'ഞാന്‍ അനുഭവിച്ച വേദന അതിജീവിക്കുമെന്ന് ഉറപ്പില്ലായിരുന്നു, പക്ഷെ..'; പാര്‍വതി തിരുവോത്ത്
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് പാര്‍വതി തിരുവോത്ത്. മലയാള സിനിമ മാറ്റത്തിന്റെ വഴിയിലേക്ക് സഞ്ചരിച്ചപ്പോള്‍ നായികാ പ്രാധാന്യമുള്ള ഒരുപിടി ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ളി, ഉയരെ, വൈറസ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു പാര്‍വതി കാഴ്ച വെച്ചിരുന്നത്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ കരസ്ഥമാക്കിയ പാര്‍വതി തിരുവോത്ത് തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിലൂടേയും ശ്രദ്ധേയയാണ്. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിലും പാര്‍വതി അകപ്പെട്ടിരുന്നു. ഇതോടെ പല സിനിമകളില്‍ നിന്നും അവരെ മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയുമുണ്ടായിരുന്നു. എന്നാലും സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതില്‍ നിന്ന് പാര്‍വതി പിന്‍മാറിയിരുന്നില്ല.

ഇപ്പോഴിതാ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 2019-ലെ ഓണത്തിന്റെ സമയത്ത് സഹോദരന്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പമാണ് പാര്‍വതി ചെറിയ കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്. അക്കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്ന് പോയതെന്നും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായും പാര്‍വതി പറയുന്നു.
പാര്‍വതി തിരുവോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...
'2019 ല്‍ എന്റെ സഹോദരന്‍ എന്റെ കുറച്ച് ഫോട്ടോകള്‍ എടുത്തു. അതൊരു ഓണക്കാലമായിരുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലൊന്നായിരുന്നു അതെന്ന് ഞാന്‍ ഓര്‍ക്കുന്നു. ഈ ഫോട്ടോകള്‍ എടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, ഞാന്‍ അനുഭവിച്ച വേദനയെ അതിജീവിക്കാന്‍ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. വെളിച്ചമില്ലെന്ന് ഞാന്‍ കരുതി, ഇല്ല, വെളിച്ചം കണ്ടില്ലെന്ന് ഞാന്‍ കരുതി.
പ്രിയപ്പെട്ടവര്‍ എനിക്കൊപ്പമുണ്ടായിരുന്നു. എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതിരുന്നപ്പോള്‍ കരുണയോടെ അവര്‍ എന്നെ നയിച്ചു. എനിക്ക് അസഹനീയമായ വേദന ഉണ്ടായിരുന്നു, പക്ഷേ ഞാന്‍ പുഞ്ചിരിച്ചു. മുന്നോട്ട് നീങ്ങി. ഒരു നിമിഷം ഞാന്‍ ഓര്‍ത്തു, ഇവിടെ ഉണ്ടായിരിക്കാന്‍ കഴിഞ്ഞത് എത്ര ഭാഗ്യമാണെന്ന്. ഈ ഫോട്ടോകള്‍ എനിക്ക് ഇഷ്ടമാണ്,' എന്നാണ് പാര്‍വതി കുറിപ്പില്‍ പറയുന്നത്.
ചിത്രത്തിന് താഴെ നിരവധി പേരാണ് പാര്‍വതിക്ക് പിന്തുണ അറിയിച്ച് കമന്റ് ചെയ്യന്നത്. ചേര്‍ത്ത് പിടിക്കുന്നു എന്നും തളരാതെ മുന്നോട്ട് പോകണം എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. മികച്ച നടിയാണ് എന്നും സിനിമയിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുന്നു എന്നുമാണ് വേറൊരാളുടെ കമന്റ്.












Click it and Unblock the Notifications