അധികമാര്‍ക്കുമില്ലാത്ത ഹോബി; തന്റെ പുതിയ താല്‍പര്യത്തെക്കുറിച്ച് വെളിപ്പെടുത്തി സായ് പല്ലവി
തെന്നിന്ത്യയില്‍ ഏറ്റവും താരത്തിളക്കമുള്ള നായികയാണ് സായ് പല്ലവി. അടുത്തിടെ സായിപല്ലവി നായികയായി ഇറങ്ങിയ ചിത്രങ്ങളെല്ലാം ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്ലാമറസ് റോളുകളില്‍ അഭിനയിക്കില്ലെന്ന സായി പല്ലവിയുടെ നിലപാടും താരത്തിന് ഏറെ ജനപ്രീതി ഉണ്ടാക്കി.
പ്രേമത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സായി പല്ലവിക്ക് കേരളത്തിലും ഏറെ ആരാധകരുണ്ട്. മേക്കപ്പിടാതെ സ്വാഭാവിക സൗന്ദര്യത്തില്‍ പൊതുവേദികളില്‍ എത്തുന്നതിന്റെ പേരിലും നടിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കാറുണ്ട്. നിലവില്‍ രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന രാമായണത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.

നാഗചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്ത 'തണ്ടേല്‍' എന്ന ചിത്രം വെള്ളിയാഴ്ച്ച പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് നടന്ന ടെലിവിഷന്‍ പരിപാടിയില്‍ തന്റെ ഏറ്റവും പുതിയ ഹോബിയെ കുറിച്ച് താരം വെളിപ്പെടുത്തി. അധികം ആരും പിന്തുടരാത്ത ഒരു ഹോബിയാണ് സായ് പല്ലവിക്ക് ഇപ്പോഴുള്ളത്.
ആരാധകര്‍ അയച്ച ചോദ്യത്തിനുള്ള മറുപടിയായാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്. നാഗ ചൈതന്യയോടും സായ് പല്ലവിയോടും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അയയ്ക്കണമെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ നടിക്ക് മറ്റെന്തെങ്കിലും താല്‍പ്പര്യമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആരാധകനു വേണ്ടി നാഗ ചൈതന്യയാണ് ഈ ചോദ്യം സായ് പല്ലവിയോട് ചോദിച്ചത്. അടുത്തിടെ ഞാന്‍ തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചു എന്നായിരുന്നു താരത്തിന്റെ മറുപടി. താനീ ഹോബിയില്‍ അത്ര അത്ര മിടുക്കിയല്ല. അല്‍പ്പം ബുദ്ധിമുട്ടുകളുണ്ടെന്നും സായ് പല്ലവി പറഞ്ഞു.
സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ഇല്ല എന്ന് ചിരിച്ചുകൊണ്ടാണ് സായ് പല്ലവി ഉത്തരം പറഞ്ഞത്. എന്നാല്‍ അതു നുണയാണെന്നും ഒരു ദിവസം സായ് പല്ലവി സംവിധാനം ചെയ്‌തേക്കുമെന്നും തന്നെയും ആ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നെും നാഗ ചൈതന്യ തമാശയായി പറഞ്ഞു.
സായ് പല്ലവി ഒഴിവു സമയങ്ങളില്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു ആരാധകന്‍ ചോദിച്ചു. 'ഒഴിവു സമയങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമാണ്. സിനിമ കാണും, പാചകം ചെയ്യാന്‍ അറിയില്ലെങ്കിലും അതിനു കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അവസാനം ഓര്‍ഡര്‍ ചെയ്ത് കഴിക്കും. പിന്നെ ഞാന്‍ എന്റെ തോട്ടത്തില്‍ പോകും. അവിടെ ധാരാളം കൃഷിയുണ്ട്. കാരറ്റ്, ഉരുളക്കിഴങ്ങ്, പാഷന്‍ ഫ്രൂട്ട് എന്നിവ ശേഖരിക്കും - സായ് പല്ലവി പറഞ്ഞു,












Click it and Unblock the Notifications