എആർ റഹ്മാന് പിന്നാലെ മറ്റൊരു വിവാഹമോചനം; വേർപിരിയൽ പ്രഖ്യാപിച്ച് റഹ്മാൻ ട്രൂപ്പിലെ മോഹിനി ഡേ
സംഗീത സംവിധായകൻ എആർ റഹ്മാൻ വിവാഹമോചിതനായതിനായതിന് പിന്നാലെ ഭർത്താവുമായി വേർപിരിയൽ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ തന്നെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ്. മോഹിനി ഡേയാണ് ഭർത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചുമായി നിയമപരമായി വേർപിരിയുകയാണെന്ന് അറിയിച്ചത്. ഇരുവരും സംയുക്തമായാണ് ഇൻസ്റ്റഗ്രാമിലൂടെ വിവരം പങ്കുവെച്ചത്.
'ഏറെ ഹൃദയഭാരത്തോടെ ഞാനും മാർക്കും വേർപിരിഞ്ഞതായി പ്രഖ്യാപിക്കുകയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും, ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനായി പരസ്പര ധാരണയോടെയാണ് വേർപിരിയുന്നത്', മോഹിനി പറഞ്ഞു. വേർപിരിഞ്ഞെങ്കിലും മാമോഗി, മോഹിനി ഡേ ഉൾപ്പെടെയുള്ള പ്രൊജക്ടുകളിൽ തങ്ങൾ തുടർന്നും സഹകരിക്കുമെന്നും മോഹിനി വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും മുൻവിധിയോടെ പ്രതികരിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.

കൊൽക്കത്ത സ്വദേശിയാണ് 29 കാരിയായ മോഹിനി ഡേ. എആർ റഹ്മാനൊപ്പം 40 ഓളം സംഗീത ഷോകളിൽ അവർ ഭാഗമായിട്ടുണ്ട്. 2023 ആഗസ്റ്റിൽ തന്റെ ആദ്യ ആൽബം അവർ പുറത്തിറക്കിയിരുന്നു.
അതേസമയം ബുധനാഴ്ചയാണ് തങ്ങൾ വിവാഹമോചിതരായെന്ന് റഹ്മാനും സൈറ ബാനുവും ആരാധകരെ അറിയിച്ചത്. സൈറയാണ് ആദ്യം വേർപിരിയൽ വാർത്ത പങ്കിട്ടത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ ബാനു പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞത്. പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ റഹ്മാനും വേർപിരിയലിനെ കുറിച്ച് പ്രതികരിച്ചു. മുപ്പത് വർഷം ഈ ബന്ധം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, തകർന്നത് കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല' എന്നാണ് റഹ്മാൻ പറഞ്ഞത്.












Click it and Unblock the Notifications