ഒരിക്കലും പ്രതീക്ഷിച്ചില്ല'; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി നേഹ സക്സേന, ഒന്നര വർഷത്തോളം നേരിട്ടു
കൊച്ചി: തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി നേഹ സക്സേന. താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒന്നര വർഷത്തോളമാണ് ഇത്തരം ദുരനുഭവങ്ങൾ സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്നതെന്നും അവർ വെളിപ്പെടുത്തി. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകളിലൂടെ
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവമാണ് എനിക്ക് ഇൻഡസ്ട്രിയിൽ നിന്നും നേരിടേണ്ടി വന്നത്. എനിക്ക് ആ സമയത്ത് ഹിന്ദിയും പഞ്ചാബിയും ഇംഗ്ലീഷും മാത്രമാണ് സംസാരിക്കാൻ അറിയുന്നത്. സൗത്ത് ഭാഷകൾ അറിയുമായിരുന്നില്ല. ഞാൻ ആ സമയത്തൊക്കെ പല ഓഡിഷനും കൊടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ഓഡിഷന് സെലക്ടായി. അവരെന്നോട് ചോദിച്ചത് ഈ രാത്രി ഡിന്നറിന് വരാൻ സാധിക്കുമോയെന്നാണ്.

ആ സമയത്ത് ഞാനൊരു പിജിയിലാണ് താമസം. എന്തിനാണ് ഡിന്നർ ഞാൻ ഭക്ഷണം കഴിച്ചു സാർ എന്ന് ഞാൻ പറഞ്ഞു. അത് കൊഴപ്പമില്ല, ഹോട്ടലിൽ പോയി ഡിന്നർ കഴിക്കാമെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹം പറഞ്ഞത് മനസിലായിട്ടില്ല. ഞാൻ ആ സമയത്ത് അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. അപ്പോൾ അമ്മയാണ് എന്താണ് എന്ന് ബോധ്യപ്പെടുത്തി തന്നത്. അമ്മ പറഞ്ഞു ഇനി ഇങ്ങനെയുള്ള കോൾ വരുമ്പോൾ ആദ്യം പറയേണ്ടത് നോ എന്നാണെന്നാണ്. പിന്നെ ഞാൻ ഇൻഡസ്ട്രിയെ കുറിച്ച് വിശദമായി അറിയാനും മനസിലാക്കാനും തുടങ്ങി.
അപ്പോൾ എനിക്ക് മനസിലായി ഈ കാസ്റ്റിങ് കൗച്ചിന്റെ ഒരു സാധാരണ ടേം ആണിതെന്ന്. ഇവിടെ ഇത് സാധാരണമാണെന്ന്. എന്നാൽ സിനിമയോട് താത്പര്യമുള്ള മനുഷ്യർ, അതിനെ പാഷനോടെ കാണുന്ന മനുഷ്യർ ഒരിക്കലും ഇത് ചെയ്യില്ല. എത്ര പ്രൊഡ്യൂസേഴ്സ്, ഡയറക്ടേഴ്സ്, വലിയ നടൻമാർ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. എനിക്കൊരു ദുരനുഭവവും ഉണ്ടായിട്ടില്ല. കാരണം അവരൊക്കെ സിനിമയോട് പാഷനുള്ളവരാണ്. എന്നാൽ ഇവർക്ക് പാഷൻ മറ്റൊന്നിനോടാണ്.
