സ്റ്റാർ മാജിക് നിർത്താന്‍ കാരണം സാജു നവോദയയോ? യാഥാർത്ഥ്യം വെളിപ്പെടുത്തി ഡയാന ഹമീദ്
കടുത്ത വിമർശനങ്ങള്‍ നേരിടുമ്പോഴും വലിയൊരു വിഭാഗം മലയാളം ടിവി പ്രേക്ഷകരുടേയും ഇഷ്ടപ്പെട്ട പരിപാടിയായിരുന്നു ഫ്ലവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്. മലയാളത്തിലെ പ്രമുഖ മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും അണിനിരന്ന സ്റ്റാർ മാജിക് വേദി വീടകങ്ങളില്‍ ചിരിപടർത്തി. സീരിയലില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത പല താരങ്ങളുടേയും ജനപ്രീതി വർധിപ്പിക്കാനും സ്റ്റാർമാജിക്കിലൂടെ സാധിച്ചു.
സ്റ്റാർ മാജിക്കിലൂടെ താരങ്ങളായവരും അതിലൂടെ ഒരു സ്ഥിരവരുമാനം കണ്ടെത്തിയവരുമുണ്ട്. കോവിഡ് കാലത്തുള്‍പ്പെടെ സ്റ്റാർമാജിക് എങ്ങനെ തങ്ങള്‍ക്ക് സഹായകരമായെന്ന് തുറന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ നേരത്തെ മുന്നോട്ട് വന്നിരുന്നു. വർഷങ്ങളായി വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഷോ അടുത്തിടെ അപ്രതീക്ഷിതമായി അവസാനിപ്പിച്ചത് ഏവരേയും അമ്പരിപ്പിച്ചു.

എന്തുകൊണ്ടാണ് സ്റ്റാർ മാജിക് അവസാനിപ്പിക്കുന്നതെന്ന് ചാനല്‍ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ തന്നെ ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും ശക്തമാണ്. സ്റ്റാർ മാജിക്കിന്റെ ഭാഗമായിരുന്ന നടനും മിമിക്രി താരവുമായിരുന്ന സാജു നവോദയ ലക്ഷ്മി നക്ഷത്ര-കൊല്ലം സുധി വിഷയത്തില്‍ നടത്തിയ പരാമർശങ്ങളാണ് ഷോ അവസാനിപ്പിച്ചതിലേക്ക് നയിച്ചതെന്ന തരത്തിലുള്ള പ്രചരണവും ശക്തമാണ്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് നടിയും സ്റ്റാര്‍ മാജിക് താരവുമായ ഡയാന ഹമീദ് രംഗത്ത് വന്നിരിക്കുകയാണ്.
സാജു നവോദയ നടത്തിയ പരാമർശങ്ങളാണ് സ്റ്റാർമാജിക് അവസാനിപ്പിക്കാനുള്ള കാരണമെന്ന പ്രചരണത്തെ പൂർണ്ണമായും തള്ളുകയാണ് ഡയാന ഹമീദ്. അതൊക്കെ ആളുകള്‍ ചുമ്മാ പറയുന്നതാണെന്നും താരം വ്യക്തമാക്കി. തന്റെ പുതിയ സിനിമയായ ഒരുമ്പെട്ടവന്റെ പ്രൊമോഷന്റെ ഭാഗമായി വണ്‍ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാഫർ ഇടുക്കിക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡയാന ഹമീദ്.
' സ്റ്റാർമാജിക് നിർത്താനുള്ള തീരുമാനം ചാനലിന്റേതാണ്. ഏകദേശം എഴ് വര്‍ഷത്തോളം ആ പരിപാടി മികച്ച രീതിയില്‍ മുന്നോട്ട് പോയി. ആ പരിപാടി പല തരത്തിലുള്ള വിനോദവും ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനി പുതിയ തരത്തിലുള്ള എന്തെങ്കിലുമായിരിക്കും അവര്‍ പ്ലാന്‍ ചെയ്യുന്നത്. എല്ലാം ചാനലിന്റേയും ഷോ ഡയറക്ടറുടേയും തീരുമാനമാണ്. അവര്‍ അങ്ങനെ ഒരു നിലപാട് എടുത്തതായിരിക്കും.' ഡയാന ഹമീദ് വ്യക്തമാക്കി.
സ്റ്റാര്‍ മാജിക്ക് നിർത്തിയത് പുതിയ രൂപത്തില്‍ വരാനായിരിക്കുമെന്ന് ജാഫർ ഇടുക്കിയും അഭിപ്രായപ്പെട്ടു. 'ഞാനും മണിയന്‍പിള്ള രാജു ചേട്ടനുമൊക്ക അഭിനയിച്ചു കൊണ്ടിരുന്നൊരു പരമ്പരയുണ്ടായിരുന്നു. 20-25 കൊല്ലം മുമ്പത്തെ കഥയാണ്. കുറേക്കാലം ഓടിയതാണ്. ഒരു കാലഘട്ടം കഴിഞ്ഞപ്പോഴേക്കും അതേ പേരിനോട് സാമ്യം തോന്നുന്ന വേറെ സീരിയലൊക്കെ വന്നു. അതുപോലെ സ്റ്റാര്‍ മാജിക്കും ഒന്നു പുതുക്കാനാണെങ്കിലോ? അല്ലാതെ ഈ പറയുന്നതൊക്കെ ചുമ്മാ പറയുന്നതാണ്' ജാഫർ ഇടുക്കി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications