'ഡിവോഴ്സ് കഴിഞ്ഞതാണ്, മകൻ 9ാം ക്ലാസിൽ പഠിക്കുന്നു'; ഇനി വിവാഹം കഴിക്കുമോ? ചിത്ര നായർ പറയുന്നു
കൊച്ചി: തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ചിത്ര നായർ. സിനിമയിലെ സുരേഷട്ടന്റെ കാമുകിയായ സുമലതയുടെ വേഷം വളരെ അനായാസമായാണ് ചിത്ര കൈകാര്യം ചെയ്തത്. സുമതലത-സുരേഷ് കോമ്പോ കോമഡികൾ എല്ലാം തന്നെ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. 'വയസ് എത്രയായി' എന്നതാണ് ചിത്രയുടെ ഏറ്റവും പുതിയ ചിത്രം.
പുതിയ ചിത്രം ഇറങ്ങാനിരിക്കെ തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് നടി. ആദ്യ സിനിമയ്ക്ക് ശേഷം നാട്ടിൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നതാണ് പ്രധാനമാറ്റം എന്ന് ചിത്ര പറയുന്നു. നാട്ടിൽ ഇപ്പോഴും താൻ സാധാരണ ചിത്ര തന്നെ. ഉദ്ഘാടനങ്ങളിലൊക്കെ പങ്കെടുക്കാറുണ്ട്. പഠിച്ച സ്കൂളുകളിൽ ഉദ്ഘാടനത്തിന് പോകാൻ സാധിച്ചതിലെ സന്തോഷവും താരം പങ്കിട്ടു. തനിക്ക് 36 വയസുണ്ടെന്നും താനൊരു വിവാഹമോചിതയാണെന്നും നടി പറഞ്ഞു.

നടിയുടെ വാക്കുകളിലേക്ക്- '9ാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്. എനിക്ക് 36 വയസാണ്. നമ്മൾ കാണുന്ന എല്ലാവരും സന്തൂർ മമ്മിയാണല്ലോ. എന്റെ കൂടെ മകൻ നടക്കുമ്പോ അനിയനാണോയെന്ന് ആളുകൾ ചോദിക്കാറുണ്ട്. 21ാം വയസിൽ ആണ് കല്യാണം കഴിഞ്ഞത്. പ്ലസ്ടു കഴിഞ്ഞു, ടിടിസി കഴിഞ്ഞപ്പോൾ തന്നെ കല്യാണം കഴിഞ്ഞു. വിവാഹമോചിതയായിട്ട് എട്ടുവർഷമായി. നാട്ടുകാരെ ഞാൻ കാര്യമാക്കാറില്ല. നമ്മളെ നമ്മുക്ക് അല്ലേ അറിയൂ. ജാതകമൊക്കെ നോക്കിയാണ് ഞാൻ വിവാഹം കഴിച്ചത്. അതിലൊന്നും ഒരു കാര്യമില്ലെന്ന് മനസിലായി . മാനസികമായ പൊരുത്തം തന്നെയാണ് പ്രധാനം.
രാജേഷേട്ടനുമായുള്ള ഫോട്ടോ കണ്ടപ്പോൾ അഭിനന്ദിച്ച് കൊണ്ട് കുറേ പേർ വിളിച്ചിരുന്നു. നിങ്ങൾ ഒന്നാവേണ്ടവർ തന്നെയാണൊന്നൊക്കെ പറഞ്ഞാണ് ചിലർ വിളിച്ചത്. രാജേഷേട്ടന്റെ സുഹൃത്തടക്കം തന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്ന് പരിഭവം പറഞ്ഞ് വിളിച്ചിരുന്നു.
ജീവിതത്തിൽ വിവാഹം ഇനി ഉണ്ടാകുമോയെന്ന് ചോദിച്ചാൽ എന്നെ മനസിലാക്കുന്ന പിന്തുണയ്ക്കുന്ന ഒരാൾ ഉണ്ടെങ്കിൽ തീർച്ചയായും നോക്കും. മകന് അതിലൊരു പ്രശ്നമൊന്നുമില്ല. ഇനി ജാതകമൊന്നും നോക്കില്ല.
സിനിമയിലേക്ക് കാസ്റ്റിങ് കോളിന്റെ സമയത്തൊക്കെ വയസ് കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ പ്രശ്നമില്ല. 30 വയസ് കഴിഞ്ഞ് ആണുങ്ങൾ പെണ്ണ് കെട്ടിയില്ലെങ്കിൽ എന്തുകൊണ്ട് ഇവന് പെണ്ണ് കിട്ടുന്നില്ല എന്നും ആൾക്കാർക്കിടയിലെ പരിഹാസവുമൊക്കെയാണ്. നല്ല ജോലിയും സ്ത്രീധനമൊക്കെ കൊടുത്ത് വിവാഹം കഴിപ്പിച്ചാലും നമ്മൾ പലതും കാണുകയും കേൾക്കുകയിമൊക്കെ ചെയ്യുന്നില്ലേ. കല്ല്യാണം കഴിക്കാതെ ഇരിക്കുമ്പോൾ പല തരത്തിലുള്ള പരിഹാസങ്ങളും നേരിടേണ്ടി വരുന്നത് കേട്ടിട്ടുണ്ട്.
30 വയസ് വരെയൊക്കെ ആണുങ്ങൾക്ക് പെണ്ണ് കാണാനെങ്കിലും കിട്ടും. കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. ഗവൺമെന്റ് ജോലിയൊക്കെ ആണ് ആളുകൾക്ക് താത്പര്യം. എന്തായാലും വിവാഹത്തെ കുറിച്ച് ഇപ്പോൾ ഞാൻ ആലോചിച്ചിട്ടല്ല. കുടുംബവും കുട്ടികളുമൊക്കെ വേണമെന്ന മനസുള്ള ആൾ തന്നെയാണ് ഞാൻ. എന്നെ മനസിലാക്കുന്നൊരാളാണ് ഞാൻ', ചിത്ര നായർ പറഞ്ഞു.












Click it and Unblock the Notifications