'മാനനഷ്ടക്കേസും ട്രെന്റിംഗ് ആകും'; വരനെക്കുറിച്ചുള്ള വാർത്തകളിൽ മറുപടിയുമായി വരലക്ഷ്മി
ചെന്നൈ: അടുത്തിടെയാണ് ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത്. മുംബൈ സ്വദേശിയായ ആർട്ട് ഗാലറിസ്റ്റ് നിക്കൊളായി സച്ച്ദേവ് ആണ് വരൻ. ഇരുവരും 14 വർഷക്കാലമായി സുഹൃത്തുക്കളാണ്. അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരം.
മുംബൈയിൽ വെച്ചാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന് പിന്നാലെ നിക്കൊളായി സച്ച്ദേവിനെക്കുറിച്ച് പല വാർത്തകളും വന്നിരുന്നു. നിക്കൊളായ് സച്ച്ദേവിന്റെ രണ്ടാം വിവാഹമാണ് ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പല വാർത്തകളും വന്നത്. കവിത എന്ന മോഡലിനെയാണ് നിക്കോളായി നേരത്തെ വിവാഹം ചെയ്തിരുന്നത്.

2010 ൽ കവിത മിസിസ് ഗ്ലാഡ്രാഗ്സ് പട്ടം നേടിയിരുന്നു. ആദ്യ വിവാഹത്തിൽ നിക്കോളായ്ക്ക് 15 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. നിക്കോളായിയുടേത് രണ്ടാം വിവാഹം ആണെന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും പല സൈറ്റുകളിലും പല കഥകളും ഇറങ്ങി.
വരലക്ഷ്മിയുടെ പേരിൽ മുൻപ് വ്യാപകമായി പറഞ്ഞുകേട്ടിരുന്ന ഗോസിപ്പുകളുമായി ഇക്കാര്യം ബന്ധിപ്പിച്ച് വാർത്തകൾ വന്നു. എന്നാൽ വരലക്ഷ്മിയോ കുടുംബമോ ആദ്യമൊന്നും ഇതിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ വരലക്ഷ്മി തന്നെ പ്രതികരണം നടത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്കും വരും എതിരെ വരുന്ന വാർത്തകൾക്കെതിരെ താരം പ്രതികരിച്ചത്.
പഴയ ഫേക്ക് ന്യൂസകൾ അല്ലാതെ ഏറെ കഴിവുള്ള നമ്മുടെ മാധ്യമങ്ങൾക്ക് വേറെ വാർത്തയൊന്നും ഇല്ല എന്ന് അറിയുന്നതിൽ സങ്കടമുണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. ന്യൂസ് സൈറ്റുകൾ എന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങൾ നടത്തുന്ന പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരോടാണ് നിങ്ങൾ എപ്പോഴാണ് യഥാർത്ഥ ജേണർലിസം നടത്തുക എന്നും താരം ചോദിക്കുന്നു.
താരങ്ങളുടെ ജീവിത പ്രശ്നങ്ങൾ കൊടുക്കുന്നത് ദയവായി അവസാനിപ്പിക്കണമെന്നും താരം പറയുന്നു. ഞങ്ങൾ അഭിനേതാക്കൾ അഭിനയിക്കുന്നു. കാണികളെ രസിപ്പിക്കുന്നു. ആ പണി ഞങ്ങൾ ചെയ്യുന്നു നിങ്ങളുടെ പണി നിങ്ങൾ ചെയ്യൂ.
വേറെ പതിനായിരം വിഷയങ്ങൾ നിങ്ങളുടെ ശ്രദ്ധയ്ക്ക് ആയി കാത്തിരിക്കുന്നു. എന്റെ നിശബ്ദത എന്റെ ബലഹീനതയായി കാണരുത്, വരലക്ഷ്മി ശരത് കുമാർ പറഞ്ഞു. മാനനഷ്ടക്കേസും ട്രെന്റിംഗ് ആകുമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക, അതിന് ശേഷം ജേണർലിസം എന്ന ജോലിയെ അഭിമാനമുള്ളതാക്കൂ എന്നും താരം പറയുന്നു.












Click it and Unblock the Notifications