'ഓരോ തവണയും ആ ഭയം എന്നോടൊപ്പം ഉണ്ടായിരുന്നു'; വിവാദ വീഡിയോയിൽ വിശദീകരണവുമായി സാനിയ
പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണുമ്പോൾ ആരാധകർ വല്ലാത്ത ആവേശത്തിലാകാറുണ്ട്. അവരോട് സംസാരിക്കാനും ഫോട്ടോയെടുക്കാനുമൊക്കെ തിരക്ക് കൂട്ടാറുമുണ്ട്. ചില അവസരങ്ങളിലെങ്കിലും ചിലർ അതിർവരമ്പ് വിട്ടുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചേരും. അനുവാദമില്ലാതെ കെട്ടിപ്പിടിക്കുകയും കയ്യിൽ കയറി പിടിക്കുകയുമൊക്കെ ചെയ്യാറുണ്ട്. സ്വാഭാവികമായും ഇത് താരങ്ങൾക്ക് ബുദ്ധിമുട്ടാകാറുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നടി സാനിയ ഇയ്യപ്പന്റെ ഒരു വീഡിയോ വൈറൽ ആയിരുന്നു. ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ നടന്ന ഒരു സംഭവമാണ്. സാനിയയുടെ കൂടെ ഒരു ആരാധകൻ സെൽഫി എടുക്കുമ്പോൾ സെൽഫി ഫ്രെയ്മിലേക്ക് മറ്റൊരാൾ കൂടി കയറിനിൽക്കുന്നതാണ് വീഡിയോ.

രണ്ടാമത്തെ ആൾ തന്റെ അടുത്തേക്ക് നിൽക്കുമ്പോൾ സാനിയ അകന്നുനിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കാരണം ഒട്ടും പ്രതീക്ഷിക്കാതെയാണ് രണ്ടാമത്തെ ആൾ വരുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വലിയ ചർച്ചയാവുകയും ചെയ്തു. പലരും സാനിയെ വിമർശിച്ച് രംഗത്തെത്തി. എന്നാൽ സാനിയ ചെയ്തതിൽ പ്രശ്നം ഒന്നുമില്ലെന്നാണ് ഒരു കൂട്ടർ പറഞ്ഞ്. വിവാദം ശക്തമായപ്പോൾ താരം തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയ പ്രതികരണം നടത്തിയത്." ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിരോധം കാണിക്കുന്നത് പോലെയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നിരവധി ആളുകൾ അവരുടെ എതിർപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ ആ സംഭവത്തിന് എന്റേതായ ഒരു വശമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് ആഘാതം ഉണ്ടാക്കുന്ന സംഭവം ഉണ്ടായി. ഞാൻ അവഗണിക്കപ്പെട്ടതായി തോന്നിയ ഒരു അധ്യായം. അന്ന് പലരും തന്നെ പിന്തുണച്ചില്ലെന്നും താരം പറഞ്ഞു. എല്ലാം താൻ സഹിച്ചുനിന്നെങ്കിലും ഓരോ തവണയും ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോഴും ആ ഭയം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും സാനിയ പറഞ്ഞു.
ഇതിന്റെ ആഴം എല്ലാവർക്കും മനസ്സിലാകണമെന്നില്ല എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നു. കാരണം ഞാൻ ആയിരുന്നു ആ വെല്ലുവിളികൾ അനുഭവിച്ചത്. ആരെയും വേദനിപ്പക്കണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അബദ്ധവശാൽ അങ്ങനെ സംഭവിച്ചെങ്കിൽ ആത്മർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും സാനിയ പറഞ്ഞു.
മറ്റെല്ലാവരേയും പോലെയും പല പ്രശ്നങ്ങളും അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. എനിക്ക് മുൻവിധിയില്ല. ഞാൻ എന്റെ ആരാധകരെ സ്നേഹിക്കുന്നു. അവരെന്റെ കുടുംബം പോലെയാണ്. എനിക്ക് അവരുടെ പ്രാധാന്യത്തെക്കുറിച്ചും അറിയാം, എല്ലാവരോടും സ്നേഹം എന്നും തന്നെ മനസ്സിലാക്കിയതിന് നന്ദി അറിയിച്ചുമാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications