'സിനിമ കണ്ടപ്പോള്‍ എനിക്കും അങ്ങനെയാണ് തോന്നിയത്..' ദൃശ്യത്തിലെ മേക്കപ്പ് വിവാദത്തില്‍ മീന
ബാലതാരമായി വന്ന് സിനിമാലോകത്ത് നായിക നിരയിലേക്ക് ഉയര്‍ന്ന അഭിനേത്രിയാണ് മീന. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മികച്ച വേഷം ചെയ്ത മീന 42 വര്‍ഷമായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്നു. ആനന്ദപുരം ഡയറീസ് ആണ് മീനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാള സിനിമയില്‍ മമ്മൂട്ടിയുടെ മകളായിട്ടും നായികയായിട്ടും അമ്മയായിട്ടും അഭിനയിച്ച ഏക നടി എന്ന പ്രത്യേകതയും മീനക്ക് മാത്രം അവകാശപ്പെട്ടത്.
മലയാള ബോക്‌സോഫീസ് കളക്ഷനില്‍ പുത്തന്‍ റെക്കോഡ് സൃഷ്ടിച്ച ദൃശ്യത്തിലെ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു. ദൃശ്യം 2 വിലും മികച്ച പ്രകടനം തന്നെയായിരുന്നു മീന നടത്തിയത്. എന്നാല്‍ ദൃശ്യം 2 ഇറങ്ങിയ സമയത്ത് മീനയുടെ മേക്കപ്പ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സാധാരണ വീട്ടമ്മയുടെ വേഷം ചെയ്യുമ്പോഴും ഓവര്‍ ലിപ്സ്റ്റിക്കും മറ്റും ധരിച്ചാണ് മീനയുടെ കഥാപാത്രം നിന്നത് എന്നതായിരുന്നു വിമര്‍ശനത്തിന് ആധാരം.

സംവിധായകന്‍ ജീത്തു ജോസഫ് ഈ വിമര്‍ശനം ശരിവെക്കുക കൂടി ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. നാട്ടിന്‍പുറത്തുകാരിയായ വീട്ടമ്മ പ്രശ്‌നങ്ങള്‍ക്കിടയിലും ഇത്രയും മേക്കപ്പ് ഇടുമോ എന്ന പ്രേക്ഷകരുടെ വിമര്‍ശനം 100 ശതമാനം ശരിയാണ് എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്. പല തവണ മീനയോട് ചില കാര്യങ്ങള്‍ പറഞ്ഞതാണ് എന്നും എന്നാല്‍ താന്‍ അത് പറഞ്ഞപ്പോള്‍ അവര്‍ അസ്വസ്ഥയായി കാണപ്പെട്ടു എന്നും ജീത്തു പറഞ്ഞിരുന്നു.
ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും ഇങ്ങനെയൊരു വിമര്‍ശനമുണ്ടായിരുന്നതിനാല്‍ രണ്ടാം ഭാഗത്തിലും ശ്രദ്ധിക്കണം എന്ന് പറഞ്ഞിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങള്‍ മീനക്കെതിരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മീനയുടെ പ്രതികരണം. മീനയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ദൃശ്യം 2 ചെയ്ത് കഴിഞ്ഞ് അത് കണ്ടപ്പോള്‍ എനിക്കും അങ്ങനെയാണ് തോന്നിയത്. യഥാര്‍ത്ഥത്തില്‍ അതൊരു ഡള്‍ ആയിട്ടുള്ള ലിപ്സ്റ്റിക്കായിരുന്നു. പക്ഷെ പടത്തില്‍ ഡിഐവെ വര്‍ക്ക് ചെയ്‌തൊക്കെ കാണുമ്പോള്‍ ലുക്കിംഗ് സോ ബ്രൈറ്റ് ആന്റ് ഗ്ലാമറസ്. ഞാന്‍ പറഞ്ഞു എന്താ സാര്‍ മേക്കപ്പ് വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ട് ഇത്ര ഗ്ലാമറായിട്ടുണ്ടല്ലോ എന്ന്. ഈ പ്രശ്‌നത്തിന് എന്താണ് ഞാന്‍ ഉത്തരം പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.
കാരണം സത്യത്തില്‍ അത്ര മേക്കപ്പ് ഒന്നും ഇല്ലായിരുന്നു. പക്ഷെ പോസ്റ്റ് പ്രൊഡക്ഷനില്‍ അവര്‍ എന്തൊക്കെയാണ് ചെയ്തത് എന്ന് എനിക്ക് അറിയില്ല. പക്ഷെ ഔട്ട്‌ലുക്ക് വളരെ ഗ്ലാമറസ് ആയിരുന്നു. മേക്കപ്പിന്റെ കാര്യത്തില്‍ മറ്റ് ഭാഷകളില്‍ അങ്ങനെ ഒന്നും പറഞ്ഞ് കേട്ടിട്ടില്ല. മലയാളത്തില്‍ തന്നെ നിങ്ങള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്'.












Click it and Unblock the Notifications