'25 വർഷം നീണ്ട ബന്ധം അവസാനിപ്പിക്കുന്നു, എന്നെ വഞ്ചിച്ചയാളെ അവർ സഹായിക്കുന്നു'; ബിജെപി വിട്ട് ഗൗതമി
ചെന്നൈ: ബിജെപി വിട്ട് നടി ഗൗതമി. 25 വർഷം നീണ്ട ബിജെപി ബന്ധം താൻ അവസാനിപ്പിക്കുകയാണെന്ന് നടി അറിയിച്ചു. തന്നെ വഞ്ചിയാളെ പാർട്ടി നേതാക്കൾ സഹായിക്കുന്നതിനാലാണ് തീരുമാനമെന്ന് നടി പറഞ്ഞു.
'പാർട്ടിയിൽ നിന്നോ നേതാക്കളിൽ നിന്നോ എനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് മാത്രമല്ല എന്നോട് വിശ്വാസ വഞ്ചന കാണിക്കുകയും എന്റെ ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്ത വ്യക്തിയെ പാർട്ടി നേതാക്കളിൽ ചിലർ സഹായിക്കുന്നതായി ഞാൻ മനസിലാക്കുകയും ചെയ്തു', നടി വ്യക്തമാക്കി.

'25 വർഷം മുമ്പാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും, പാർട്ടിയിലെ എന്റെ പ്രവർത്തനങ്ങളിൽ എനിക്ക് അഭിമാനമുണ്ട്. ഇന്നേവരെ എന്റെ ജീവിതം സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകളിലൂടെയാണ് കടന്ന് പോയത്. വളരെ അധികം ഹൃദയ വേദനയോട് കൂടിയാണ് ഞാൻ ബിജെപി വിടാൻ തീരുമാനിച്ചത്', നടി പറഞ്ഞു. ബി ജെ പി നേതാവ് സി അളഗപ്പനെതിരെ ഗൗതി നേരത്തേ രംഗത്തെത്തിയിരുന്നു. തന്റെ സ്വത്തും രേഖകളും കബിളിപ്പിച്ചെന്ന് ആരോപിച്ച് ഗൗതമി അളഗപ്പനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
'ഞാൻ 17 വയസ്സ് മുതൽ ജോലി ചെയ്യുന്നുണ്ട്. 37 വർഷമായി സിനിമ, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളിൽ ഉണ്ട്. ഈ പ്രായത്തിൽ സാമ്പത്തികമായി സുരക്ഷിതരായിരിക്കാനും എന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനുമായി ഞാൻ ജീവിതകാലം മുഴുവൻ ജോലി ചെയ്തിട്ടുണ്ട്. ഞാനും എന്റെ മകളും സുരക്ഷിതമായി കഴിയുമ്പോഴാണ് അഴഗപ്പൻ എന്റെ പണവും സ്വത്തും രേഖകളും ചതിച്ചത് കൈവശപ്പെടുത്തിയത്', നടി ആരോപിച്ചു.
'20 കൊല്ലം മുന്‍പ് ഏകന്തതയും, സുരക്ഷയില്ലായ്മയും അനുഭവിക്കുന്ന കാലത്താണ് അയാള്‍ എന്നെ സമീപിച്ചത്. അക്കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ടൊരു സ്ത്രീ മാത്രമായിരുന്നില്ല ഞാൻ മറിച്ച് ഒരു കൈകുഞ്ഞിന്‍റെ അമ്മ കൂടിയായിരുന്നു. എന്നെ കരുതലോടെ നോക്കുന്ന എന്‍റെ രക്ഷിതാവ് എന്ന നിലയില്‍ അയാള്‍ എന്‍റെ ജീവിതത്തിലും കുടുംബത്തിലും കയറിക്കൂടുകയായിരുന്നു. 20 വർഷം മുമ്പ് ഈ സാഹചര്യത്തിലാണ് എന്‍റെ സ്വത്തുക്കളും സ്ഥാപനങ്ങളും അദ്ദേഹത്തെ ഞാന്‍ ഏല്‍പ്പിച്ചത്. എന്നാൽ ഈയിടെയാണ് അയാൾ എന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്', കത്തിൽ ഗൗതമി പറഞ്ഞു.
'2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി തനിക്ക് രാജപാളയം സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം തന്നെ ഒഴിവാക്കി. അവസരം നൽകാതിരുന്നിട്ടും ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. എന്നിട്ടും തന്നെ വഞ്ചിച്ചയാൾക്കൊപ്പമാണ് പാർട്ടി നിന്നത്', അവർ പറഞ്ഞു.












Click it and Unblock the Notifications