അപമര്യാദയായി പെരുമാറിയ യുവാവിന്റെ കരണം പുകച്ച് ഐശ്വര്യ: അടിയുടെ വീഡിയോ വൈറല്‍
പൊതുജനമധ്യത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ അടിച്ച് അവതാരക ഐശ്വര്യ രഘുപതി. അരുണ്‍ മാതേശ്വർ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമായ ക്യാപ്റ്റന്‍ മില്ലറിന്റെ പ്രീ റിലീസ് ഇവന്റിനിടെയായിരുന്നു ഐശ്വര്യക്കെതിരായ യുവാവിന്റെ ലൈംഗിക ആക്രമണം. താരം യുവാവിനെ അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്.
ആൾക്കൂട്ടത്തിനിടയിൽ ഐശ്വര്യയും മറ്റൊരു സ്ത്രീയും നിൽക്കുന്നതും ഉപദ്രവിച്ച യുവാവിന്റെ മുഖത്ത് ഐശ്വര്യ അടിക്കുന്നതുമാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. അടിക്കുന്നതിന് മുമ്പ് യുവാവിനോട് അവതാരക കാലില്‍ വീണ് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും യുവാവ് കാലില്‍ വീഴുകയും ചെയ്യുന്നുണ്ട്. ഇതിന് ശേഷമായിരു അടി. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഐശ്വര്യ സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

"ആ ആൾക്കൂട്ടത്തിനിടയിൽ ഒരാൾ എന്നെ ശല്യപ്പെടുത്തി. ഇതോടെയാണ് ഞാൻ അവനെ നേരിട്ടത്. ഞാന്‍ അവനെ പിടിച്ച് വെക്കുകയും തല്ലുകയും ചെയ്തു. ഇതോടെ അവൻ ഓടി. എന്നാല്‍ ഞാനും അവന്റെ പിറകെ ഓടി. ഒരു സ്ത്രീയുടെ ശരീരഭാഗത്തില്‍ ഇത്രയും ആളുകളുടെ ഇടയില്‍ വെച്ച് സ്പർശിച്ചിട്ട് ഒരു കൂസലും ഇല്ലാതെ കടന്ന് പോകുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഞാൻ ആക്രോശിക്കുകയും അവനെ ആക്രമിക്കുകയും ചെയ്തു." താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അവിടെ എനിക്ക് ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു. ലോകത്തിൽ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യർ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ചെറിയ ശതമാനമെങ്കിലും രാക്ഷസന്മാർ ഉള്ള ലോകത്ത് ജീവിക്കാൻ തന്നെ ഭയം തോന്നുന്നുവെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. "പ്രിയപ്പെട്ട ക്യാപ്റ്റൻമില്ലർ ടീം. ഇത്തരം വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുമ്പ്.. ദയവായി ഫാൻ പാസുകൾ ഉറപ്പാക്കുക. നിങ്ങൾക്ക് ആരാധകരുടെ കുറവുണ്ടെങ്കിൽ. വലിയ വേദികളില്‍ ഇത്തരം പരിപാടികള്‍ നടത്തരുത്. സൗജന്യ പാസുകൾ നൽകുന്നത് ഇത്തരത്തിലുള്ള മോശം കാര്യങ്ങളിലേക്ക് നയിക്കും. ആ പെൺകുട്ടി പ്രതികരിച്ചത് നല്ല കാര്യമാണ് "- എന്നാണ് ഒരു പ്രേക്ഷകന്‍ എക്സില്‍ കുറിച്ചത്.
ബുധനാഴ്ച ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ധനുഷ് അടക്കം ക്യാപ്റ്റൻ മില്ലറിന്റെ മുഴുവൻ ടീമും പങ്കെടുത്തിരുന്നു. ഇതിനിടെയാണ് അവതാരകയായ യുവതിക്ക് ദുരനുഭവമുണ്ടായത്. അതേസമയം ക്യാപ്റ്റൻ മില്ലർ ജനുവരി 12ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും.












Click it and Unblock the Notifications