സുരേഷ് ഗോപി ആ പറഞ്ഞതില്‍ എന്താണ് തെറ്റ്: ന്യായമായ കാര്യമല്ലേ? പിന്തുണച്ച് നടി പ്രിയങ്ക നായർ
സുരേഷ് ഗോപിയുമായി സിനിമയില്‍ വരുന്നതിന് മുമ്പ് തന്നേയുള്ള ബന്ധമാണെന്ന് നടി പ്രിയങ്ക നായർ. എനിക്ക് അദ്ദേഹം ഒരു ചേട്ടനാണ്. ബാലതരംഗം എന്ന കുട്ടികളുടെ സംഘടനയുടെ സംസ്ഥാന അധ്യക്ഷയായിരുന്നു ഞാന്‍. ആ സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട പല പരിപാടികള്‍ക്കും സുരേഷേട്ടന്‍ വരുമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ അറിഞ്ഞ് തുടങ്ങുന്നതെന്നും പ്രിയങ്ക പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്താണ് അതില്‍ ഫോക്കസ് ചെയ്യാതെ മാറിപ്പോയതെന്ന് സുരേഷേട്ടന്‍ എപ്പോഴും കാണുമ്പോള്‍ ചോദിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. രാധിക ചേച്ചിയെയൊക്കെ അറിയാം. മലയാളത്തില്‍ ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ സിനിമയയായ കിച്ചാമണി എംബിഎയിലാണ്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് കിച്ചാമണിയില്‍ എത്തുന്നത്. വേറൊരു സിനിമയുടെ ഷൂട്ടായിരുന്നു നടക്കേണ്ടിയിരുന്നത്. അതിനിടക്ക് തന്നെ നിവേദ്യം എന്ന ചിത്രത്തിലേക്ക് ലോഹിതദാസ് സാറും വിളിച്ചിരുന്നു. മറ്റൊരു സിനിമ കമ്മിറ്റഡ് ചെയ്തത് കൊണ്ട് തന്നെ അതില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. കമ്മിറ്റഡ് ചെയ്ത് ആ പ്രോജക്ടിലും പ്രവർത്തിക്കാനായില്ല.
കിച്ചാമണിയുടെ പ്രൊഡക്ഷന്‍ ടീമില്‍ നിന്നാണ് വിളിച്ചതെങ്കിലും അത് സുരേഷേട്ടന്റെ സിനിമയാണ് എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. ആ സിനിമയിലെ എന്റെ നായകന്‍ ജയസൂര്യയായിരുന്നു. പിന്നെ സുരേഷേട്ടനുമായി കുറേ സിനിമ വന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അതൊന്നും ചെയ്യാന്‍ സാധിച്ചില്ല. പക്ഷെ അദ്ദേഹവുമായി കുടുംബത്തിലെ ഒരാളെന്നത് പോലുള്ള ബന്ധം ഇപ്പോഴും തുടരുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.
പാർട്ടിക്കും അതീതമായി വ്യക്തി എന്ന നിലയിലാണ് ഞാന്‍ സുരേഷേട്ടനെ നോക്കിക്കാണുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. ഉദ്ഘാടനങ്ങള്‍ക്ക് പൈസ വാങ്ങിക്കും എന്ന് അദ്ദേഹം പറഞ്ഞത് ന്യായമായ കാര്യമാണ്. വളരെ ശരിയായിട്ടുള്ളൊരു പ്രസ്താവനയാണ് അത്.
നമ്മുടെ സമയം, അവിടേക്ക് എത്താന്‍ വേണ്ടി എടുക്കുന്ന എഫേർട്ട് എന്നതിനൊക്കെ ഒരു മൂല്യം ഉണ്ട്. കാശൊന്നും നോക്കാതെ ഞാനടക്കം എത്ര പരിപാടികള്‍ക്ക് പോകുന്നു. എന്നുവെച്ച് എല്ലാം നമുക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. എനിക്ക് എന്റേതായ വ്യക്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയത്തേയും എന്റെ കലയേയും രണ്ടായിട്ട് കാണുന്നയാളുമാണ്.
എല്ലാ രാഷ്ട്രീയത്തിലും നല്ല ബന്ധങ്ങളുള്ള ആള്‍ കൂടിയാണ് ഞാന്‍. ആ ബന്ധങ്ങളെല്ലാം അതുപോലെ കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ്. വ്യക്തിബന്ധങ്ങളേയും രാഷ്ട്രീയത്തേയും ഞാന്‍ ഇടകലർത്താറില്ല. അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ പൂർണ്ണമായും നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാനെന്നും പ്രിയങ്ക കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications