'കൗമാരത്തിൽ വളരെ വേദനിച്ചു,വ്യക്തിഹത്യ നേരിട്ടു, എന്നിട്ടും നീ അധ്വാനിച്ചു'; അനശ്വരയെ കുറിച്ച് കുറിപ്പ്
കൊച്ചി: നേര് ചിത്രത്തിൽ നടി അനശ്വര രാജന്റെ പ്രകടനത്തിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ചിത്രത്തിൽ സാറ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. അന്ധയായ പെൺകുട്ടിയായി പക്വതയോടെയുള്ള പ്രകടനമായിരുന്നു നടിയുടേത്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമാണ് ഈ സിനിമയിലേതെന്നാണ് റിപ്പോർട്ടുകൾ.
നിരവധി പേരാണ് അനശ്വരയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ അനശ്വരയെ കുറിച്ച് സഹോദരി ഐശ്വര്യ രാജൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഐശ്വര്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ. നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.
ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്‌റ്റംബർ 28 ഓർമ്മിപ്പിക്കുന്നു
ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു .നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു.എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും. എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ് അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെ ആണ്, ഐശ്വര്യ പോസ്റ്റിൽ പറഞ്ഞു.
അതേസമയും സിനിമയുടെ വിജയത്തിൽ നന്ദി അറിയിച്ച് കൊണ്ട് നടി അനശ്വരയും പോസ്റ്റ് പങ്കിട്ടിരുന്നു. 'ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്
എല്ലാവരോടും സ്നേഹം നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ..കൂടെയുണ്ടാവണം', എന്നായിരുന്നു അനശ്വരയുടെ വാക്കുകൾ.
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥയൊരുക്കി നേര് മോഹൻലാലിന്റെ കൂടെ വമ്പൻ തിരിച്ചുവരവാണെന്നാണ് ആരാധകർ പറയുന്നത്. വക്കീൽ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. പഴയ മോഹൻലാലിനെ തങ്ങൾക്ക് തിരിച്ചുകിട്ടിയെന്നായിരുന്നു സിനിമ കണ്ടിറങ്ങിയ പലരും കുറിച്ചത്.
ചിത്രം മികച്ച കളക്ഷനാണ് രണ്ട് ദിവസം കൊണ്ട് നേടിയത്. ആദ്യ ദിനത്തിൽ 3.04 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. നിലനിൽ ആഗോളതലത്തിൽ 5.17 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ












Click it and Unblock the Notifications