മാധ്യമങ്ങള്‍ക്കെതിരേ പ്രയാഗ മാര്‍ട്ടിന്‍; പ്രചരിപ്പിക്കുന്നത് അസത്യമായ കാര്യങ്ങള്‍: നടപടി സ്വീകരിക്കും
കൊച്ചി: യുവനടിമാരില്‍ ശ്രദ്ധേയമായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രയാഗയ്ക്കു കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും ലക്ഷക്കണക്കിന് പേരാണ് പ്രയാഗ മാര്‍ട്ടിന്റെ അക്കൗണ്ട് പിന്തുടരുന്നത്. സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പ്രയാഗയ്ക്കു ലഭിച്ചത്. നാടന്‍ പെണ്ണില്‍ തുടങ്ങി അള്‍ട്രാ മോഡേണ്‍ വേഷങ്ങളില്‍ വരെ തിളങ്ങാന്‍ പ്രയാഗയ്ക്കു കഴിഞ്ഞു.
സിനിമയിലും പുറത്തും മേക്കോവര്‍ നടത്തുന്ന പ്രയാഗ മാര്‍ട്ടിന്റെ വ്യത്യസ്തമായ ലുക്കുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായാണ് പ്രയാഗ മാര്‍ട്ടിന്‍ വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് ഉണ്ണി മുകുന്ദന്‍ നായകനായ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തില്‍ ആദ്യമായി നായിക വേഷത്തിലെത്തി. ആദ്യം ശാലീന വേഷങ്ങളില്‍ എത്തിയ പ്രയാഗ പിന്നീട് മോഡേണ്‍ വസ്ത്രങ്ങളിലേക്കു വഴിമാറിയതോടെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസങ്ങളും ഏറ്റുവാങ്ങി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച പ്രയാഗ മലയാളത്തിന് പുറമേ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചു.

വ്യത്യസ്തമായ ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്നതിലും മറ്റു നടിമാരേക്കാള്‍ മുന്‍പന്തിയിലായിരുന്നു പ്രയാഗ. നടിയുടെ ഫോട്ടോഷൂട്ടും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്നാണ് വൈറലാകുന്നത്.
മുടിയില്‍ നിരന്തരം വിവിധ കളറുകളും ഹെയര്‍ സ്‌റ്റൈലുകളും പരീക്ഷിക്കുന്നതും താരത്തിന്റെ പതിവായിരുന്നു. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും കേട്ടു. പൊതുവേദികളില്‍ കീറിയ പാന്റ്‌സും വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലുമായി വരുന്നതിനും നിരവധി അധിക്ഷേപ കമന്റുകളാണ് താരം കേട്ടിട്ടുള്ളത്. എന്നാല്‍ ഇത്തരം കമന്റുകളൊന്നും തന്നെ ബാധിക്കില്ലെന്ന് നടി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലഹരിക്കേസുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത് നടിയുടെ കരിയറിനെ ബാധിച്ചു. അടുത്ത കാലത്തായി മികച്ച ഹിറ്റുകളുടെ ഒന്നും ഭാഗമാകാന്‍ നടിക്കു കഴിഞ്ഞിട്ടില്ല.
ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ കാണാനെത്തിയ യുവതാരങ്ങളില്‍ പ്രയാഗ മാര്‍ട്ടിനും ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പിന്നീട് പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി പ്രയാഗ രംഗത്തുവന്നിരിക്കുകയാണ്. തനിക്കെതിരേ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് പ്രയാഗ നല്‍കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. ഇത്തരം വാര്‍ത്തകള്‍ തനിക്ക് അത്യന്തം വിഷമം ഉണ്ടാക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു. തന്നെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നടി അഭ്യര്‍ത്ഥിക്കുന്നു.
പ്രയാഗ മാര്‍ട്ടിന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്റെ പേര് ചില മാധ്യമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇത്തരം ആരോപണങ്ങള്‍, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ഞാന്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
അസത്യ വിവരങ്ങളുടെ പ്രചാരണം കണ്ടു നില്‍ക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്തുതാപരമായി അടിസ്ഥാനമില്ലാത്തതും തികച്ചും അപകീര്‍ത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കാന്‍ അനുവദിക്കുമ്പോള്‍ പൊതു മര്യാദയുടെയും അടിസ്ഥാന മാന്യതയുടെയും പ്രത്യക്ഷമായ തകര്‍ച്ചയും ഒരുപോലെ ആശങ്കാജനകമാണ്.
ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. അസത്യ വിവരങ്ങള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എന്റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ല. എന്റെ പ്രൊഫഷണല്‍ ജീവിതത്തിലുടനീളം, മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍, കൂടുതല്‍ വിവേകം, ഉത്തരവാദിത്വം, സഹാനുഭൂതി എന്നിവയോടു കൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാന്‍ സമൂഹത്തോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനില്‍ക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണയ്ക്കും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. അസത്യപ്രചാരണങ്ങള്‍ക്കെതിരെ ഞാന്‍ മുന്നോട്ട് പോവുകയാണ്. പ്രയാഗ റോസ് മാര്‍ട്ടിന്‍'. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.












Click it and Unblock the Notifications