മമ്മൂട്ടിയും മോഹന്‍ലാലും തന്നെ മുന്നില്‍, വിജയിയ്ക്കും രജനിക്കും തൊടാന്‍ പോലുമായില്ല; താരമായി പൃഥ്വി!
2024 മലയാള സിനിമയെ സംബന്ധിച്ച് നിരവധിയായ നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്. ഒരേസമയം കലാമൂല്യവും ബോക്‌സോഫീസ് ഹിറ്റും മലയാള സിനിമയെ തേടി വന്ന വര്‍ഷമായിരുന്നു ഇത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമുണ്ടായതും 2024 ല്‍ ആയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് 200 കോടി എന്ന നേട്ടം ആദ്യം കൈവരിച്ചത്.
ഇത് കൂടാതെ മറ്റൊര്‍ത്ഥത്തിലും മലയാള സിനിമ ഈ വര്‍ഷം നേട്ടം കൊയ്തു. അതില്‍ പ്രധാനം മലയാള സിനിമകള്‍ അന്യഭാഷ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ഫസ്റ്റ് ഡേ കളക്ഷന്‍ നേടി എന്നത് തന്നെയാണ്. 2023 ല്‍ അന്യഭാഷാ ചിത്രങ്ങളായിരുന്നു കേരളത്തിലെ തിയേറ്ററുകള്‍ അടക്കി ഭരിച്ചിരുന്നതെങ്കില്‍ 2024 ല്‍ സ്ഥിതി മാറി. തെന്നിന്ത്യയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളേഴ്‌സായ വിജയിയ്ക്കും രജനീകാന്തിനും പോലും ഇത് മാറ്റാനായില്ല.

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം മലയാള സിനിമയില്‍ അവസാനമായി സൂപ്പര്‍സ്റ്റാര്‍ പട്ടം ലഭിച്ച താരം എന്ന സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്ന പൃഥ്വിരാജിനായിരുന്നു എന്നതും ശ്രദ്ധേയമായി. സൗത്ത് ഇന്ത്യന്‍ ബോക്‌സോഫീസ് ആണ് 2024 ല്‍ കേരള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
2024 ല്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോയാണ്. 6.15 കോടി രൂപയാണ് വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നേടിയത്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ എത്തിയ മലൈക്കോട്ടൈ വാലിബന്‍ ആണ്. 5.85 കോടി രൂപയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആടുജീവിതമാണ് മൂന്നാം സ്ഥാനത്ത്.
പൃഥ്വിരാജിന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഈ ചിത്രം 5.83 കോടി രൂപ ആദ്യദിനം കളക്ഷന്‍ നേടി. വിജയ് ചിത്രം ദി ഗോട്ട് 5.8 കോടി രൂപയും രജനീകാന്ത് ചിത്രം വേട്ടയ്യന്‍ 4.10 കോടി രൂപയുമാണ് ആദ്യദിനം കേരള ബോക്‌സോഫീല്‍ നിന്ന് നേടിയത്. ഗുരുവായൂരമ്പലനടയില്‍ (3.65 കോടി), ആവേശം (3.5), മഞ്ഞുമ്മല്‍ ബോയ്‌സ് (3.35), ഭ്രമയുഗം (3.05)സ വര്‍ഷങ്ങള്‍ക്ക് ശേഷം (3), എബ്രഹാം ഓസ്ലര്‍ (2.90 കോടി) എന്നിങ്ങനെയാണ് ആദ്യ പത്തിലെ മറ്റ് ചിത്രങ്ങള്‍.












Click it and Unblock the Notifications