ആരാധകര്‍ക്ക് മുന്നറിയിപ്പുമായി തൃഷ; എക്സ് അക്കൗണ്ടിലെ പോസ്റ്റുകള്‍ തന്റേതല്ല; ഹാക്ക് ചെയ്യപ്പെട്ടു
മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള നടിയാണ് തൃഷ കൃഷ്ണൻ. കാലം തൊടാത്ത സൗന്ദര്യം കൊണ്ടും മികച്ച അഭിനയശേഷി കൊണ്ടും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഇപ്പോഴും സജീവമാണ് തൃഷ. 96 എന്ന ഒറ്റ ചിത്രം കൊണ്ട് മാത്രം തൃഷയുടെ താരമൂല്യം ഏറെ ഉയര്‍ന്നിരുന്നു. പ്രായഭേദമന്യേ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ ചിത്രത്തിലൂടെ താരത്തിനു കഴിഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി തമിഴ് സിനിമയിലെ മുന്‍നിര നായികയായി നിലനില്‍ക്കുന്നു എന്നതു തന്നെ തൃഷയുടെ കഴിവിനുള്ള അംഗീകാരമാണ്.
അടുത്തിടെ സിനിമാ ജീവിതം അവസാനിപ്പിച്ച് തൃഷ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിജയ്യും തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയതും ആരാധകര്‍ ശ്രദ്ധിച്ചു. എന്നാല്‍ ഈ ഉഹാപോഹങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.

അജിത്ത് നായകനായ വിടാ മുയര്‍ച്ചിയാണ് തൃഷയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. കായല്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്ത ചിത്രം തിയറ്ററികളില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. ടൊവീനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലും തൃഷ അഭിനയിച്ചിരുന്നു. അലീഷ എന്ന കഥാപാത്രത്തെയാണ് നടി ഐഡന്റിറ്റിയില്‍ അവതരിപ്പിച്ചത്.
സൂര്യയുടെ പുതിയ ചിത്രത്തിലും തൃഷ നായികയാണ്. ഇപ്പോഴും കൈ നിറയെ ഓഫറുകളുണ്ട്. തമിഴില്‍ നിരവധി നടിമാര്‍ വന്നുപോയിട്ടും തൃഷയുടെ താരമൂല്യം ഒരിക്കലും ഇടിഞ്ഞിട്ടില്ല. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം എന്നും ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുന്ന വിധത്തിലാണ് തൃഷ അഭിനയിച്ചിരിക്കുന്നത്. വിവാദങ്ങളോട് മൗനം പാലിക്കുന്നതാണ് തൃഷയുടെ രീതി.
ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നടി. തന്റെ എക്സ് അക്കൗണ്ട് (പഴയ ട്വിറ്റര്‍) ഹാക്ക് ചെയ്യപ്പെട്ടതായി തൃഷ അറിയിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. എക്സ് അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളൊന്നും തന്റേതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും നടി പറഞ്ഞു. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും നടി അറിയിച്ചു.
2017 ലും നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തെതുടര്‍ന്ന് തൃഷ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇടവേള എടുത്തിരുന്നു. പിന്നീട് അക്കൗണ്ട് താല്ക്കാലികമായി ഡീ-ആക്ടിവേറ്റ് ചെയ്തു. ഇതിന് ശേഷം ഏറെ നാളുകള്‍ കഴിഞ്ഞാണ് തൃഷ എക്‌സില്‍ സജീവമായത്.












Click it and Unblock the Notifications