അല്ലു-ബേസില്‍ കോമ്പോ ഉണ്ടാകുമോ? കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെ ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകര്‍
ബംഗളുരു: 'പുഷ്പ 2: ദി റൂള്‍' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ അനിഷേധ്യ താരമായി വളര്‍ന്നിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇതുവരെയുള്ള റെക്കോഡുകള്‍ ഭേദിച്ചാണ് 'പുഷ്പ 2' തീയറ്ററുകളില്‍ നിന്ന് കളക്ഷന്‍ നേടിയത്. ആഗോളതലത്തില്‍ 1,830 കോടിയിലധികം രൂപയാണ് 'പുഷ്പ 2' നേടിയത്. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമായി ഇതു മാറുകയും ചെയ്തു. ആമിര്‍ ഖാന്റെ 'ദംഗല്‍' എന്ന ചിത്രം മാത്രമാണ് 'പുഷ്പ 2'-നു മുന്നിലുള്ളത്. ഇതോടെ അല്ലു അര്‍ജുന്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് താരാധിപത്യം ഉറപ്പിക്കുകയും ചെയ്തു.
പുഷ്പ 2ന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് പിന്നാലെ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അടുത്തതായി അഭിനയിക്കുന്നത്. ഒരു പുരാണ കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ വിവിധ ഭാഷകളിലെ സംവിധായകരാണ് അദ്ദേഹത്തെ സമീപിക്കുന്നത്. അതിനിടെ മലയാളി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് വരുന്നത്.

മലയാളത്തിലെ യുവ സംവിധായകരില്‍ ഏറ്റവും പ്രശസ്തനായ ബേസില്‍ ജോസഫ് അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല. എന്നാലും ഒരു അര്‍ജുന്‍-ബേസില്‍ ജോസഫ് കോമ്പോ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 123 തെലുങ്ക് എന്ന മാധ്യമത്തെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
മിന്നല്‍ മുരളി എന്ന നാടന്‍ സൂപ്പര്‍ ഹീറോ ചിത്രത്തിലൂടെയാണ് ബേസില്‍ ജോസഫ് രാജ്യവ്യാപകമായി ശ്രദ്ധ നേടിയത്. സൂക്ഷ്മദര്‍ശിനി, പ്രാവിന്‍കൂട് ഷാപ്പ്, പൊന്‍മാന്‍ എന്നീ ചിത്രങ്ങളിലൂടെ ഇപ്പോള്‍ ഹാട്രിക് ഹിറ്റ് നേട്ടമാണ് ബേസില്‍ കൈവരിച്ചിരിക്കുന്നത്. കുറച്ചു ചിത്രങ്ങള്‍ കൊണ്ടു തന്നെ മികച്ച സംവിധാകനെന്ന പേരെടുക്കാന്‍ ബേസിലിന് കഴിഞ്ഞിട്ടുണ്ട്. ബേസിലിന്റെ അടുത്ത സംവിധാന സംരംഭത്തില്‍ തമിഴ് സൂപ്പര്‍താരം സൂര്യ എത്തിയേക്കുമെന്നും സൂചനകളുണ്ട്.
എന്നാല്‍ അല്ലു അര്‍ജുന്റെയും ബേസില്‍ ജോസഫിന്റെയും അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് മലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാവുന്ന ചിത്രങ്ങളാണ് ബേസിലിന്റേത്. അതിനാല്‍ തുടര്‍ച്ചയായ ഹിറ്റുകളാണ് ബേസില്‍ മലയാള സിനിമാ വ്യവസായത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബേസില്‍ ജോസഫിന്റെയും അല്ലു അര്‍ജുന്റെയും കോമ്പോ പ്രതീക്ഷിക്കാം എന്നു തന്നെയാണ് ആരാധകര്‍ പറയുന്നത്.












Click it and Unblock the Notifications