'കലാഭവൻ മണിയെ കറുമ്പനെന്ന് വിളിച്ചോ?', ആ സത്യം എനിക്ക് അറിയാം; തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി
കൊച്ചി: മലയാള സിനിമയിലെ ഒരു നായിക മുൻപ് കലാഭവൻ മണിയെ അദ്ദേഹത്തിന്റെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് നടി ദിവ്യ ഉണ്ണിയാണെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതിൻറെ പേരിൽ വർഷങ്ങളായി താരത്തിനെതിരെ കടുത്ത സൈബർ ആക്രമണവും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രചരങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. എൻടിവി യുഎഇ എന്ന ചാനലിനോടാണ് പ്രതികരണം. താരത്തിന്റെ പ്രതികരണത്തിലൂടെ
'സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷൻ പോലെയാകും. നമ്മുടെ ഒരു ഭാഗം പറയുന്നതുപോലെയാകും. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താൽപര്യപ്പെടുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്. ആദ്യ സിനിമ തൊട്ട് എത്രയോ സിനിമ ഒരുമിച്ച് ചെയ്തതാണ്.

ഇക്കാര്യത്തോട് പ്രതികരിക്കുന്നത് തന്നെ അനാദരവാകുമെന്നാണ് തോന്നുന്നത്. ആ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയുകയാണ്. എനിക്കറിയാം അതിന്റെ സത്യാവസ്ഥ. ഈ തെറ്റായ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല, സമയവും അർഹിക്കുന്നില്ല. ഞാൻ കമന്റുകൾ വായിക്കാറില്ല. കമന്റുകൾ മാത്രമാണ് വായിക്കാറുള്ളത്. നമ്മൾ അവരെക്കുറിച്ച് സംസാരിക്കുമ്പോഴും നമ്മൾ അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും പോലെയായിപ്പോകും', ദിവ്യ ഉണ്ണി പറഞ്ഞു.
അതേസമയം സിനിമയിലേക്ക് രണ്ടാം വരവിന് തയ്യാറെടുക്കുകയാണോ ദിവ്യ എന്ന ചോദ്യത്തിനും താരം പ്രതികരിച്ചു. 'ഇപ്പോൾ നൃത്തവുമായി മുന്നോട്ട് പോകുകയാണ് ഞാൻ. സിനിമകളുടെ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. ഒരു പക്ഷേ ഒരു പ്രൊജക്ട് ചെയ്തേക്കാം. അതിനെ കുറിച്ച് പ്രതികരിക്കേണ്ട സമയം ആയിട്ടില്ല. ഇപ്പോഴത്തെ പല സിനിമകളും കാണുമ്പോൾ എക്സൈറ്റഡ് ആകാറുണ്ട്.സംവിധാനം എന്റെ ചിന്തയിൽ ഒരിക്കൽ പോലും വന്നിട്ടില്ല. പ്രോംപ്റ്റിങ്ങ് ഒക്കെ ചെയ്യാൻ ഒക്കെ അന്ന് ഇഷ്ടമായിരുന്നു. എല്ലാ മേഖകളും അന്നൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. ഫോക്കസ് എന്നത് അഭിനയവും നൃത്തവുമൊക്കെയാണ്. സംവിധാനമൊക്കെ വലിയ ആളുകൾക്ക് ഉള്ളതാണ്', ദിവ്യ പറഞ്ഞു.
മലയാള സിനിമയിൽ തിളങ്ങി നിന്ന ദിവ്യ വിവാഹശേഷം അഭിനയം വിട്ടിരുന്നു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണവർ. സ്വന്തമായി നൃത്തസ്കൂളും അവർ നടത്തിന്നുണ്ട്. നൃത്ത വേദികളിലും ദിവ്യ സജീവമാണ്.












Click it and Unblock the Notifications