അറേഞ്ച്ഡ് മാരേജോ? ലെനയുടെ മറുപടി..'ഇപ്പോൾ നടക്കുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ'
കൊച്ചി: കഴിഞ്ഞ ദിവസമാണ് ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകുന്ന മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ തന്റെ ഭർത്താവാണെന്ന വിവരം ലെന പങ്കിട്ടത്. നടി തന്നെയായിരുന്നു വിവാഹ വിവരം പങ്കുവെച്ചത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ വിവരം എന്തുകൊണ്ടാണ് രഹസ്യമാക്കി വെച്ചതെന്ന് പറയുകയാണ് നടി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ലെന വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു മലയാളികളെ ഞെട്ടിച്ച് കൊണ്ട് ലെനയും ആ വാർത്ത പങ്കിട്ടത്. ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നാണ് പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് നടി പറഞ്ഞത്.

കഴിഞ്ഞ ജനുവരി 17 നാണ് പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്തും ലെനയും വിവാഹിതരായത്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ദൗത്യത്തിന്റെ ഭാഗമായതിനാലാണ് വിവാഹ വാർത്ത പുറത്തുവിടാതിരുന്നതെന്ന് ലെന പറയുന്നു. രാജ്യത്തിന്റെ അഭിമാന ദൗത്യത്തിൽ അദ്ദേഹത്തിനു ഭാഗമാകാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ ഇപ്പോൾ നടക്കുന്നതെന്നും ലെന പറഞ്ഞു. തങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആണെന്നും ലെന വ്യക്തമാക്കി.
ഇപ്പോൾ താൻ കൊച്ചിയിലല്ല ജീവിക്കുന്നത്. തന്റെ ബുക്കിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് വിവാഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും നടി വ്യക്തമാക്കി.
ലെനയുടേത് രണ്ടാം വിവാഹമാണ്. 2004 ൽ അഭിലാഷ് കുമാർ എന്ന തന്റെ ബാല്യകാല സുഹൃത്തിനെയായിരുന്നു ലെന വിവിാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാൽ തിരിച്ചറിവെത്തുന്നതിന് മുൻപ് തുടങ്ങിയ പ്രണയ ബന്ധം വിവാഹത്തിലേക്ക് കടന്നപ്പോൾ പക്ഷേ അത് അധികാലം നീണ്ടും നിന്നില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു.
'കുറേക്കാലം സന്തോഷമായി ജീവിച്ചതിന് ശേഷം ഞങ്ങൾ പറഞ്ഞു, 'ആറാം ക്ലാസ് മുതൽ ഞാൻ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ, ഞാനും കാണട്ടെ' എന്ന്. അങ്ങനെ തമ്മിൽ പറഞ്ഞ് ഞങ്ങൾ വേർപിരിഞ്ഞു. ഞങ്ങൾ വളരെ സൗഹൃദപൂർവമാണ് പിരിഞ്ഞത്. ഒരുപക്ഷേ ഇങ്ങനെ സൗഹൃദം സൂക്ഷിച്ച് കൊണ്ട് വേർപിരിഞ്ഞ മറ്റൊരു ദമ്പതിമാരും വേറെ കാണില്ല',എന്നായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ ലെന പറഞ്ഞത്.












Click it and Unblock the Notifications