' നീ വാതിലിൽ മുട്ടല്ലേ, കമ്മീഷനൊക്കെ ഉള്ളതാണ്'..ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് കൃഷ്ണകുമാർ..വിമർശനം
സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യ സിന്ധുവും മക്കളായ അഹാന കൃഷ്ണ, ഇഷാനി, ദിയ, ഹൻസിക എന്നിവരെല്ലാവരും പല വ്ലോഗുകളും പങ്കിടാറുണ്ട്. വീട്ടിലെ വിശേഷങ്ങളാണ് സിന്ധു പ്രധാനമായും പങ്കുവെയ്ക്കാറുള്ളത്. ഇത്തവണ സിന്ധുവെത്തിയത് മക്കൾക്കും ഭർത്താവിനുമൊപ്പമാണ്. രണ്ടാമത്തെ മകൾ ദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് എല്ലാവരും വീഡിയോയിൽ പങ്കിടുന്നത്. എന്നാൽ അതിനിടയിൽ കൃഷ്ണകുമാർ നടത്തിയൊരു പരമാർശനം വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അധിക്ഷേപിച്ച് കൊണ്ടുള്ള കൃഷ്ണകുമാറിന്റെ വാക്കുകളാണ് വിമർശനത്തിന് കാരണമായത്.
വിവാഹത്തിന് എല്ലാവരും ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ വിവാഹത്തിന് അച്ഛൻ ധരിക്കുന്ന വസ്ത്രം കാണണ്ടേയെന്ന് സിന്ധു മകൾ ദിയയോട് ചോദിക്കുന്നുണ്ട്. ഇതിനിടെ നീ എന്താണ് പറയുന്നത് അച്ഛന്റെ കല്ല്യാണമെന്നോ നീ പറയുന്നത് കേട്ടാൽ ഞാൻ വീണ്ടും കെട്ടാൻ പോവുകയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്നാണ് കൃഷ്മകുമാർ പറഞ്ഞത്. നീ ഓരോന്ന് ഒന്നും പറയല്ലേ,ഒരോ കമ്മീഷനൊക്കെ വന്ന് കൊണ്ടിരിക്കുന്ന കാലമാണ്, ചുമ്മാ കല്യാണം എന്നൊന്നും പറയല്ലേ,നീ എന്റെ വാതിലിലൊന്നും വന്ന് മുട്ടല്ലേ', എന്ന് പറഞ്ഞ് കൃഷ്ണകുമാർ പൊട്ടിച്ചിരിക്കുകയാണ്.

എന്നാൽ കൂടെയിരുന്ന മകൾ തനിക്ക് അച്ഛൻ പറഞ്ഞതൊന്നും മനസിലായില്ലെന്ന് പറയുമ്പോൾ ഇതൊന്നും മനസിലാക്കേണ്ടെന്നായിരുന്നു കൃഷ്ണകുമാറിന്റേയും ഭാര്യയുടേയും പ്രതികരണം. ജീവിക്കാൻ പഠിച്ചാൽ മതിയെന്നും കൃഷ്ണകുമാർ പറയുന്നുണ്ട്. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്. നാല് പെൺമക്കളുടെ അച്ഛനാണ്. സ്ത്രീശാക്തീകരണത്തെ കുറിച്ചൊക്കെ പറഞ്ഞ് അവസാനം ഹേമ കമ്മീഷനെ അപമാനിക്കുന്നു, നിസഹായയായ സ്ത്രീ അതിൽ പങ്കുചേരുന്നു, എന്തൊരു വിരോധഭാസം', എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ഗുരുതരമായ പല കണ്ടെത്തലുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നടിമാർക്കതെിരെ നടക്കുന്ന അതിക്രമങ്ങൾ, വേതന വിവേചനം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അവസരത്തിന് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും മുറിയുടെ വാതിലിൽ അടക്കം വന്ന് ചിലർ മുട്ടി വിളിക്കുമെന്നുമെല്ലാണ് റിപ്പോർട്ടിൽ പരാമർശം ഉള്ളത്.
എന്നാൽ ഇത്രയും ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നിട്ടും ഈ വിഷയത്തിൽ പ്രതികരിക്കാൻ താരസംഘടനയായ അമ്മ ഇതുവരെ തയ്യാറായിട്ടില്ല. പ്രത്യേക യോഗം ചേരാനോ എന്ത് നടപടിയെടുക്കുമെന്ന് അറിയിക്കാനോ പോലും സംഘടനയുടെ തലപ്പത്ത് ഉള്ളവർ ഒരുങ്ങുന്നില്ലെന്നത് വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. അതിനിടെ സർക്കാരിനെതിരേയും വിമർശനം ഉയരുന്നുണ്ട്. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിൻമേൽ കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ എന്തുകൊണ്ടാണ് സർക്കാർ തയ്യാറാവാത്തത് എന്ന ചോദ്യവുമാണ് പ്രധാനമായും ഉയരുന്നത്.












Click it and Unblock the Notifications