'അണ്ണാ എല്ലാം ഓക്കെ അല്ലേ'; വൈറലായി ആന്റണിയുടെ പോസ്റ്റ്: ഡബിള്‍ ഒകെയെന്ന് ആരാധകര്‍
ഒരു വശത്ത് ചേരി തിരിഞ്ഞുള്ള വിവാദങ്ങള്‍ ആളിക്കത്തുമ്പോഴും മറുവശത്ത് എല്ലാ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്ന വിജയക്കുതിപ്പാണ് എമ്പുരാന്‍ കാഴ്ച്ചവയ്ക്കുന്നത്. വിവാദങ്ങളില്‍ ഉലയാതെയുള്ള എമ്പുരാന്റെ ബോക്‌സ് ഓഫീസ് വിജയം അണിയറ പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല. സിനിമയെ തളര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ലെന്ന സൂചനകളാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
ആഗോള ബോക്സ് ഓഫീസില്‍ 250 കോടി കളക്ഷന്‍ നേടി മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ് എമ്പുരാന്‍. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമാണ് എമ്പുരാന്‍. ഈ നേട്ടത്തിനു പിന്നാലെ പൃഥ്വിരാജ്, മോഹന്‍ലാല്‍, മുരളി ഗോപി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ അതിവേഗം വൈറലായി.

എമ്പുരാന്‍ സിനിമയുടെ പിന്നിലെ പ്രധാനപ്പെട്ട വ്യക്തികളാണ് പൃഥ്വിരാജും മോഹന്‍ലാലും മുരളി ഗോപിയും. 'സ്‌നേഹപൂര്‍വ്വം' എന്ന കാപ്ഷനോടെയാണ് ആന്റണി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിവാദങ്ങള്‍ തങ്ങളുടെ കൂട്ടുകെട്ടിനെ തകര്‍ക്കില്ലെന്നുള്ള സൂചനയാണ് ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റുകള്‍ നല്‍കുന്നത്. ചിത്രത്തിനെതിരേ പല കോണുകളില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുമുള്ള മറുപടി എന്ന നിലയിലാണ് ആന്റണിയുടെ പോസ്റ്റ് എന്നു വിലയിരുത്തുന്നവരും ഉണ്ട്.
അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പൃഥ്വിക്കൊപ്പമുള്ള ചിത്രത്തിന് ആന്റണി നല്‍കിയ അടിക്കുറിപ്പാണ്. 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്നായിരുന്നു ക്യാപ്ഷന്‍. ഇരുപതിനായിരത്തോളം ലൈക്കാണ് ഈ പോസ്റ്റിന് നിമിഷങ്ങള്‍ക്കകം ലഭിച്ചത്. എമ്പുരാന്റെ ബജറ്റുമായി ബന്ധപ്പെട്ട് നിര്‍മാതാവ് സുരേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഷെയര്‍ ചെയ്ത് പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് എല്ലാം ഓക്കെ അല്ലേ അണ്ണാ എന്നത്. ഈ വാക്കുകളാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ പുതിയ ചിത്രത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.
'എന്നും എപ്പോഴും' എന്ന കുറിപ്പോടെ തൊട്ട് പിന്നാലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും ആന്റണി പോസ്റ്റ് ചെയ്തു. ഇതിന് ശേഷമാണ് മുരളി ഗോപിക്കൊപ്പമുള്ള ചിത്രം ആന്റണി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പോസ്റ്റ് മിനിറ്റുകള്‍ക്കകം ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു.
മാര്‍ച്ച് 27 ന് പുറത്തെത്തിയത് മുതല്‍ നാടകീയമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പേരിലുണ്ടായത്. ഉള്ളടക്കത്തെച്ചൊല്ലി സംഘപരിവാറില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. റീ സെന്‍സറിങ് വാര്‍ത്ത എത്തിയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ കളക്ഷന്‍ കൂടിയിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് 72 ദിവസം കൊണ്ട് നേടിയ കളക്ഷന്‍ വെറും പത്ത് ദിവസം കൊണ്ട് തകര്‍ത്തെഴുതിയതും എമ്പുരാന്റെ നേട്ടമാണ്. എമ്പുരാന്‍ ഇറങ്ങിയതിനു പിന്നാലെ മേജര്‍ രവി ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഏറെ ചര്‍ച്ചയായത്. മോഹന്‍ലാല്‍ സിനിമ കണ്ടിട്ടില്ലെന്ന
മേജര്‍ രവിയുടെ പ്രസ്താവനക്കെതിരേ ആന്റണി പെരുമ്പാവൂര്‍ തന്നെ രംഗത്തെത്തി. പൃഥ്വിരാജിനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ആന്റണി തടയിടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications