മറ്റൊരു വിവാഹം കഴിച്ചത് പറയാതെ ബാല വഞ്ചിച്ചു: കോടികള്‍ പോയിട്ട് സ്വന്തം സ്വർണം പോലും എടുത്തില്ല: അമൃത സുരേഷ്
നടന്‍ ബാലയ്ക്കെതിരെ മകള്‍ അവന്തിക പങ്കുവെച്ച വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇതിന് മറുപടിയായി ബാല തന്നെ രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ മകള്‍ നേരിടേണ്ടി വരുന്ന സൈബർ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അവന്തികയുടെ അമ്മയും ഗായികയുമായ അമൃത സുരേഷും മുന്നോട്ട് വന്നിരിക്കുകയാണ്.
മകളെ ബ്രെയിന്‍വാഷ് ചെയ്ത അമൃത സുരേഷ് ബാലയ്ക്കെതിരെ മകളെ കൊണ്ട് പറയിപ്പിച്ചെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ അത്തരമൊരു ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ലെന്നും മകള്‍ അവളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നതാണെന്നുമാണ് അമൃത സുരേഷ് പറയുന്നത്.

'ആശുപത്രിയിലായിരിക്കുന്ന സമയത്ത് മകള്‍ ലാപ്ടോപ്പ് ചോദിച്ചെന്ന് ബാല പറയുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല. കോടതിയില്‍ പോയ സമയത്ത് അവളെ നിലന്തൂടെ വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കൊണ്ടുപോയത്. അതൊക്കെയാണ് അവള്‍ പറഞ്ഞത്. നൂറുകണക്കിന് ആളുകള്‍ കണ്ട കാര്യം ഞാന്‍ എങ്ങനെ ബ്രെയിന്‍ വാഷ് ചെയ്ത് പറയിപ്പിക്കണം' അമൃത സുരേഷ് പറയുന്നു.
മൂന്ന് വയസ്സില്‍ അവള്‍ കണ്ട ഒരു കാര്യമുണ്ട്. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് നാം കണ്ട് ഷോക്കിങ് ആയിട്ടുള്ള കാര്യം നമുക്ക് ഓർമ്മയുണ്ടാകുമല്ലോ. എനിക്ക് അങ്ങനെ ഓർമ്മയുണ്ട്. ഞങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടയില്‍ മകളെ പിടിച്ചെടുത്ത് കൊണ്ടുപോയിട്ടുള്ളത് വീട്ടിലെ ജോലിക്കാരായ ചേച്ചിമാരാണ്. കോടതിയില്‍ കേസ് നടക്കുന്ന സമയത്ത് അവർ അതൊക്കെ സാക്ഷിയായി പറഞ്ഞിട്ടുണ്ട്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ അവള്‍ അനുഭവിച്ച് പോയിട്ടുള്ള കാര്യങ്ങളാണ്. മകള്‍ മകളുടെ അനുഭവത്തില്‍ പറയുന്ന കാര്യങ്ങളാണ്. അവളെ ഞാന്‍ ബ്രെയിന്‍വാഷ് ചെയ്യണമായിരുന്നെങ്കില്‍ വളരെ നേരത്തെ തന്നെ ആകാമായിരുന്നു. അവള്‍ അവള്‍ക്ക് തോന്നിയത് പോലെ ഒരു വീഡിയോ ചെയ്തതിന് നിങ്ങള്‍ എന്തൊക്കെയാണ് ആ കൊച്ചിനെ പറയുന്നതെന്നും അമൃത സുരേഷ് ചോദിക്കുന്നു.
മകള്‍ സ്കൂളില്‍ പോകുന്ന സമയത്ത് ഒരിക്കല്‍ വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചത് അവള്‍ക്ക് വലിയ വിഷമമായിരുന്നു. അന്ന് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. അഭിരാമി ഈ വിഷയം സ്കൂളില്‍ പോയി സംസാരിച്ചു. എന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തെന്നാണ് നിങ്ങള്‍ പറയുന്നു.
