പരിപാടി നിശ്ചയിച്ചത് രാവിലെ 9 ന്, എത്തിയത് വൈകീട്ട് 3 ന്..! നയന്‍താരക്ക് വിമര്‍ശനം
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി ഫോളോവേഴ്‌സ് ഉള്ള നയന്‍താര ഫെമി 9 എന്ന ബിസിനസ് സംരംഭത്തിന്റെ സ്ഥാപക ഉടമയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ നയന്‍താര മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. സംവിധായകന്‍ വിഘ്‌നേഷ് ശിവനെയാണ് നയന്‍താര വിവാഹം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം താരത്തിന്റെ 40-ാം പിറന്നാളിനോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. നയന്‍താരയുടെ വിവാഹത്തിനൊപ്പം ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു. ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം.

ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷ് പകര്‍പ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇതിനെതിരെ രംഗത്തെത്തിയതും കേസ് ഫയല്‍ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ നയന്‍താരയും ധനുഷുമായുള്ള പ്രശ്‌നങ്ങളും കേസുകളും നടക്കുകയാണ്. ഇതിനിടയിയില്‍ ഇപ്പോഴിതാ നയന്‍താരയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉയരുകയാണ്.
തന്റെ ബിസിനസ് സംരംഭമായ ഫെമി 9 ന്റെ പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. രാവിലെ ഒമ്പത് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ആറ് മണിക്കൂറോളം വൈകി വൈകീട്ട് മൂന്ന് മണിക്കാണ് പരിപാടിക്ക് എത്തിയത്. ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് തീരേണ്ട പരിപാടി തീര്‍ന്നത് വൈകീട്ട് ആറ് മണിയോടെയായിരുന്നു.
പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കമുള്ളവരെ നയന്‍താരയും വിഘ്‌നേഷും വൈകിയെത്തിയത് ബാധിച്ചു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പരിപാടിയുടെ ചിത്രങ്ങള്‍ നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്ക് വെച്ചിരുന്നു. ഇതിന് താഴെ നിരവധി പേരാണ് നയന്‍താരയുടെ നടപടിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. വൈകി എത്തിയതിന് ക്ഷമാപണം പോലും നടത്താന്‍ നയന്‍താര തയ്യാറായില്ല എന്നതാണ് വിമര്‍ശനം. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ നയന്‍താര ഇതുവരെ തയ്യാറായിട്ടില്ല.
അന്നപൂരണിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ചിത്രം. ഇനി വരാനിരിക്കുന്നത് രക്കായി എന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സെന്തില്‍ നള്ളസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications