ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെ എസ് എഫ് ഡി സി) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കെ എസ് എഫ് ഡി സി ബോര്‍ഡില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പാര്‍വതി തിരുവോത്ത് മാനേജിംഗ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാഴ്ച മുമ്പാണ് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പാര്‍വതി തിരുവോത്ത് കെ എസ് എഫ് ഡി സി എം ഡിയ്ക്ക് മെയില്‍ അയച്ചത്. കെ എസ് എഫ് ഡി സി ഭരണ സമിതിയില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ല എന്നായിരുന്നു പാര്‍വതി തിരുവോത്ത് എം ഡിക്ക് അയച്ച മെയിലില്‍ അറിയിച്ചിരുന്നത്.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. ഇതിന് പകരം ക്യാമറമാന്‍ പി സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എന്നിവരെയാണ് ബോര്‍ഡ് അംഗങ്ങളായി ഉള്‍പ്പെടുത്തിയത്. സംവിധായകന്‍ ഷാജി എന്‍ കരുണാണ് കെ എസ് എഫ് ഡി സി ചെയര്‍മാന്‍.
1975 ജൂലായ് 23-ന് ആണ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാസ്ഥാപനം ആരംഭിക്കുന്നത്. മലയാള സിനിമയ്ക്ക് സ്വന്തം മണ്ണില്‍ ഇരിപ്പിടം ഉണ്ടാവണമെന്നും തനതായ സിനിമാസംസ്‌കാരം വളരണമെന്നും ഉള്ള ലക്ഷ്യത്തോടെയാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സ്ഥാപിക്കപ്പെടുന്നത്. മധുപാല്‍, ആഷിഖ് അബു, ഷാജി കൈലാസ്, പ്രിയനന്ദനന്‍, ബ്ലെസി, പട്ടണം റഷീദ്, ഭാഗ്യലക്ഷ്മി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവരാണ് മറ്റ് അംഗങ്ങള്‍.












Click it and Unblock the Notifications