'പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ ..അതെ ചിലപ്പോൾ ഞാൻ മണ്ടിയായിരിക്കാം,പക്ഷേ പേര് മാറ്റില്ല'; മഹിമ നമ്പ്യാർ
അടുത്തിടെ തന്റെ പേരിൽ ജാതി പേര് ചേർത്തത് സംബന്ധിച്ച് നടി മഹിമ നമ്പ്യാർ നൽകിയ വിശദീകരണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പേരിൽ ഒരു വാലുണ്ടെങ്കിൽ കരിയറിന് ഒരു ഗ്രോത്തൊക്കെയുണ്ടാകും അങ്ങനെയാണ് മഹിമ നമ്പ്യാർ എന്ന പേര് ചേർത്തത്, അല്ലാതെ ഇതിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
രണ്ട് പേര് ചേർക്കുമ്പോൾ കൃത്യമായി ജാതി പേര് തന്നെ തിരഞ്ഞെടുത്ത് അതിന് ജാതിയുമായി ബന്ധമില്ലെന്ന് പറയുന്നത് വൃത്തികേടാണെന്നും ഇത്തരത്തിലുള്ള നിഷ്കളങ്കരാണ് യഥാർത്ഥത്തിൽ ജാതി ചിന്തകൾ പരത്തുന്നതെന്നുമായിരുന്നു ചിലർ ചൂണ്ടിക്കാട്ടിയത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച വിവാദാത്തിൽ പ്രതികരിക്കുകയാണ് താരം. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ ആണ്. വിവാദമാക്കുന്നവരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോയെന്ന് അറിയില്ല. എന്നോട് ചോദിച്ച ചോദ്യം പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ്. ഞാൻ കൃത്യമായി പറയുന്നുണ്ട് ന്യൂമറോളജി നോക്കിയിട്ട് ഈ അക്ഷരമാണ് എനിക്ക് ചേരുന്നത്. പേരിനൊരു വാൽ എന്നത് ന്യൂമറോളജിക്കലി എന്നാണ് ഞാൻ പറഞ്ഞത്. എന്റെ ജാതിപ്പേര് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. വാർത്ത വന്നപ്പോൾ ന്യൂമറോളജിയെ കുറിച്ച് പറഞ്ഞതും രണ്ട് പേര് വേണമെന്ന് പറഞ്ഞതുമൊക്കെ പോയി. അവസാനം വന്നത്
പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ഉണ്ടാകും, അതിനാണ് മഹിമ നമ്പ്യാർ എന്നു ചേർത്തത് എന്നാണ്. ഞാൻ എടുത്ത് പറയുന്നുണ്ട്. എന്റെ മുത്തച്ഛന്റെ സർ നെയം ചേർത്തതാണ്, അല്ലാതെ അതിന് ജാതിയും മതവുമായി ബന്ധമില്ലെന്ന്. മഹിമ എന്ന പേര് പോലും ഞാൻ ഇട്ട പേരല്ല. എന്റെ ശരിക്കും പേര് ഗോപിക എന്നാണ്.
എന്നെ വ്യക്തിപരമായി അറിയുന്നവർക്ക് അറിയാം, ജാതി, മതം എന്നിവ നോക്കി നോക്കി ആളുകളോട് ഇടപെടുന്ന ആളല്ല ഞാൻ. ന്യൂമറോളജി നോക്കി രണ്ട് പേര് വേണമെന്നു പറയുന്നത് മണ്ടത്തരമാണെന്നാണ് ആളുകൾ പറയുന്നതെങ്കിൽ ചിലപ്പോൾ ആയിരിക്കാം. ന്യൂമറോളജി നോക്കി രണ്ടു പേര് വേണം എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.
നമ്മൾ ഇന്നു ജീവിക്കുന്ന സമൂഹത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കാൻ പാടുണ്ടോയെന്ന കമന്റ്സൊക്കെ കണ്ടു. മണ്ടത്തരമാണെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ ഒരു പക്ഷേ ഞാൻ മണ്ടിയായിരിക്കാം അല്ലെങ്കിൽ എനിക്കു പേരിട്ട എന്റെ പേരന്റ്സ് മണ്ടൻമാരായിരിക്കാം. എനിക്ക് ആ പേരിട്ട സംവിധായകൻ മണ്ടനായിരിക്കാം. എന്റെ പേര് അങ്ങനെയാണ്. എനിക്ക് ആ പേര് മാറ്റാനും താത്പര്യമില്ല'.












Click it and Unblock the Notifications