രാഷ്ട്രീയം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സിനിമയില്‍ അവസരം നഷ്ടപ്പെട്ടോ? നിഖിലയുടെ മറുപടി ഇങ്ങനെ
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ പ്രേക്ഷക പ്രീതി നേടാന്‍ നിഖില വിമലിനായിരുന്നു. നിലവില്‍ മലയാളത്തിലും തമിഴിലും തിരക്കുള്ള നടികളിലൊരാളാണ് നിഖില വിമല്‍. സിനിമയെ പോലെ തന്നെ താരത്തിന്റെ നിലപാടുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അഭിമുഖത്തിനിടെ പശുവിനെ കൊല്ലാന്‍ പാടില്ല എന്ന അവതാരകന്റെ പരാമര്‍ശത്തെ നിഖില ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
ഇതിന് പിന്നാലെ താരത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും ചര്‍ച്ചയായി. കണ്ണൂരുകാരിയായ നിഖില വിമല്‍ ഇടത് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്നാല്‍ തന്റെ രാഷ്ട്രീയം സിനിമയിലെ അവസരങ്ങളെ ബാധിച്ചിട്ടില്ല എന്ന് നിഖില പറയുന്നു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നിഖില വിമലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

' ഇപ്പോഴത്തെ ഒരു വാര്‍ത്തകളും ഞാന്‍ വിശ്വസിക്കാറില്ല. കാരണം അത് അത്രത്തോളം വിശ്വാസയോഗ്യമാണ് എന്ന് എനിക്ക് തോന്നുന്നില്ല. രണ്ട് പക്ഷമുണ്ടെങ്കില്‍ അതില്‍ ഒരു പക്ഷത്തിന്റെ വാര്‍ത്തയായിരിക്കും നിങ്ങള്‍ കൊടുക്കുന്നത്. ഒരു സൈഡിനെ ടാര്‍ഗറ്റ് ചെയ്ത് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്ന കാര്യം ചെയ്യില്ല.
എന്റെ പേരിലുണ്ടായിരിക്കുന്ന എല്ലാ ചാനല്‍ ചര്‍ച്ചകളും നിഖില ഇങ്ങനെയാണ് ഉദ്ദേശിച്ചത്, ഇങ്ങനത്തെ ബാക്ക്ഗ്രൗണ്ടില്‍ നിന്ന് വന്നത് കൊണ്ടായിരിക്കും ഇങ്ങനെ പറഞ്ഞിട്ടുണ്ടാകുക എന്നാണ്. ഇതൊന്നും ഉറപ്പില്ലാത്ത കാര്യങ്ങളാണ്. ഈ പറയുന്ന എല്ലാ മീഡിയയും എന്നെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞതില്‍ പ്രതികരിക്കാന്‍ റെഡിയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞ കാര്യമല്ല അവര്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതില്‍ ഞാന്‍ പ്രതികരിക്കാന്‍ തയ്യാറല്ല. എനിക്ക് അനുഭവമുള്ളത് കൊണ്ട് ഒരു വാര്‍ത്തകളും ശരിയാകണം എന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്. കുറച്ച് കൂടി എത്തിക്സ് വേണം എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ എന്റെ അഭിപ്രായമാണ് പറയുന്നത്. ഇവിടെ നമ്മുടെ നാട്ടില്‍ അഭിപ്രായസ്വാതന്ത്ര്യം എന്ന് പറയുന്ന ഒരു സാധനമുണ്ടല്ലോ. ഞാന്‍ ആരേയും ഫോഴ്സ് ചെയ്യുന്നില്ല ഞാന്‍ പറയുന്ന കാര്യം ഫോളോ ചെയ്യാന്‍.
ഞാന്‍ ആ തരത്തില്‍ ആരേയും ഇന്‍സ്പെയര്‍ ചെയ്യിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല. എന്റെ അഭിപ്രായം ഞാന്‍ പറയുന്നു. അത് പറയുന്നതില്‍ ഞാന്‍ ഒരാളെ പേടിക്കണം എന്ന് പറയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ഞാന്‍ ചെയ്യുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്. സിനിമയിലുള്ളവരെല്ലാം ഒട്ടും ബോധമില്ലാത്ത ആള്‍ക്കാരാണ് എന്ന ഒരു പൊതുബോധമുണ്ട്. അങ്ങനെയൊന്നുമല്ല. അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കാത്തത് കൊണ്ടാണ്. എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയണമെന്നില്ല. രാഷ്ട്രീയം തുറന്ന് പറഞ്ഞതിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടിട്ടില്ല.












Click it and Unblock the Notifications