'സീരിയലില്‍ തുടരുന്നതിന് കാരണമിത്, കാസ്റ്റിംഗ് കൗച്ച് എങ്ങനെ ഡീല്‍ ചെയ്യണമെന്നറിയില്ല'; ഷെമി മാര്‍ട്ടിന്‍
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ച് പറ്റിയ താരമാണ് ഷെമി മാര്‍ട്ടിന്‍. നിരവധി സീരിയലുകളില്‍ വേഷമിട്ടെങ്കിലും വൃന്ദാവനം എന്ന ജനപ്രിയ പരമ്പരയിലെ ഓറഞ്ച് എന്ന കഥാപാത്രമായിരിക്കും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഷെമിയുടെ കഥാപാത്രം. സ്വന്തം സുജാത, നന്ദനം തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ വേഷമാണ് ഷെമി മാര്‍ട്ടിന്‍ അവതരിപ്പിച്ചത്.
വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഷെമി ഇപ്പോള്‍ മംഗല്യം എന്ന പരമ്പരയിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. പത്ത് വര്‍ഷത്തോളമായി അഭിനയരംഗത്തുണ്ടെങ്കിലും സിനിമകളിലൊന്നും ഷെമി അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷെമി. സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഷെമിയുടെ പ്രതികരണം.

സിനിമ മേഖലയില്‍ കേട്ടിട്ടുള്ള കാസ്റ്റിംഗ് കൗച്ച് ആണ് തന്റെ ബിഗ് സ്‌ക്രീന്‍ എന്‍ട്രിക്ക് തടസം എന്നാണ് ഷെമി പറയുന്നത്. ബോളിവുഡിലടക്കം കാസ്റ്റിംഗ് കൗച്ച് ഉണ്ട്. സിനിമയിലെത്താന്‍ തനിക്ക് എത്രത്തോളം ആഗ്രഹമുണ്ടെങ്കിലും താന്‍ ബ്രേക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്ത ചില എത്തിക്‌സുകള്‍ ഉണ്ട് എന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉള്ളതായി പലരും പറഞ്ഞ് അനുഭവമുണ്ട്.
തനിക്ക് അതിനെ ഡീല്‍ ചെയ്യാന്‍ അറിയില്ലെന്നും അത്രയും സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനാകില്ലെന്നും ഷെമി പറഞ്ഞു. ചിലപ്പോള്‍ തനിക്ക് സിനിമയോട് അത്രയും ആഗ്രഹമില്ലാത്തതു കൊണ്ടോ സിനിമയില്‍ എന്തെങ്കിലും ആകാന്‍ കഴിയും എന്ന തോന്നല്‍ ഇല്ലാത്തത് കൊണ്ടോ ആയിരിക്കാം അതെന്നും താരം വ്യക്തമാക്കി. കഷ്ടപ്പെടാനൊക്കെ തയാറാണെന്നും എന്നാല്‍ അത് തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാകരുതെന്നും ഷെമി കൂട്ടിച്ചേര്‍ത്തു.
സീരിയലില്‍ നിന്ന് ഇതുവരെ തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും തന്റെ അറിവില്‍ അങ്ങനെ എന്തെങ്കിലും ഉള്ളതായി അറിയില്ല എന്നും ഷെമി മാര്‍ട്ടിന്‍ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോഴും സീരിയലില്‍ തുടരുന്നത്. സേഫ്‌സോണ്‍ വിടാന്‍ തനിക്ക് പറ്റില്ല.
അതേസമയം സീരിയലില്‍ ഇതൊന്നും ഇല്ല എന്ന് അടച്ചു പറയാനും പറ്റില്ല എന്നും ഷെമി മാര്‍ട്ടിന്‍ വ്യക്തമാക്കി. ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട് എന്നും എന്നാല്‍ തനിക്ക് അത്തരം അനുഭവങ്ങളില്ല എന്നും ഷെമി മാര്‍ട്ടിന്‍ പറഞ്ഞു. അതേസമയം ഇപ്പോഴും ഒരു സിനിമയില്‍ നിന്ന് ഓഫര്‍ വന്നു നില്‍ക്കുന്നുണ്ട് എന്നും താരം പറഞ്ഞു.












Click it and Unblock the Notifications