'അമ്മേടെ മുത്തച്ഛൻ കടിച്ച പാമ്പിനെ തിരിച്ചുവിളിച്ച് വിഷം ഇറക്കിപ്പിച്ചിരുന്നുവെന്ന് സ്വാസിക;വൻട്രോൾ
കൊച്ചി: നടി സ്വാസികയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ ട്രോൾ. തന്റെ പുതിയ ചിത്രമായ വിവേകാന്ദൻ വൈറലാണിന്റെ പ്രമോഷനിടെ നടി പറഞ്ഞ കാര്യങ്ങളാണ് ട്രോളിന് കാരണമായത്. തന്റെ അമ്മയുടെ മുത്തച്ഛൻ കടിച്ച പാമ്പിനെ തിരിച്ചുവിളിച്ച് വിഷം ഇറക്കിപ്പിച്ചിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. അങ്ങനെ ചെയ്യുന്നത് മോശമാണെന്നും കുടംബത്തിലെ കുട്ടികൾക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകാൻ ഇത് കാരണമാകുമെന്നും സ്വാസിക വീഡിയോയിൽ പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ
'അമ്മേടെ മുത്തച്ഛൻ വിഷവൈദ്യനായിരുന്നു. പാമ്പ് കടിച്ചാൽ അതേ പാമ്പിനെ വിളിച്ച് വരുത്തി കടിച്ച വിഷം ഇറക്കിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിഷം ഇറങ്ങിപ്പോകും. യഥാർത്ഥ സംഭവമാണ് അതൊക്കെ. എന്റെ വീട്ടിൽ നടന്നിട്ടുണ്ട്. പാമ്പ് തിരിച്ചുവരികയൊക്കെ ചെയ്യും. അമ്മയൊക്കെ നേരിട്ട് കണ്ടിട്ടുണ്ട്.പക്ഷേ അങ്ങനെ ചെയ്യുന്നത് ആ കുടുംബത്തിന് ദോഷമാണ്. പിന്നീടുള്ള തലമുറയിൽ ജനിക്കുന്ന കുട്ടികൾക്ക് ബുദ്ധിമാന്ദ്യം ഒക്കെ സംഭവിക്കുന്നതും ചർമ്മരോഗം വരുന്നതൊക്കെയും അതൊക്കെ കൊണ്ടാണ്. ഒരുപരിധി കഴിഞ്ഞപ്പോൾ അദ്ദേഹം അതൊക്കെ നിർത്തി. അമ്മ ഒരു ആറിലൊക്കെ പഠിക്കുമ്പോഴാണ് സംഭവം', സ്വാസിക പറഞ്ഞു.

കടിച്ച പാമ്പ് തന്നെ വരുന്നുവെന്ന് എങ്ങനെ പറയും എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-'എന്തോ ആയിക്കോട്ടെ, പാമ്പ് തിരിച്ചുവരുന്നുണ്ടല്ലോ, ആരെയാണോ കടിച്ചത് ആ കടിച്ച ഭാഗത്ത് നിന്ന് വിഷം ഇറക്കി പാമ്പ് തിരിച്ചുപോകുന്നു, ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്തൊക്കെ കത്തും എന്നാണ് പറയുന്നത്. പയുമ്പോൾ ആളുകൾ തള്ള് തമാശ എന്നൊക്കെ പറയും. പക്ഷേ അങ്ങനെ ഉണ്ടായിട്ടുണ്ട്', സ്വാസിക പറഞ്ഞു.
നിരവധി പേരാണ് വീഡിയോക്ക് താഴെ ട്രോളുമായെത്തിയത്. ഈകാലത്തും ഇത്തരം കെട്ടുകഥകൾ വിശ്വസിക്കുന്നുണ്ടല്ലോ എന്നാണ് പലരും കുറിച്ചത്. ചില കമന്റുകൾ ഇങ്ങനെ -'ലാസ്റ്റ് കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇല്ലാതാക്കുന്ന പരിപാടി,നാസക്കും ഐഎസ്ആർഒയ്ക്കും അയച്ചുകൊടുക്കണം പിന്നെ ഡബ്ല്യുഎച്ച്ഒക്കും .എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ് ,വകതിരിവ് ബുദ്ധി വട്ടപ്പൂജ്യം. ഇക്കാലത്ത് കെട്ടുകഥകൾ പറഞ്ഞ് നടക്കുന്നു. മുത്തശ്ശിമാർ പറഞ്ഞുതന്ന കെട്ടുകഥകൾ ഞാനും കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ.
'ലെനയ്ക്ക് ശേഷം ആര് എന്നത് തീരുമാനം ആയി,ആന്തരിക അവയവങ്ങൾ കഴുകി ഉണക്കാനിടുന്നവർ ഉള്ള ലോകത്തിൽ ഇതൊക്കെ എന്ത്', എന്നായിരുന്നു മറ്റ് ചില കമന്റുകൾ. എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പുകൾ ആഘോഷമാക്കുകയാണ്.












Click it and Unblock the Notifications