരു സുപ്രഭാതത്തില്‍ ഞൊടിയിടയില്‍ എന്നെ വര്‍ഗീയവാദിയാക്കി,' അനുശ്രീ പറയുന്നു. ഭാരതാംബയുടെ വേഷം കെട്ടി ഘോഷയാത്രയ്ക്ക് പോകുന്നത് സാധാരണ സംഭവമാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.
അന്ന് ഭാരതാംബയുടെ വേഷം കെട്ടിയ ശേഷം രാത്രി തന്നെ ഒരു സ്റ്റേജ് ഷോയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. അവിടെ ചെന്ന് സോഷ്യല്‍ മീഡിയ തുറന്ന് നോക്കിയപ്പോഴാണ് തനിക്ക് മേല്‍ വര്‍ഗീയവാദി എന്ന ലേബല്‍ ചാര്‍ത്തി കിട്ടിയ കാര്യം അറിയുന്നത് എന്നും അനുശ്രി പറഞ്ഞു. ' എന്റെ മുകളില്‍ ചിലര്‍ കരുതിക്കൂട്ടി വര്‍ഗീയവാദി എന്ന ലേബല്‍ ചാര്‍ത്തിവെക്കുകയായിരുന്നു.
അതിന് ശേഷം എന്ത് പോസ്റ്റിട്ടാലും അതിന് താഴെ വന്ന് എന്നെ അധിക്ഷേപിക്കും,' അനുശ്രി ചൂണ്ടിക്കാട്ടി. എന്തിനാണ് തന്നെ ഇത്തരത്തില്‍ മുദ്രകുത്തി അധിക്ഷേപിക്കുന്നത് എന്ന് ഇപ്പോഴും മനസിലായിട്ടില്ല എന്നും താരം വ്യക്തമാക്കി. 'ഞാന്‍ അമ്പലത്തിന്റെ മുന്നില്‍ ജനിച്ച് വളര്‍ന്ന ഒരാളാണ്. വീടിന് തൊട്ടടുത്ത് തന്നെ ക്ഷേത്രമാണ്. ആ ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷം ചെറുപ്പം തൊട്ടെ ഞങ്ങളൊക്കെ തന്നെയാണ് നടത്തുന്നത്.
അതിനെ ഒരു പാര്‍ട്ടി പരിപാടിയായിട്ടല്ല കാണുന്നത്,' അനുശ്രീ പറഞ്ഞു. എല്ലാ വര്‍ഷവും ക്ഷേത്രത്തിലെ പരിപാടികളില്‍ പങ്കെടുത്തിരുന്ന ആളായിരുന്നു താന്‍ എന്നും എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം തിരക്ക് കാരണം ചില വര്‍ഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല എന്നും അനുശ്രീ പറയുന്നു. ഒരു ശ്രീകൃഷ്ണജയന്തി ദിവസം നാട്ടിലുണ്ടായിരുന്നതിനാല്‍ പതിവ് പോലെ ഘോഷയാത്രയ്ക്ക് പോകുകയും ഭാരതാംബയുടെ വേഷം അണിയുകയായിരുന്നു എന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.
തന്നെ സംബന്ധിച്ചിടത്തോളം അതൊരു സാധാരണ സംഭവമാണ് എന്നും അതിന്റെ പേരില്‍ അധിക്ഷേപിക്കുന്നതില്‍ വിഷമമുണ്ട് എന്നും അനുശ്രി പറഞ്ഞു. 'ഞാനൊരു ദൈവവിശ്വാസിയാണ്. ഒരിക്കലും മറ്റ് മതങ്ങളേയോ ദൈവങ്ങളേയോ വിശ്വാസത്തേയോ തള്ളിപ്പറഞ്ഞിട്ടില്ല. നാട്ടിലെ അമ്പലത്തില്‍ ദൈവത്തിന് മാല കെട്ടാറുണ്ട്. അതുപോലെ വെട്ടുകാട് പള്ളിയില്‍ നൂലും കെട്ടാറുണ്ട്.
ഇതൊന്നും അറിയാത്തവരാണ് നമ്മള്‍ മനസില്‍ പോലും കരുതാത്ത തരത്തില്‍ ചിത്രീകരിക്കുന്നത്. അപ്പോള്‍ എന്തായാലും വിഷമം തോന്നില്ലേ|?', അനുശ്രീ പറഞ്ഞു. താന്‍ മറ്റുള്ളവര്‍ ആരോപിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട ആളോ അതിലെ അംഗമോ ഒന്നും അല്ല. അവരെ പിന്തുണച്ച് എവിടേയും സംസാരിച്ചിട്ടില്ല എന്നും അനുശ്രീ വ്യക്തമാക്കി. താന്‍ അതല്ല എന്ന് നൂറ് തവണ പറയുമ്പോള്‍ എന്തിനാണ് അതാണ് എന്ന് പറഞ്ഞ് മുദ്ര കുത്തുന്നത് എന്നും അനുശ്രീ ചോദിക്കുന്നു.












Click it and Unblock the Notifications