ബിഗ് ബോസ് മലയാളം സീസൺ 6 കസറുമോ? ഗായത്രി സുരേഷ് ഉണ്ടാകും?; ഗായത്രിയുടെ മറുപടി, 'പേടിയില്ല'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ന് ഉടൻ തന്നെ തുടക്കമാകും. ഇത്തവണ കടുത്ത മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കുന്ന ശക്തരായ മത്സരാർത്ഥികളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. മികച്ച താരങ്ങളെ കണ്ടെത്താനുള്ള ഓഡിഷനും ആരംഭിച്ചിട്ടുണ്ട്.
നിരവധി പേരുടെ പ്രെഡിക്ഷൻ ലിസ്റ്റുകൾ ഇപ്പോൾ തന്നെ പുറത്തുവന്നിട്ടുണ്ട്. നടി ഗായത്രി സുരേഷിന്റെ പേരും ചില പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഗായത്രി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ബിഗ് ബോസ് എന്ന ഷോയോടുള്ള ഇഷ്ടത്തെ കുറിച്ചും, തന്റെ ടോപ് 5 ആരെന്നുമൊക്കെ ഗായത്രി പറയുന്നു.

'ബിഗ് ബോസ് എനിക്ക് വലിയൊരു ഇഷ്ടമുള്ള പരിപാടിയാണ്. വീട്ടിൽ അമ്മയും ഞാനും സഹോദരിയും ബിഗ് ബോസിനെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ഇതുവരെയുള്ള സീസണുകളിൽ പേളി, സാബു ചേട്ടൻ, രഞ്ജിനി ഹരിദാസ്, ദിൽഷ, അഖിൽ മാരാർ, റോബിൻ,ഋതു,ബ്ലെസ്ലി, റിയാസ് എന്നിവരെയൊക്കെ ഇഷ്ടമാണ്. ബിഗ് ബോസിലേക്ക് എന്നെ പലപ്പോഴും ക്ഷണിച്ചിട്ടുണ്ട്.
അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ്, കിടിലം ഫിറോസ്, ദിൽഷ ആൻറ് പേളി എന്നിവരാണ് എന്റെ ടോപ് ഫൈവ്', ഗായത്രി പറഞ്ഞു.
സീസൺ 6 ൽ ആരെയൊക്കെ കാണണമെന്നാണ് കരുതുന്നതെന്ന ചോദ്യത്തിന് അശ്വന്ത് കോക്ക്, ഗ്ലാമി ഗംഗ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെയൊക്കെ കാണണം എന്നാണ് ആഗ്രഹം എന്നായിരുന്നു മറുപടി. ബിഗ് ബോസ് എന്നത് കണ്ടന്റ് ഓറിയന്റഡ് ആണ്. കണ്ടന്റ് ഉണ്ടാക്കാൻ പറ്റുന്നയാളാണ് അശ്വന്ത് കോക്ക് എന്നാണ് തോന്നിയത്. ഗ്ലാമി ഗംഗ വളരെ റിയൽ ആയിട്ടുള്ള ആളായി തോന്നിയിട്ടുണ്ട്.
എന്തുകൊണ്ടാണ് ബിഗ് ബോസിൽ പോകാതിരിക്കുന്നത് എന്ന ചോദ്യത്തിന് വിളി വരുമ്പോഴൊക്കെ അടുത്ത തവണയാകാം എന്നതായിരുന്നു ചിന്തയെന്ന് ഗായത്രി പറയുന്നു. 'പോവാതിരിക്കാൻ പറ്റില്ല എന്ന അവസ്ഥ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉണ്ടാകും. ഇപ്പോൾ സിനിമയിൽ ആണ് ശ്രദ്ധ. അതിനിടയിൽ മൂന്ന് മാസം അവിടെ പോയി നിൽക്കണോയെന്നതൊക്കെയാണ് ചിന്ത. ബിഗ് ബോസിലൊക്കെ പോയാൽ ട്രോൾ ചെയ്യപ്പെടുമെന്ന പേടിയില്ല. നമ്മൾ നമ്മുടെ ഭാഗം കൃത്യമായി ചെയ്യുക. അങ്ങനെ വിചാരിച്ചാൽ പിന്നെ പ്രശ്നമില്ലല്ലോ', നടി വ്യക്തമാക്കി.












Click it and Unblock the Notifications