പതിനെട്ടാമത്തെ വയസ്സില്‍ ഞാന്‍ ഒരാളെ സ്നേഹിച്ചു. അയാളെ തന്നെ കല്യാണം കഴിച്ചു. എന്നെ ഇങ്ങോട്ട് പ്രപ്പോസ് ചെയ്ത കാര്യം പറയാന്‍ പോലും ബാല ചേട്ടന് മടിയായിരുന്നു. ആ പ്രായത്തിലെ പ്രണയമാണ്. പലതും ആലോചിച്ചിട്ട് പോലുമില്ല. വിവാഹത്തിന് ശേഷം പലപ്പോഴും ചോരതുപ്പി ആ വീട്ടില്‍ കിടന്നിട്ടുണ്ട് ഞാന്‍. ഇക്കാര്യങ്ങള്‍ എനിക്ക് വീട്ടില്‍ പറയാന്‍ പോലും പറ്റില്ലായിരുന്നു. കാരണം അവർ അത്രയധികം ഈ വിവാഹത്തെ എതിർത്തിരുന്നു.
ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. നിശ്ചയമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ബാല ചേട്ടന്‍ എന്നെ കല്യാണം കഴിക്കുന്നതിന് മുന്നെ വേറെ ഒരാളെ കല്യാണം കഴിച്ചിരുന്നതായി അറിയുന്നത്. സംഗീത സംവിധായകന്‍ രാജാമണി സാറാണ് ഇക്കാര്യം അച്ഛനെ വിളിച്ച് പറയുന്നത്. അപ്പോഴും അച്ഛനും അമ്മയും പറഞ്ഞത് ഈ വിവാഹം വേണ്ടെന്നാണ്. എന്നാല്‍ എനിക്ക് അത്രയും ഇഷ്ടമായിരുന്നു ബാല ചേട്ടനെ. അങ്ങനെ ഞാനായി നിർബന്ധിച്ച് എടുത്ത തീരുമാനമായിരുന്നു ഈ വിവാഹം.
എന്റെ തീരുമാനം ആയതുകൊണ്ട് തന്നെ പല കാര്യങ്ങളും വീട്ടില്‍ പറയാന്‍ സാധിച്ചില്ല. ഞാന്‍ അനുഭവിച്ചതിനൊക്കെ വീട്ടിലെ ജോലിക്കാരൊക്കെ സാക്ഷികളായിരുന്നു. ഇനിയും ഞാന്‍ അവിടെ തുടർന്നാല്‍ മകളും അനുഭവിക്കേണ്ടി വരും എന്ന ഒരു സാഹചര്യത്തിലാണ് കിട്ടിയ സാധനങ്ങളുമായി അവിടെ നിന്നും ഇറങ്ങി ഓടുന്നത്. അല്ലാതെ നിങ്ങള്‍ പറയുന്നത് പോലെ കോടികളുമായിട്ടൊന്നും അല്ല ഞാന്‍ ഇറങ്ങിയത്.
എന്റെ സ്വർണമോ വണ്ടിയോ ഒന്നും ഞാന്‍ അവിടെ നിന്ന് എടുത്തിട്ടില്ല. എനിക്ക് ഒന്നും വേണ്ട. വിവാഹ മോചന കേസ് നടക്കുമ്പോള്‍ നഷ്ടപരിഹാരം ചോദിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ വെച്ച് വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു. ആ സംഭവത്തിന് ശേഷം അവള്‍ കടന്നുപോയ ഒരു ട്രോമയുണ്ട്. എനിക്ക് ഒരു നഷ്ടപരിഹാരവും വേണ്ട, കൊച്ചിനെ ഉപദ്രവിക്കരുത് എന്ന് ഞാന്‍ പറഞ്ഞെന്നും അമൃത സുരേഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications