'തല്‍ക്കാലം ഒരു സൂപ്പര്‍സ്റ്റാര്‍ മതി, എന്നെക്കൊണ്ട് അത് താങ്ങില്ല'; മഞ്ജുവിനെ ചേര്‍ത്തുനിര്‍ത്തി ഉര്‍വശി
മലയാളികളുടെ പ്രിയപ്പെട്ട നടിമാരാണ് ഉര്‍വശിയും മഞ്ജു വാര്യരും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടേയും മികച്ച പ്രകടനങ്ങളിലൂടേയും എന്നും മലയാളികളെ വിസ്മയിപ്പിച്ച താരങ്ങള്‍ കൂടിയാണ് ഇരുവരും. മലയാള സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ച രണ്ട് താരങ്ങള്‍ കൂടിയാണ് രണ്ട് പേരും. മഞ്ജു വാര്യരേക്കാള്‍ വളരെ സീനിയറാണ് ഉര്‍വശി. സംസ്ഥാനത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ആറ് തവണയാണ് ഉര്‍വശി സ്വന്തമാക്കിയത്.
മഞ്ജു വാര്യര്‍ ഒരു തവണയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. ഉര്‍വശിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സിനിമകളിലെ മഞ്ജു അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ മലയാളത്തിലെ മികച്ച നടിമാരുടെ കൂടെയാണ് മഞ്ജുവിന്റേയും സ്ഥാനം. ഇപ്പോഴിതാ ഉര്‍വശിയും മഞ്ജുവും ഒന്നിച്ച് ഒരു വേദി പങ്കിട്ടപ്പോഴുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഉര്‍വശിയുടെ മകള്‍ അഭിനയിക്കുന്ന തേരി മേരി എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനായിട്ടായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ഇതിനിടെ വേദിയില്‍ വെച്ച് ഉര്‍വശി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഉര്‍വശിയാണോ മഞ്ജു വാര്യരാണോ യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന തര്‍ക്കം പലകുറി സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പര്‍താര വിശേഷണത്തെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഉര്‍വശി.
ഉര്‍വശിയേയും മഞ്ജു വാര്യരേയും വേദിയിലേക്ക് ക്ഷണിച്ചു കൊണ്ട് രണ്ട് സൂപ്പര്‍താരങ്ങളുടെ സംഗമമാണ് നടക്കുന്നത് എന്നായിരുന്നു അവതാരക പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ഉര്‍വശിയുടെ പ്രതികരണം. 'രണ്ട് സൂപ്പര്‍സ്റ്റാര്‍ എന്ന് ഈ കുട്ടിപറഞ്ഞു. അത് ഒന്ന് മതി. സൂപ്പര്‍താരമെന്ന് പറയുന്നതില്‍ എനിക്ക് താല്‍പര്യമില്ല. കാരണം അങ്ങനെ ഒരു മഹാഭാരം ചുമക്കാന്‍ ഒന്നും കഴിയില്ല.
സൂപ്പര്‍സ്റ്റാറായിട്ട് നടക്കുക എന്നത് ഭയങ്കര പാടാണ്. നമുക്ക് ഇങ്ങനെ കുഴപ്പമൊന്നുമില്ലാതെ സൈഡില്‍ കൂടെ പോയാ മതി,' ഉര്‍വശി പറഞ്ഞു. അതേസമയം മഞ്ജുവുമായി ഒരു സിനിമ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നും എന്തോ കാരണത്താല്‍ അത് നടക്കാതെ പോയി എന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അതിനിടെ ഉര്‍വശി ചേച്ചി മഹാനടിയാണ് എന്നും കുട്ടിക്കാലം തൊട്ട് താന്‍ ആരാധിക്കുന്ന നടിയാണ് ഉര്‍വശി എന്നും മഞ്ജു പറഞ്ഞു.
ഇപ്പോഴും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന നടിയാണ് ഉര്‍വശി ചേച്ചിയെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. 'ഉര്‍വശി ചേച്ചിയുടെ അടുത്ത് നില്‍ക്കുമ്പോഴെല്ലാം എനിക്ക് അമ്പരപ്പാണ്. ഞാന്‍ നോക്കിയിരിക്കും. ഉര്‍വശി ചേച്ചിയുള്ള സദസില്‍ എനിക്കും ഇരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്,' മഞ്ജു വാര്യര്‍ പറഞ്ഞു. അതേസമയം ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനത്തിനും മഞ്ജു അഭിനന്ദനം അറിയിച്ചു.
വലിയ ലെഗസിയാണ് കുഞ്ഞാറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ളത് എന്നും എല്ലാ വിധ ആശംസകളും അറിയിക്കുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു. നേരത്തെ ഉര്‍വശി, നടന്‍ മനോജ് കെ ജയനെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തില്‍ ഉള്ള കുട്ടിയാണ് കുഞ്ഞാറ്റ. പിന്നീട് ഇരുവരും വിവാഹ മോചിതരായിരുന്നു.












Click it and Unblock the Notifications