'അബദ്ധം പറ്റിയത് അവിടെ മാത്രം... അതില്‍ പാഠം പഠിച്ചു'; സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി ശാലു മേനോന്‍
പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്തയാളാണ് നടി ശാലു മേനോന്‍. മിനി സ്‌ക്രീനില്‍ ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയം നേടിയ ശാലു മേനോന്‍ ബിഗ് സ്‌ക്രീനിലും ചുരുങ്ങിയ കാലം കൊണ്ട് തിളങ്ങിയിരുന്നു. എന്നാല്‍ ശാലുവിന്റെ ജീവിതം കീഴ്‌മേല്‍ മറിച്ച ഒന്നായിരുന്നു സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വിവാദങ്ങള്‍. ഇതിന്റെ പേരില്‍ ജയില്‍വാസവും ശാലുവിന് അനുഭവിക്കേണ്ടി വന്നിരുന്നു.
എന്നാല്‍ വിവാദങ്ങളും തിരിച്ചടികളും നേരിട്ട ജീവിതത്തില്‍ നിന്ന് പതിയെ കരകയറി സ്വന്തം ജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ് ശാലു മേനോന്‍. അഭിനയരംഗത്തും നൃത്തരംഗത്തും വീണ്ടും സജീവമായി തുടങ്ങിയ ശാലു വീണ്ടും പഴയ തിരക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ പ്രതിസന്ധി കാലത്തെ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ശാലുമേനോന്‍ ഗൃഹലക്ഷ്മിയോട് പങ്ക് വെച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

തന്റെ ജീവിതത്തില്‍ സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യമാണ് എന്നും സ്ത്രീയെന്ന നിലയില്‍ നമ്മള്‍ കലാപരമായി എന്തൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയാലും സമൂഹം നമ്മളെ വിലയിരുത്തുന്നത് മറ്റു ചില കാര്യങ്ങളുടെ പേരിലാകും എന്നും ശാലുമേനോന്‍ പറയുന്നു. സത്യം മനസിലാക്കാതെ ആരേയും ആക്ഷേപിക്കരുത് എന്നും ശാലു മേനോന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവിച്ചതൊന്നും തന്നെ തളര്‍ത്തിയില്ല എന്നും ശാലു വ്യക്തമാക്കി.
'അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്‌തേക്കും എന്ന് ഭയപ്പെട്ടിരുന്നു. ചെറുപ്പക്കാരി, പ്രശ്‌നത്തിന്റെ വ്യാപ്തി എന്നതൊക്കെയായിരുന്നു ആ ഭയത്തിന്റെ കാരണം. എന്നാല്‍ തുടക്കത്തിലെ പരിഭ്രമത്തിന് ശേഷം എനിക്ക് ധൈര്യം കൈവന്നു,' ശാലു മേനോന്‍ പറയുന്നു. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്നതായിരുന്നു തന്റെ പ്രകൃതമെന്നും അതാണ് ദോഷം ചെയ്തതെന്നും ശാലു മേനോന്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ താന്‍ ബോള്‍ഡാണെന്നും ശാലു മേനോന്‍ കൂട്ടിച്ചേര്‍ത്തു. മോശം ദിവസങ്ങളൊക്കെ താന്‍ മറന്നുകഴിഞ്ഞെന്നും താരം വ്യക്തമാക്കി. ജയിലിലെ ജീവിതം തന്റെ ജീവിതം വലിയ രീതിയില്‍ പാകപ്പെടുത്തിയിട്ടുണ്ടെന്നും ശാലു പറഞ്ഞു. 49 ദിവസത്തെ ജയില്‍വാസം കൊണ്ട് പലതും പഠിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ എല്ലാം തിരിച്ചുപിടിക്കണം എന്ന വാശിയായിരുന്നു എന്നും ശാലു മേനോന്‍ കൂട്ടിച്ചേര്‍ത്തു.
' തിരിച്ചുവരവില്‍ ആരും എന്നെ കുറ്റപ്പെടുത്തിയില്ല. പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ലല്ലോ അപ്പോള്‍ പിന്നെന്തിന് വിഷമിക്കണം?', ശാലു ചോദിക്കുന്നു. തളര്‍ന്ന് പോകുമെന്ന ഘട്ടത്തില്‍ അമ്മയും അമ്മൂമ്മയും കൂടെ നിന്നെന്നും അത് വലിയ പിന്തുണയായിരുന്നു എന്നും ശാലു മേനോന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications