അക്ഷയ് കുമാർ ഒരു പടത്തിന് വാങ്ങുന്നത് 80 കോടി: ആകെ സ്വത്ത് എത്ര? ആയിരമോ രണ്ടായിരമോ കോടിയല്ല
ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ 55-ാം പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. ഓ മൈ ഗോഡ് എന്ന പുതിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോകുന്നതിനിടെയാണ് പിറന്നാള്‍ ആഘോഷവും. ഇതോടൊപ്പം തന്നെ വെൽകം ടു ദ് ജംഗിൾ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും പിറന്നാളിനോട് അനുബന്ധിച്ച് ഉണ്ടായി.
ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെൽകം സിനിയമയുടെ മൂന്നാം ഭാഗമാണ് വെൽകം ടു ദ് ജംഗിൾ. അക്ഷയ്കുമാറിന് പുറമെ സഞ്ജയ് ദത്ത്, അർഷാദ് വർസി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടോൻ, ലാറ ദത്ത, പരേഷ് റാവൽ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

30 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ നടൻ രണ്ട് ഫിലിംഫെയർ അവാർഡുകളും രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ബോളിവുഡ് താരത്തെ തേടിയെത്തി. 1992-ൽ പുറത്തിറങ്ങിയ "ഖിലാഡി" എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അദ്ദേഹം ഉയർന്നു. പിന്നീട് ഇതുവരെ തിരിഞ്ഞ് നോക്കണ്ടി വരാത്ത കരിയർ കൂടിയാണ്.
റിപ്പോർട്ടുകൾ പ്രകാരം അക്ഷയ് കുമാറിന്റെ ആസ്തി 2,500 കോടി രൂപയിലധികം വരും. ബോളിവുഡിലെ ആദ്യകാല വിജയങ്ങളാണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നതില്‍ നിർണ്ണായകമായി മാറിയത്. സിനിമയാണ് പ്രധാന വരുമാന സ്രോതസ്സെങ്കിലും, അദ്ദേഹത്തിന് നിരവധി ബിസിനസ്സ് താൽപ്പര്യങ്ങളും ഉണ്ട്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം പരസ്യങ്ങളില്‍ നിന്നുമാണ്.
ഒരു സിനിമയ്ക്ക് 80 കോടി രൂപയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഒരു ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റിന് ഏകദേശം 6 കോടി രൂപയും അക്ഷയ് കുമാർ വാങ്ങിക്കുന്നു. കൂടാതെ, തന്റെ പല സിനിമകളുടെയും പ്രതിഫലത്തിന് പുറമെ സിനിമകളുടെ ലാഭത്തിന്റെ ഒരു വിഹിതവും താരത്തിന് ലഭിക്കുന്നു. എല്ലാ വർഷവും നാലോ അഞ്ചോ പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിനാൽ ബോളിവുഡിലെ തിരക്കേറിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
2008-ൽ അക്ഷയ് കുമാർ സ്വന്തം പ്രൊഡക്ഷൻ ഹൗസായ ഹരി ഓം എന്റർടൈൻമെന്റ് കമ്പനി (ഇപ്പോൾ കേപ് ഓഫ് ഗുഡ് ഫിലിംസ്) സ്ഥാപിച്ചു. ഇതിന് ശേഷം നാല് വർഷത്തിന് ശേഷം അദ്ദേഹം ഗ്രേസിംഗ് ഗോട്ട് പിക്ചേഴ്സ് എന്ന പേരിൽ മറ്റൊരു പ്രൊഡക്ഷൻ ബാനറും സ്ഥാപിച്ചു. "മിഷൻ മംഗൾ", "കേസരി" തുടങ്ങിയ ബോക്‌സോഫീസ് ഹിറ്റുകളടക്കം 30 ഹിന്ദി ചിത്രങ്ങൾ കേപ് ഓഫ് ഗുഡ് ഫിലിംസ് ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളിലും അക്ഷയ് കുമാർ തന്നെയായിരുന്നു നായകന്‍. ലോക കബഡി ലീഗിലെ 'ഖൽസ വാരിയേഴ്‌സ്' കബഡി ടീമും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, കനേഡിയൻ പൗരത്വത്തെച്ചൊല്ലി ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുള്ള താരത്തിന് കഴിഞ്ഞ സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു. രാഷ്ട്രീയപരമായ പ്രതികരണങ്ങൾ നടത്തിയാൽ എതിരാളികൾ താരത്തിനെതിരെ ഉപയോഗിക്കുന്ന ആയുധവും അദ്ദേഹത്തിന്റെ പൗരത്വമായിരുന്നു. ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാൻ സമ്പാദിച്ചതും നേടിയതുമെല്ലാം ഇവിടെനിന്നാണ് എന്നായിരുന്നു ഇതേക്കുറിച്ച് അക്ഷയ്‌കുമാർ അന്ന് പ്രതികരിച്ചത്.












Click it and Unblock the Notifications