'ഒരു സൂപ്പര്‍ഹിറ്റ് പോലുമില്ലാതെ 7 വര്‍ഷം, ഇനി സിനിമ കിട്ടുമോ, ബില്ലെങ്ങനെ അടയ്ക്കും?'; പാര്‍വതി പറയുന്നു
മലയാള സിനിമയിലെ മികച്ച നടിമാരായ ഉര്‍വശിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഉള്ളൊഴുക്ക്. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരുന്നു. ജൂണ്‍ 21 നാണ് ചിത്രത്തിന്റെ റിലീസ്. ഇടവേളക്ക് ശേഷം പാര്‍വതിയുടെ സിനിമ വരുന്നു എന്ന പ്രത്യേകതയമുണ്ട്. സിനിമക്കുള്ളിലെ മോശം പ്രവണതകള്‍ ചൂണ്ടിക്കാട്ടിയതോടെ പലപ്പോഴും അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്ന താരം കൂടിയാണ് പാര്‍വതി.
ഇപ്പോഴിതാ സിനിമകള്‍ക്കിടയില്‍ സംഭവിക്കുന്ന ബ്രേക്കിനെ കുറിച്ചും തന്റെ അതിജീവനത്തെ കുറിച്ചും തുറന്ന് പറയുകയാണ് പാര്‍വതി. ഉള്ളൊഴുക്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. ഒാരോ സിനിമക്കും ഇടയിലുള്ള ബ്രേക്ക് തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട് എന്ന് പാര്‍വതി പറയുന്നു. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'നമ്മള്‍ ഹാപ്പിയായിട്ട്, നമുക്ക് ഡിഗ്നിറ്റി തോന്നുന്ന, മനസമാധാനമായിട്ട് കിടന്നുറങ്ങാന്‍ പറ്റുന്ന സ്‌പേസില്‍ നിന്നാല്‍ മതി. അല്ലാതെ നിലനില്‍പ്പിന് വേണ്ടിയിട്ടാകരുത്. വേറെ എവിടെ പോയാലും ഞാന്‍ സര്‍വൈവ് ചെയ്യും. ഏത് ജോലി ചെയ്താലും ഞാന്‍ നന്നായി ചെയ്യും. ആ ഒരു കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നു. ജീവിതത്തില്‍ എനിക്ക് നല്ല രണ്ട് സിനിമയെ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ എങ്കിലും ഞാന്‍ ഓകെ ആയിരിക്കും.
ഞാന്‍ ഹാപ്പിയായിരിക്കും. നമ്മുടെ ഐഡിയ ഓഫ് സക്‌സസ് മാറിയിട്ടുണ്ട്. എത്ര നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ടോ, എത്ര നമ്മളെ ആളുകള്‍ പ്രൈസ് ചെയ്യുന്നുണ്ടോ അതിന് അനുസരിച്ചെ സക്‌സസ് ഉള്ളൂ. ഞാനൊക്കെ എനിക്ക് അഭിനയിച്ച സിനിമയിലെ ഒരു ഷോട്ട് ഓക്കെയായി കഴിഞ്ഞാല്‍ സക്‌സസായി കഴിഞ്ഞു. അതില്‍ കൂടുതല്‍ കിട്ടുന്നത് ഗ്രേറ്റ്, വണ്ടര്‍ഫുള്‍, ഗുഡ് ന്യൂസ്.
അതാണെന്ന് തോന്നുന്നു എനിക്കിപ്പോഴും കാത്തിരിക്കുന്നതിലൊന്നും ബുദ്ധിമുട്ടില്ലാത്തത്. നല്ലതാണെങ്കില്‍ ചെയ്താല്‍ മതിയല്ലോ. അല്ലെങ്കില്‍ വേറെ എന്തൊക്കെ ചെയ്യാം. തുടക്കത്തില്‍ ഒരു ഏഴ് വര്‍ഷം ഒരു സിനിമയും സൂപ്പര്‍ഹിറ്റായിട്ടുണ്ടായിരുന്നില്ല. തിരിച്ച് വീട്ടില്‍ പോയി കഴിയുമ്പോള്‍ അടുത്ത സിനിമ എപ്പോള്‍ വരും, ബില്ലെങ്ങനെ അടയ്ക്കും എന്നൊക്കെ പറഞ്ഞുള്ള ഒരു കാലമുണ്ടായിരുന്നു.
പക്ഷെ ബാംഗ്ലൂര്‍ ഡേയ്‌സ് വന്നതോടെ എല്ലാവരും അത് മറന്ന് പോകും. ഞാന്‍ അതൊരിക്കലും മറന്നിട്ടില്ല. ആദ്യത്തെ ഏഴ് വര്‍ഷം ഇപ്പോഴും എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അത് എപ്പോഴും മനസിലുണ്ടാകണം. ആ സ്ട്രഗിളിംഗിലാണ് നമ്മളെ പറ്റി നമ്മള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് മറ്റൊരു സിനിമയിലേക്ക് ഗ്യാപ് ഉള്ളപ്പോഴും ഞാന്‍ ഗ്രേറ്റ്ഫുള്ളാണ്.
അപ്പോള്‍ എന്നെ ജീവിതം പഠിപ്പിക്കുന്ന കുറെ കാര്യങ്ങളുണ്ട്. ഒരു സമയം ഒരു സിനിമയെ ചെയ്യൂ. ആദ്യം ഞാന്‍ അത് തീരുമാനമെടുത്തതായിരുന്നു. പിന്നെ എനിക്ക് അടുത്തടുത്ത് സിനിമകള്‍ കൊവിഡ് കഴിഞ്ഞപ്പോള്‍ കിട്ടി. പ്രൊഡ്യൂസേഴ്‌സിന്റെ ആഗ്രഹമാണല്ലോ. അവര്‍ പൈസയിറക്കിയിട്ടുണ്ട്. അപ്പോള്‍ ഒന്ന് കഴിഞ്ഞ് ഉടനെ മറ്റൊന്ന് എന്ന രീതിയില്‍ വന്നു. ഉള്ളൊഴുക്ക് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഞാന്‍ വേറെ സിനിമ ചെയ്ത് വന്നതാണ്'.












Click it and Unblock the Notifications