'അമ്മ' തലപ്പത്ത് വന്‍മാറ്റം; ഇടവേള ബാബുവും മോഹന്‍ലാലും സ്ഥാനമൊഴിയും? പകരമെത്തുന്നത്..
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതായാണ് വിവരം. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാല്‍നൂറ്റാണ്ടായി അമ്മ നേതൃനിരയിലുള്ള ഇടവേള ബാബു സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
1994 ല്‍ ആണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്‌സ് എന്ന അമ്മ സംഘടന രൂപീകരിക്കുന്നത്. എംജി സോമനായിരുന്നു ആദ്യ പ്രസിഡന്റ്. ടിപി മാധവന്‍ സെക്രട്ടറിയും. 2000-03 കാലയളവിലെ ഭരണസമിതിയില്‍ ജോയന്റ് സെക്രട്ടറിയായിട്ടാണ് ഇടവേള ബാബു സംഘടനാ ഭാരവാഹിത്വത്തിലേക്ക് എത്തുന്നത്. 2003-06, 2006-09 കാലത്തിലെ ഭരണസമിതിയിലും ജോയന്റ് സെക്രട്ടറിയായി.

Image Credit: AMMA Website
2009-2012 കാലയളവിലെ ഭരണസമിതിയിലാണ് ആദ്യമായി ജനറല്‍ സെക്രട്ടറിയാകുന്നത്. പിന്നീട് ഇതുവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്ന് വരികയാണ്. കഴിഞ്ഞ തവണയും നേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ഇടവേള ബാബു സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും മമ്മൂട്ടിയുടെ നിര്‍ബന്ധപ്രകാരം തുടരുകയായിരുന്നു. എന്നാല്‍ ഇത്തവണ എന്തായാലും മാറുമെന്നും പുതിയ ആള്‍ക്കാര്‍ വരട്ടെ എന്നുമാണ് ബാബുവിന്റെ നിലപാട്.
ഒരു മാറ്റം അനിവാര്യമാണെന്നും താന്‍ ആയിട്ട് മാറിയാലെ നടക്കൂ എന്നും അദ്ദേഹം പറയുന്നു. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹന്‍ലാലും പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ജൂണ്‍ 30 ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം ചേരുന്നത്. ആവശ്യം വന്നാല്‍ തിരഞ്ഞെടുപ്പ് നടത്തും. നിലവില്‍ അമ്മ സംഘടനയില്‍ 506 പേര്‍ക്ക് വോട്ടവകാശമുണ്ട്.
ജൂണ്‍ മൂന്ന് മുതലാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ച് തുടങ്ങുക. 2021 ല്‍ ആണ് അവസാനമായി സംഘടനയില്‍ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മോഹന്‍ലാലും ഇടവേള ബാബുവും യഥാക്രമം പ്രസിഡന്റ് സ്ഥാനത്തേക്കും സെക്രട്ടറി സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്കും വോട്ടെടുപ്പ് നടന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ് ബാബുവും വിജയിച്ചു. ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച നിവിന്‍ പോളി, ഹണി റോസ്, നാസര്‍ ലത്തീഫ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആശാ ശരത്ത് എന്നിവരും തോറ്റിരുന്നു. സാധാരണഗതിയില്‍ അമ്മയില്‍ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങള്‍ അംഗീകരിക്കാറാണ് പതിവ്.
എന്നാല്‍ നടിയെ ആക്രമിച്ച കേസിന് ശേഷമുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. വര്‍ഷങ്ങളായി നേതൃസ്ഥാനത്തുണ്ടായിരുന്ന മോഹന്‍ലാലും ഇടവേള ബാബുവും സ്ഥാനമൊഴിയുമ്പോള്‍ ആരായിരിക്കും പകരമെത്തുക എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.












Click it and Unblock the Notifications