രണ്ട് ചെറിയ ഗുളികയില്‍ തീരുന്ന പ്രശ്നമായിരുന്നു: പക്ഷെ അത് ഇപ്പോള്‍ ഇത്ര വലിയ അസുഖമായി: മഞ്ജു പത്രോസ്
അടുത്തിടെ നടന്ന ഗർഭപാത്രം നീക്കിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് പ്രേക്ഷകരോട് തുറന്ന് പറഞ്ഞ് നടി മഞ്ജു പത്രോസ്. ഗർഭപാത്രത്തോടൊപ്പം തന്നെ ഓവറിയും എടുത്തു കളഞ്ഞു. ചെറിയൊരു മരുന്നുകൊണ്ട് തീരേണ്ട വിഷയമാണ് ഇത്രത്തോളം വലുതായത്. നേരത്തെ തന്നെ മറ്റൊരു പരിശോധന നടത്തിയപ്പോള്‍ കുറച്ച് സിസ്റ്റ് കണ്ടെത്തുകയും അതിനുള്ള മരുന്ന് തരികയും ചെയ്തിരുന്നു. എന്നാല്‍ അത് ഞാന്‍ കൃത്യമായി കഴിക്കാത്തതുകൊണ്ട് കൊണ്ട് സംഭവിച്ച കാര്യമാണ് ഇതെല്ലാമെന്നും മഞ്ജു പത്രോസ് പറയുന്നു.
പല ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തന്നിട്ടും അതും ശ്രദ്ധിച്ചില്ല. നമ്മളില്‍ പലരും കരുതുന്നത് ഈ അസുഖങ്ങളൊന്നും നമുക്ക് വരില്ലെന്നാണ്. 35-40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ വർഷത്തില്‍ ഒരിക്കലെങ്കിലും സ്കാന്‍ ചെയ്ത് ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നത് നല്ലതാണെന്നും താരം വ്യക്തമാക്കുന്നു. ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം.

ചെറിയ രണ്ട് ഗുളികകള്‍ കൃത്യമായി കഴിച്ചാല്‍ തീരാവുന്ന അസുഖമേ എനിക്ക് ഉണ്ടായിരുന്നുള്ളു. എന്നാല്‍ നമ്മുടെ പേടി, സമയമില്ലായ്മ, വർക്കിന് പോവേണ്ട സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍കൊണ്ടെല്ലാം ഞാനായിട്ട് വരുത്തിവെച്ച അസുഖം തന്നെയാണ് ഇത്. അസുഖം ഇത്ര ഭയങ്കരമായതോടെയാണ് ഇതേക്കുറിച്ചെല്ലാമുള്ള അവബോധം എനിക്ക് ഉണ്ടായത്.
80 ശതമാനം സ്ത്രീകളിലും സിസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞാല്‍ അതിന് തയ്യാറാവണം. വേദനയുണ്ടാവും എന്ന പേടിയേ വേണ്ട. ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചത് അത് എങ്ങനെ എടുത്തുവെന്നാണ്. സാധാരണയായ ക്ഷീണം ഉണ്ട്. അതില്‍ അപ്പുറം ഒന്നുമില്ലെന്നും മഞ്ജു പത്രോസ് പറയുന്നു.
സർജറി പേടിച്ച് ഇത് വെച്ചോണ്ട് ഇരുന്നാല്‍ അത് വലിയ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് ചിലരെങ്കിലും ആലോചിക്കുന്നുണ്ടാവാം. എന്നാല്‍ എന്റെ അനുഭവം എനിക്ക് പറയണമെന്നുണ്ട്. അതുകൊണ്ട് പറയുന്നു. അല്ലാതെ ഒരു കോസ്മെറ്റിക് സർജറിക്കും പോയ വ്യക്തിയല്ല ഞാന്‍. വേറെ മാരക അസുഖവും ഒന്നുമില്ല.
ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയതുകൊണ്ട് തന്നെ ചിലർ വന്ന് വിശേഷം ഉണ്ടോയെന്ന് വരെ ചോദിച്ചിരുന്നു. തമാശകള്‍ക്ക് അപ്പുറം എന്റെ സുഹൃത്തുകളാണ് ഈ സമയത്ത് കൂടെയുണ്ടായിരുന്നത്. നന്ദി പറഞ്ഞ് തീർക്കാന്‍ പോലും പാടില്ലാത്ത നിരവധി പേരുണ്ട്. സുഖമില്ലാതാവുമ്പോള്‍ മാത്രമല്ല, ഏത് സമയത്തും ഓടി വരുന്നവരാണ് ഇവരെല്ലാമെന്നും മഞ്ജു പത്രോസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications