'എന്റെ പെന്നോ, എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ആക്രമിക്കുന്നു; ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്'; കൃഷ്ണപ്രഭ
കൊച്ചി: ഗായിക കെ എസ് ചിത്രയെ പിന്തുണച്ച് നടി കൃഷ്ണ പ്രഭ. ചിത്ര ചെയ്ത തെറ്റെന്താണെന്നും രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ ചിത്ര ചേച്ചിയെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലെന്ന് നടി പറയുന്നു. ചിത്രയ്ക്ക് അവർ അവർ വിശ്വസിക്കുന്ന മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും ഈ രാജ്യത്ത് അവകാശം ഉണ്ടെന്നും കൃഷ്ണ പ്രഭ കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വായിക്കാം
ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവർ വിശ്വസിക്കുന്ന മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്!

രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ ചിത്ര ചേച്ചിയെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. വിമർശിക്കാം.. അതിന് നിങ്ങൾക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓർക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാൽ, പിന്നെ എന്റെ പൊന്നോ
തീർത്തും മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകൾ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ വിഷയത്തിൽ ഞാൻ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം', കൃഷ്ണ പ്രഭ പോസ്റ്റിൽ വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നായിരുന്നു ചിത്ര വീഡിയോയിലൂടെ പറഞ്ഞത്. ഇത് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കുമായിരുന്നു വഴിവെച്ചത്. ഗായകൻ സൂരജ് സന്തോഷ് അടക്കമുള്ളവർ ചിത്രയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന മറന്നുകൊണ്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സൂരജ് കുറിച്ചത്. അതേസമയം ചിത്രയെ വിമർശിച്ചതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ് സൂരജിനെതിരെ നടക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്ന് സൂരജ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications