എന്തുകൊണ്ട് രോഗാവസ്ഥ തുറന്ന് പറഞ്ഞു: കരഞ്ഞ് കരഞ്ഞ് കണ്ണുകൾ ബൾബ് പോലെയായിരുന്നുവെന്നും ലിയോണ ലിഷോയി
തന്നെ ബാധിച്ച എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയെക്കുറിച്ച് പ്രേക്ഷകരോട് തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് നടി ലിയോണ ലിഷോയി. ഏതാനും വർഷങ്ങളായി തന്നെ ഈ അസുഖം പിന്തുടരുന്നുണ്ടായിരുന്നുവെന്നും ചികിത്സ തേടിയപ്പോള്‍ വലിയ പുരോഗതിയുണ്ടായതും താരം അന്ന് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് പ്രേക്ഷകരോട് തുറന്ന് പറഞ്ഞതെന്ന് വ്യക്തമാക്കുകയാണ് ലിയോ.
ഇത്തരം ഒരു രോഗാവസ്ഥയിലൂടെ കടന്ന് പോയപ്പോഴാണ് അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നത്. എത്രയോ സ്ത്രീകള്‍ സമാനമായ രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നവരുണ്ട്. വളരെ അധികം വേദനാജനകമാണ് ആ അവസ്ഥ. ഓരോ ദിവസവും നരകത്തിന് തുല്യം എന്ന് പറയുന്നത് പോലെയാണ്. രാവിലെ എഴുന്നേല്‍ക്കണ്ട എന്നൊക്കെ തോന്നിപ്പോകും, അത്രയും വേദനയാണെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ലിയോണ പറയുന്നു.

വേദനയോടൊപ്പം തന്നെ മാനസികമായ ബുദ്ധിമുട്ടുകളും ഉണ്ടാകും. പീരിയഡ്സിന്റെ വേദനയാണ് ഈ രോഗാവസ്ഥയുടെ സാധാരണമായ ലക്ഷണം. എല്ലാവർക്കും പെയിന്‍ ഉണ്ടാകും എന്ന ഒരു തെറ്റിധാരണയുണ്ട്. നിനക്ക് മാത്രം എന്താണ് ഇത്ര പെയിന്‍ എന്ന് ചിലപ്പോള്‍ ആളുകള്‍ ചോദിക്കും. അത് അറിയാത്തതുകൊണ്ടാണ്. എന്റെ അമ്മ തന്നെ എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. എല്ലാ അമ്മാരും അങ്ങനെ പറയും.
ഞാന്‍ ഇത് അനുഭവിച്ചപ്പോഴാണ് അതേക്കുറിച്ച് പറയണമെന്ന് തോന്നിയത്. കുറച്ച് ആളുകള്‍ക്കെങ്കിലും അക്കാര്യത്തില്‍ അറിവുണ്ടാകുമല്ലോ? ആദ്യം തന്നെ പരിശോധന നടത്തണമെന്നാണ് പറയാനുള്ളത്. ആ അസുഖത്തോടെ ജീവിത ശൈലി മൊത്തത്തില്‍ മാറ്റിയിട്ടുണ്ട്. ചികിത്സയുടെ സമയത്ത് ചോറും പരിപ്പുമായിരുന്നു പ്രധാന ഭക്ഷണം. പുറത്ത് നിന്നുള്ള ഭക്ഷണം ഒരു തരത്തില്‍ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും ലിയോണ പറയുന്നു.
ഹോർമോണ്‍ ഗുളിഗകള്‍ കഴിച്ച് തുടങ്ങിയ സമയത്ത് മാനസികമായി വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ചില ദിവസം ഈ ദിവസം എന്താണ് തീരാത്തത് എന്നാലോചിക്കും. 12 മാൻ എന്ന സിനിമയ്ക്കിടെ എല്ലാവരിൽ നിന്നും മാറി നില്‍ക്കുകയൊക്കെ ചെയ്തു. അതായത് എനിക്ക് അവരോടൊപ്പം കൂടാന്‍ പറ്റാത്ത അവസ്ഥ.
ജിത്തു ജോസഫ് സാർ എന്താണ് പ്രശ്നമെന്ന് ചോദിച്ച് വന്നിട്ടുണ്ട്. ഷൂട്ടില്ലാത്ത ഒരു ദിവസം റൂമിൽ തന്നെയായിരുന്നു. ഇടുക്കിയിലെ റിസോർട്ടാണ്, ഇറങ്ങി നടക്കാന്‍ കുറേ സ്ഥലമുണ്ട്. എന്നാല്‍ പുറത്ത് ഇറങ്ങിയില്ല ജിത്തു സാറുടെ കോട്ടേജ് എന്റെ റൂമിന് അടുത്തായിരുന്നു. എന്നെ പുറത്തേക്കൊന്നും കാണാത്തപ്പോൾ അദ്ദേഹം വൈകീട്ട് മുറിയിൽ തട്ടി. കരഞ്ഞ് എന്റെ കണ്ണുകൾ ബൾബ് പോലെയാണുള്ളത്. ഡോർ തുറന്നപ്പോൾ എന്ത് പറ്റിയെന്ന് ചോദിച്ചു. 'എന്താണ് റൂമില്‍ തന്നെ ഇരിക്കുന്നത്, പുറത്തേക്ക് ഇറങ്ങി വാ എന്നൊക്കെ പറഞ്ഞു. ജിത്തു സാർ പറഞ്ഞതുകൊണ്ട് അപ്പോള്‍ കുളിച്ച് പുറത്തേക്ക് ഇറങ്ങിയെന്നും താരം പറയുന്നു.












Click it and Unblock the Notifications