പുഷ്പ താരം ജഗദീഷ് പ്രതാപ് കുരുക്കില്‍; കുറ്റം സമ്മതിച്ചുവെന്ന് റിപ്പോര്‍ട്ട്... വെട്ടിലായ സംഭവം ഇങ്ങനെ
ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ദി റൈസ് എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്ത താരമാണ് ജഗദീഷ് പ്രതാപ് ബണ്ടാരി. പുഷ്പയുടെ രണ്ടാം ഭാഗം പുറത്തുവരാനിരിക്കെ താരം വെട്ടിലായിരിക്കുകയാണ്. പഴയ കാമുകിയുടെ ദുരൂഹ മരണമാണ് ജഗദീഷിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. കേസില്‍ അടുത്തിടെ ജഗദീഷിനെ അറസ്റ്റ് ചെയ്തിരുന്നു.
ഹൈദരാബാദ് പോലീസ് വിശദമായി ചോദ്യം ചെയ്ത പിന്നാലെ ജഗദീഷ് കുറ്റം സമ്മതിച്ചു എന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യ ഗ്ലിറ്റ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. കേസില്‍ പോലീസ് വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിചാരണ നടപടികളിലേക്ക് ഉടനെ കടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ജഗദീഷുമായി അടുപ്പമുള്ളവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജഗദീഷിന്റെ പഴയ കാമുകിയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ യുവതിയെയാണ് അവരുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 29നായിരുന്നു സംഭവം. യുവതിയുടെ കുടുംബം ജഗദീഷിനെതിരെ രംഗത്തുവന്നിരുന്നു. യുവതിയെ ജഗദീഷ് ഭീഷണിപ്പെടുത്തിയതാണ് ജീവനൊടുക്കുന്നതിലേക്ക് എത്തിയത് എന്നായിരുന്നു ആരോപണം. വൈകാതെ പോലീസ് നടനെ അറസ്റ്റ് ചെയ്തു.
ജഗദീഷും യുവതിയും വളരെ അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇരുവരും അകന്നു. മറ്റൊരാളുമായി യുവതി അടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജഗദീഷ് ഭീഷണിപ്പെടുത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ജഗദീഷ് ഭീഷണിപ്പെടുത്തി എന്നായിരുന്നു ആരോപണം.
ജഗദീഷിന്റെ ഭീഷണിയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് കുടുംബം പറയുന്നു. തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് ജഗദീഷിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. വിശദമായ ചോദ്യം ചെയ്യലില്‍ ജഗദീഷ് കുറ്റം സമ്മതിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. താരത്തിന്റെ സിനിമാ ഭാവി ഇതോടെ തുലാസിലായിരിക്കുകയാണ്.
നടനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 174 വകുപ്പ് ഉള്‍പ്പെടെയാണ് ജഗദീഷിനെതിരെ ചുമത്തിയിട്ടുള്ളത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ ജഗദീഷിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല. സാത്തി ഗാനി രണ്ടു യെകാരലു എന്ന ചിത്രമാണ് ജഗദീഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.












Click it and Unblock the Notifications