'കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും എന്റെ കാര്യം'; സൈബര്‍ ആങ്ങളമാരോട് പ്രയാഗ
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സഹനടിയായി എത്തിയ പ്രയാഗ നായികാശ്രേണിയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് എത്തപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും പൊതുവേദിയിലും സജീവമായ പ്രയാഗ മാര്‍ട്ടിന്‍ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകാറുണ്ട്. വസ്ത്രധാരണത്തിനും മുടിയുടെ സ്റ്റൈലിനുമാണ് പ്രയാഗ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്.
ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രയാഗ. മനോരമ ഓണ്‍ലൈനിനോടായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം കമന്റുകള്‍ താന്‍ ശ്രദ്ധിക്കാറില്ല എന്നാണ് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നത്. ഫാഷന്‍ തന്റെ ചോയ്‌സാണെന്നും മറ്റുള്ളവരെ ഇംപ്രസ് ചെയ്യാനല്ല വസ്ത്രം ധരിക്കുന്നതെന്നും പ്രയാഗ മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

വേണം എന്ന് കരുതി വന്ന മാറ്റങ്ങളല്ല തന്റെ ജീവിതത്തില്‍ ഉണ്ടായത് എന്ന് പ്രയാഗ പറയുന്നു. രണ്ട് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഗ്യാപ്പ് എടുത്തപ്പോഴാണ് ജീവിതത്തിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നത്. അപ്പോള്‍ ലോകവും മാറി. പിന്നെ താന്‍ മാത്രമെന്തിന് മാറാതിരിക്കണം എന്ന് പ്രയാഗ ചോദിക്കുന്നു. 'ഞാന്‍ കീറിയ പാന്റിടുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും എന്റെ കാര്യമാണ്. ലോകം മാറുമ്പോള്‍ പ്രയാഗ മാര്‍ട്ടിനും മാറ്റം വരില്ലേ,' നടി ചോദിക്കുന്നു.
യാത്രകളാണ് തന്റെ ജീവിതത്തില്‍ ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവന്നത് എന്നും പ്രയാഗ പറഞ്ഞു. പലയിടങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ സംസ്‌കാരത്തെ പറ്റി നമ്മള്‍ കൂടുതല്‍ അറിയും. അങ്ങനെ അവയെല്ലാം ജീവിതത്തിന്റെ ഭാഗമായതാണ്. മുടിയിലെ മാറ്റമുണ്ടായത് ഹിമാലയത്തില്‍ യാത്ര ചെയ്തപ്പോഴാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തിനാണ് നമ്മുടെ സന്തോഷവും കംഫര്‍ട്ടും ഇല്ലാതാക്കുന്നത് എന്നും പ്രയാഗ ചോദിച്ചു.
'ഇപ്പോള്‍ ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ധരിച്ച് സ്‌റ്റൈലില്‍ നടക്കുന്നു. അത് ആളുകള്‍ നല്ല രീതിയില്‍ എടുത്താല്‍ സന്തോഷം. അല്ലെങ്കിലും ഒരു പ്രശ്‌നമില്ല. എന്റെ ഫാഷന്‍ ചോയ്‌സിനെ ആരും ചോദ്യം ചെയ്യരുത്,' പ്രയാഗ പറഞ്ഞു. തന്റെ സിനിമകള്‍ക്ക് പ്രശ്‌നമില്ലാത്ത രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആളുകള്‍ തന്നെ കുറിച്ച് ചിന്തിക്കുന്ന പോലെ നില്‍ക്കണം എന്നൊന്നുമില്ല എന്നും പ്രയാഗ പറഞ്ഞു.
മുടി കളര്‍ ചെയ്തത് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന് വേണ്ടിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. ഒരു സിനിമ നടിയാണ് എന്നു കരുതി താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റാര്‍ക്കെങ്കിലും വേണ്ടിയാണെന്ന് പറയാന്‍ പറ്റുമോ എന്ന് പ്രയാഗ ചോദിക്കുന്നു. എല്ലാവര്‍ക്കും അവരവരുടെ വ്യക്തിപരമായ ജീവിതമുണ്ട് എന്നും തൊഴിലും പേഴ്‌സണല്‍ ലൈഫും വേറെയാണ് എന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു.
സിനിമാതാരമാണെന്ന് കരുതി പേഴ്‌സണല്‍ ലൈഫ് ഇല്ലാതാകുന്നില്ല എന്നും താരം ഓര്‍മ്മിപ്പിച്ചു. ഫാഷന്‍ ചോയ്‌സില്‍ അച്ഛന്‍ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട് എന്നും പ്രയാഗ പറഞ്ഞു. ഇഷ്ടമുള്ള ഫാഷനുകള്‍ കാണുമ്പോള്‍ ഫോളോ ചെയ്യാറുണ്ട് എന്നും അതേസമയം നാളെ ഇങ്ങനെ വസ്ത്രം ധരിക്കണം, ഹെയര്‍സ്‌റ്റൈല്‍ ചെയ്യണം എന്നൊന്നും ആലോചിക്കാറില്ലെന്നും പ്രയാഗ പറഞ്ഞു.












Click it and Unblock the Notifications