ഏകദേശം ഒന്നര വർഷത്തോളം ഈ പ്രശ്നം ഉണ്ടായിരുന്നു. എനിക്ക് ശരിക്കും മടുപ്പായി പോയി, ഫാഷൻ ഇൻഡസ്ട്രി മതിയെനിക്ക് സിനിമ വേണ്ടെന്ന് പറഞ്ഞു. മാത്രമല്ല ജോലിയും ഞാൻ ചെയ്യുന്നുണ്ട്. അങ്ങനെ മോഡലിങ് ഞാൻ കൂടുതൽ ചെയ്ത് തുടങ്ങി. അങ്ങനെയൊരു ഷോയിൽ അസുരാജ് ശേഖർ എന്ന് പറഞ്ഞ ഡയറക്ടർ എന്നെ കണ്ടു. അദ്ദേഹം അദ്ദേഹത്തിന്റെ 100ാമത്തെ സിനിമ ചെയ്യാനൊരുങ്ങുകയായിരുന്നു. റിക്ഷാ ഡ്രൈവർ എന്ന പേരിൽ. അങ്ങനെ അദ്ദേഹം ഷോ കോർഡിനേറ്റേഴ്സിനെ സമീപിച്ചു, എന്നെ കുറിച്ചന്വേഷിച്ചു. അവർ പറഞ്ഞത് സാർ സിനിമയൊന്നുമായി അങ്ങോട്ട് പോകേണ്ട അവർ ഭദ്രകാളിയാണ്, എന്തെങ്കിലും മോശം പറഞ്ഞാൽ അടികിട്ടുമെന്ന്. അദ്ദേഹം പറഞ്ഞു, അവൾ എനിക്ക് മകളെ പോലെയാണ്, അവളുടെ നമ്പറോ അല്ലെങ്കിൽ മാതാപിതാക്കളുടെ നമ്പറോ തരൂവെന്ന്. നമ്പർ നൽകിയാൽ പ്രശ്നമാണെന്ന് അറിയിച്ചതോടെ പോകാൻ നേരം അദ്ദേഹം എന്നെ പുറകിൽ നിന്ന് വിളിച്ചു. സിനിമയെ കുറിച്ച് സംസാരിച്ചു, പക്ഷെ ഞാൻ ഫ്രസ്ട്രേറ്റഡ് ആയിരുന്നു. കാരണം ഓരോ തവണയും അവസരം ലഭിച്ചെങ്കിലും അവരുടെ വ്യക്തിതാത്പര്യങ്ങൾ നടക്കാതായപ്പോൾ പലരും എന്നെ റിജക്ട് ചെയ്തു. അതുകൊണ്ട് തന്നെ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല.
എന്നാൽ അദ്ദേഹം പറഞ്ഞു, മോളെ എനിക്ക് നിന്നിൽ നിന്ന് ഒന്നും വേണ്ട,
മാതാപിതാക്കളുടെ കൂടെ വന്നാൽ മതി, എന്റെ ഓഫീസ് നമ്പർ ഇതാണെന്ന് പറഞ്ഞ് അദ്ദേഹം തന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഷൂട്ട് ആരംഭിക്കുമെന്ന് അറിയിച്ചു. ഞാൻ പല നടിമാരേയും കണ്ടു ആരേയും ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു. പക്ഷെ കുട്ടിയെ കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടായിപ്പോയെന്ന് പറഞ്ഞു. എന്റെ സിനിമയിലെ പെൺകുട്ടിയുടെ റോൾ അഭിഭാഷകയുടേതാണ്. സിനിമയുടെ സെക്കന്റ് ഹാഫിൽ പെൺകുട്ടി ആസിഡ് ആക്രമണ സർവൈവർ ആയിട്ടായിരിക്കും എന്നും പറഞ്ഞു. അത് ഒകെയാണെങ്കിൽ സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഇതോടെ ഞാൻ പറഞ്ഞു സർ എനിക്ക് പ്രതിഫലം തന്നില്ലെങ്കിലും വേണ്ടില്ല ഞാൻ സിനിമ സൗജന്യമായി ചെയ്യാമെന്ന്. കാരണം എനിക്ക് എന്റെ ഡിഗ്നിറ്റി കോംപ്രമൈസ് ചെയ്യാതെ തന്നെ അവസരം ലഭിച്ചു. അത് അഭിമാനമായിരുന്നു', നടി പറഞ്ഞു.


Click it and Unblock the Notifications