മഞ്ജു പിള്ളയും സുജിത് വാസുദേവും വിവാഹമോചിതരായി; ഒടുവിൽ തുറന്ന് പറഞ്ഞ് സുജിത്
നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വേർപിരിഞ്ഞു. ഇരുവരും വിവാഹമോചനം നേടിയെന്നുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ ഉയർന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുറത്തിനിടയിലാണ് സുജിത് വേർപിരിഞ്ഞ കാര്യം സ്ഥിരീകരിച്ചത്.
കുറച്ചു നാളുകൾക്ക് മുൻപ് മഞ്ജു പിള്ള തന്റെ പുതിയ ഫ്ലാറ്റിൽ ഗൃഹപ്രവേശനം നടത്തിയിരുന്നു. അന്ന് സുജിത് മഞ്ജുവിനൊപ്പം ഉണ്ടായിരുന്നില്ല. മകൾ ദിയ മാത്രമായിരുന്നു അവർക്കൊപ്പം ഉണ്ടായിരുന്നത്. ഇതോടെയാണ് വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ആദ്യം ഉയർന്നത്. ഇതിന് പിന്നാലെ സുജിത്തിന്റെ കൊച്ചിയിലെ ഫ്ലാറ്റിന്റെ പാലുകാച്ചിലിന് മഞ്ജുവിനെ കാണാതിരുന്നത് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. ഇപ്പോഴിതാ തങ്ങൾ 2020 മുതൽ വേർപിരിഞ്ഞ് കഴിയുകയാണെന്നും കഴിഞ്ഞ മാസം നിയമപരമായി വേർപിരിഞ്ഞുവെന്നുമാണ് സുജിത് വ്യക്തമാക്കിയത്.

ഭാര്യയായ മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ശേഷമുണ്ടായ പ്രകടനത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു സുജിതിനോടുള്ള ചോദ്യം. ഇതിന് ഒരു സുഹൃത്ത് എന്ന നിലയിൽ നോക്കിക്കാണുമ്പോൾ ഒരാൾ വലിയ നിലയിൽ എത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് സുജിത് മറുപടി നൽകി.ഒരു സുഹൃത്ത് എന്ന് പറയാൻ കാരണം, 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണ്. കഴിഞ്ഞ മാസം നിയമപരമായി ഇരുവരും വിവാഹമോചിതരായി എന്ന് സുജിത് വ്യക്തമാക്കി. അതേസമയം വേർപിരിഞ്ഞെങ്കിലും മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് പരസ്പരം ചര്ഡച്ച ചെയ്യാറുണ്ടെന്നും സുഹൃദ് ബന്ധം നിലനിർത്തുന്നുണ്ടെന്നും സുജിത് വ്യക്തമാക്കി.
പരസ്പരം ഇപ്പോഴും നല്ല അടുപ്പമാണ് ഉള്ളത്. തന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പിനു മഞ്ജു വഹിച്ച പങ്ക് വളരെ വലുതാണെന്നും സുജിത് അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളാണ് സുജിത്. L2 എമ്പുരാൻ ആണ് സുജിത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ പ്രൊജക്ട്. സീരിയലിൽ പ്രവർത്തിക്കുന്ന കാലത്തായിരുന്നു മഞ്ജുവും സുജിതും തമ്മിൽ സൗഹൃദത്തിലാകുന്നതും പിന്നെ വിവാഹിതരാകുന്നതും.
മഞ്ജു ഏറെ നാളുകൾ സിനിമയിലും മിനി സ്ക്രീനിലൊന്നും സജീവമായിരുന്നില്ല. ഇപ്പോൾ വൻ തിരിച്ചുവരവാണ് താരം നടത്തിയത്. ഹോം എന്ന സിനിമയിലെ മഞ്ജുവിന്റെ പ്രകടനം വലിയ പ്രശംസ നേടിയിരുന്നു. ബേസിൽ നായകനായെത്തിയ ഫാലിമിയിലെ മഞ്ജുവിന്റെ പ്രകടനവും കൈയ്യടി നേടി.












Click it and Unblock the Notifications