അവള്‍ മരിച്ചുപോയെന്ന ധൈര്യത്തില്‍ വൃത്തികേടുകള്‍ പറയരുത്; നിങ്ങളുടെ സഹോദരിയാണെങ്കിലോ: സൂര്യ
മരണ ശേഷം നടി രഞ്ജുഷ മേനോനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി സുഹൃത്തും ബിഗ് ബോസ് താരവുമായ സൂര്യ ജെ മേനോന്‍. അവസാനമായി വിളിച്ചപ്പോഴും കുറേ സംസാരിച്ചിരുന്നു. വ്യക്തിപരമായും പ്രൊഫഷണലായും ഉള്ള പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും സൂര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമായിരുന്നെങ്കിലും ഒരിക്കല്‍ പോലും മരിക്കണമെന്നോ ജീവിതം അവസാനിപ്പിക്കണമെന്നോ അവള്‍ പറഞ്ഞിരിന്നില്ല. എന്തോന്ന് ജീവിതമാണെടീ.. ഇത് ഒന്ന് ചത്താല്‍ മതിയായിരുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ അവളാണ് എന്നെ തിരുത്തിയിരുന്നത്. ജീവിതം ജീവിച്ച് തീർക്കണം. അത് അങ്ങ് ഇല്ലാതാക്കരുത്.മകള്‍ക്ക് വേണ്ടി ജീവിക്കണ. സീരിയലില്‍ നിന്ന് വരുമാനം ലഭിച്ചില്ലെങ്കില്‍ നല്ല വരുമാനമുള്ള ജോലി നോക്കി പുറത്തേക്ക് പോകണം എന്നൊക്കെ അവള്‍ പറഞ്ഞിരുന്നു.

ദുബായി ഷോ ഒക്കെ നോക്കാം. മറ്റ് രാജ്യങ്ങളെ സീരിയലുകളും നോക്കണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നു. അല്‍പ്പം വിഷമങ്ങളൊക്കെ പറഞ്ഞെങ്കിലും അവസാനം സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഫോണ്‍ വെച്ചത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലെന്നും സൂര്യ പറയുന്നു.
രഞ്ജുഷ എന്ന വ്യക്തിയെ എനിക്ക് നല്ല പോലെ അറിയാം. അതുകൊണ്ട് തന്നെ ഇല്ലാത്ത കഥകള്‍ ദയവ് ചെയ്ത് പറഞ്ഞ് ഉണ്ടാക്കരുത്. അവള്‍ പല ബന്ധങ്ങള്‍ തേടിപ്പോകുന്ന വ്യക്തിയാണ് എന്നൊക്കെയുള്ള കമന്റുകളൊക്കെ കണ്ടു. അതൊന്നും ശരിയല്ല. അവിടുന്നും ഇവിടുന്നും കേട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. ഞാന്‍ ഇങ്ങനെയല്ലെന്ന് വന്ന് പറയാന്‍ ഇനി രഞ്ജുഷയ്ക്ക് കഴിയില്ല. ആ ഒരു ധൈര്യത്തില്‍ വൃത്തികേടുകള്‍ പറഞ്ഞ് ഉണ്ടാക്കരുത്.
പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. സത്യാവസ്ഥ അവർ കണ്ടുപിടിക്കട്ടെ. അവള്‍ അങ്ങനെ ഒരു ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ അവളുടെ മനസ്സില്‍ അത്രമാത്രം വിഷമം ഉണ്ടായിക്കാണും. അല്ലാതെ ഇങ്ങനെ അവള്‍ ചെയ്യില്ല. എന്നോട് പോലും പറയാന്‍ സാധിക്കാത്ത ഒരു വിഷമം ആ രാത്രി അവളെ അലട്ടിയിരിക്കാം. ഇനിയും അവളെ തേജോവധം ചെയ്യരുതെന്ന് അപേക്ഷിക്കുകയാണെന്നും സൂര്യ വ്യക്തമാക്കുന്നു.
മകള്‍ എന്ന് പറയുന്നത് അവള്‍ക്ക് ജീവനായിരുന്നു. ഒരു യൂട്യൂബ് ചാനലില്‍ കണ്ട കമന്റ് 'മകളെ ഉപേക്ഷിച്ച് സുഖം തേടി പോയി' എന്നായിരുന്നു. ദയവ് ചെയ്ത് അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുക. അവളെ അറിയുന്ന ആരും അങ്ങനെ പറയില്ല. ആദ്യ വിവാഹം ഡിവോസിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയിലാണ് സീരിയലില്‍ കണ്ട് ഇപ്പോഴത്തെ പാട്ണറുമായി അടുക്കുന്നത്.
അദ്ദേഹത്തിന്റെ വിവാഹ ജീവിതവും പരാജയമായിരുന്നു. അല്ലാതെ അദ്ദേഹം ഭാര്യയുമായി സുഖമായി ജീവിക്കുമ്പോഴല്ല ഈ ബന്ധം ഉണ്ടാവുന്നത്. അറിയാത്ത കാര്യങ്ങള്‍, ലൈക്ക് മാത്രം ഉദ്ധേശിച്ച് പ്രചരിപ്പിക്കാതിരിക്കുക. ആദ്യ ബന്ധങ്ങള്‍ പൂർണ്ണമായും മാറിയതിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. രണ്ട് പേരുടേയും ഡിവോഴ്സ് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതിന്റെ കേസ് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ലിവിങ് ടുഗതറിലേക്ക് പോയതെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications