ഇക്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആളാണ് അങ്ങനെ ചോദിച്ചത്: വലിയ വിഷമമായെന്ന് മെറീന
സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വന്ന താരമാണ് മെറീന. ഹാപ്പി വെഡ്ഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട താരം ചങ്കസ്, എബി, വികൃതി, രണ്ട്, ട്വന്റി വണ്‍ ഗ്രാംസ്, കുറുക്കന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. കമല്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രമാണ് താരത്തിന്റേതായി അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്നത്.
ഷൈന്‍ ടോം ചാക്കോ, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഐഷു എന്ന കഥാപാത്രത്തെയാണ് മെറീന അവതരിപ്പിക്കുന്നത്. 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തെക്കുറിച്ച് കമല്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ആരെങ്കിലും തനിക്കെതിരെ പ്രവർത്തിച്ച് സിനിമയില്‍ നിന്നും മാറ്റി നിർത്തുമോയെന്ന ഭയം ഉണ്ടായിരുന്നുവെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ മെറീന പറയുന്നത്.

വലിയ ആഗ്രഹങ്ങളൊന്നുമുള്ള വ്യക്തിയല്ല ഞാന്‍. എന്നാല്‍ കമല്‍ സാർ പോലുള്ള ഒരാളുടെ സിനിമയിലേക്ക് വിളി വന്നപ്പോള്‍ വളരെ അധികം സന്തോഷിച്ചു. ചിത്രത്തെക്കുറിച്ച് എന്നോട് സംസാരിച്ചതിന് ശേഷം ഒരു മാസം കഴിഞ്ഞാണ് പടം ഷൂട്ട് ചെയ്ത് തുടങ്ങുന്നത്. അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ചിലപ്പോള്‍ സിനിമ നടക്കാതെ വരാം, കഥയില്‍ മാറ്റം വരാം. അതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും മെറീന അഭിമുഖത്തില്‍ പറയുന്നു.
ഈ സിനിമ ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. പിന്തുണയ്ക്കാന്‍ ആളുകള്‍ കുറവാണെങ്കിലും നമ്മളെ ഉപദ്രവിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. അതുകൊണ്ട് തന്നെ ആരെങ്കിലും ഈ സിനിമയിലെ എന്റെ അവസരം നഷ്ടപ്പെടുത്താന്‍ പ്രവർത്തിക്കുമോ എന്ന് അറിയില്ലാലോ. എന്നെ എന്തിനാണ് ഈ സിനിമയിൽ എടുത്തതെന്ന് ഒന്നുരണ്ടു പേര് പറഞ്ഞിട്ടുള്ളതായി ഞാൻ അറിഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ ഞാന്‍ അഭിനയിക്കുന്ന സെറ്റില്‍ മറ്റൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളർ വന്നിരുന്നു. ''മെറീന ആണോ ഇതിൽ ലീഡ്, എന്തിനാണ് ഇവരെയൊക്കെ നായികയാക്കുന്നത്'' എന്നായിരുന്നു അയാള്‍ ചോദിച്ചത്. ഞാൻ ചെയ്യുന്ന പടത്തിന്റെ കൺട്രോളർ എന്റെ സുഹൃത്തായിരുന്നു. ഏറെ വിഷമിച്ചാണ് അദ്ദേഹം ഇക്കാര്യം എന്നോട് പറഞ്ഞു.
ഞാന്‍ ഇക്ക എന്നൊക്കെ സ്നേഹത്തോടെ വിളിക്കുന്ന ആളാണ് എന്നെ എന്തിനാണ് ഈ സിനിമയില്‍ അഭിനയിപ്പിക്കുന്നതെന്ന് ചോദിച്ചത്. എന്നോടൊരു വ്യക്തിവൈരാഗ്യവും ഉണ്ടാകേണ്ട ആളല്ല. അദ്ദേഹം എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് എത്ര എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അത് കേട്ടപ്പോൾ ആദ്യം ഒരു ഷോക്ക് ആയിരുന്നു. ഓരോരുത്തരും നമ്മളോട് എങ്ങനെ പെരുമാറണമെന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയ്യില്ലാലോ. എല്ലാവരും എന്നോട് നന്നായി പെരുമാറണം എന്ന് പ്രതീക്ഷിക്കാതിരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്നു മനസ്സിലായെന്നും മെറീന കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications