ഇതുകൊണ്ടാണ് ഗയ്‌സ് ഞാന്‍ കൂളിംഗ് ഗ്ലാസ് വെച്ചത്, മറ്റ് വഴിയില്ലായിരുന്നു; വീണ മുകുന്ദന്‍ പറയുന്നു
സെലിബ്രിറ്റി ഇന്റര്‍വ്യൂ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട അവതാരകയാണ് വീണ മുകുന്ദന്‍. അടുത്തിടെ ആപ് കൈസേ ഹോ എന്ന സിനിമയിലും വീണ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ കടന്ന് പോയ ബുദ്ധിമുട്ടേറിയ ദിവസങ്ങളെ കുറിച്ച് പങ്ക് വെക്കുകയാണ് വീണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീണയുടെ പ്രതികരണം. കണ്ണിന് നീര് വന്ന് പല പരിപാടികളും മാറ്റി വെക്കേണ്ടി വന്നതിനെ കുറിച്ചാണ് വീണ പറയുന്നത്. വീണയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഫെബ്രുവരി 10-ാം തിയതി എനിക്ക് ഗായത്രി സുരേഷിന്റെ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. വളരെ സന്തോഷകരമായിട്ടുള്ള ഒരു ദിവസമായിരുന്നു. രാവിലെ നേരത്തെയായിരുന്നു ആ ഇന്റര്‍വ്യൂ. അതിരാവിലെ എഴുന്നേറ്റത് കൊണ്ട് ഉറക്കത്തിന്റെ അസ്‌കിത ഉള്ളത് കൊണ്ട് ഞാന്‍ വിചാരിച്ചു ഷൂട്ട് കഴിഞ്ഞപ്പോള്‍ ഫ്‌ളാറ്റില്‍ പോയി ഉറങ്ങാം എന്ന്. വൈകുന്നേരം ആകുമ്പോഴേക്ക് ഫ്രഷ് ആകുമല്ലോ എന്ന് വിചാരിച്ചു.

അങ്ങനെ വീട്ടില്‍ പോയി കിടന്ന് വൈകുന്നേരം ഒരു അഞ്ച് മണിയൊക്കെ ആയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. എന്റെ ഒരു കണ്ണിന്റെ മുകളിലായി ചെറിയ തടിപ്പ് കണ്ടു. രാവിലെ പലയിടത്തും കറങ്ങി നടന്നത് കൊണ്ട് എന്തെങ്കിലും സംഭവിച്ചതായിരിക്കും എന്ന് കരുതി. അടുത്ത ദിവസത്തേക്ക് മാറും എന്ന് കരുതി. അടുത്ത ദിവസം രാവിലെ ആയപ്പോഴേക്ക് മുഖം മൊത്തം മത്തങ്ങ പോലെ ആയി. എന്ത് ചെയ്യും എന്നറിയില്ല. കാരണം നമ്മളുടെ പ്രൊഫഷന്‍ ഇതാണ്.
അന്നുണ്ടായ ടെന്‍ഷന്‍ പറയാന്‍ പറ്റില്ല. അങ്ങനെ ഞാന്‍ എറണാകുളത്തെ ഒരു ആശുപത്രിയില്‍ പോയി. ഡോക്ടര്‍ പറഞ്ഞു ഇത് കുഴപ്പമില്ല അടുത്ത ദിവസം ശരിയാകും എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു ഡോക്ടറെ എനിക്ക് അടുത്ത ദിവസം ഒരു ഫംഗ്ഷന്‍ ഉണ്ട്. അതിന് പോകാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഡോക്ടര്‍ പോകാം എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഭയങ്കര കോണ്‍ഫിഡന്റ് ആയിട്ട് വീട്ടിലേക്ക് തിരിച്ചുവന്നു.
ഡോക്ടര്‍ തന്ന ഐ ഡ്രോപ്‌സും മെഡിസിനും ഒക്കെ കഴിച്ച് ചില്ലായിട്ട് ഇരിക്കുകയായിരുന്നു. വൈകുന്നേരമായിട്ടും ഇതിന് കുറവൊന്നും കാണുന്നില്ല. അടുത്ത ദിവസം അതിലും ഭീകരമായി അവസ്ഥ. കണ്ണ് അതുവരെ പകുതിയെങ്കിലും തുറന്നിട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് കണ്ണ് മുഴുവനായും അടഞ്ഞു. കണ്ണിന് ചുറ്റും ഭയങ്കര നീര് വന്നു. അങ്ങനെ ഞങ്ങള്‍ ഒരു നേത്രരോഗ വിദഗ്ധനെ പോയി കണ്ടു.
അദ്ദേഹം പറഞ്ഞു ഇത് എഡിമ ഓണ്‍ റൈറ്റ് ഐലിഡ് എന്നാണ് പറഞ്ഞത്. ഇത് പെട്ടെന്ന് മാറില്ല എന്നും രണ്ട് മൂന്നാഴ്ച വേണ്ടി വരും എന്നും പറഞ്ഞു. എന്റെ സമാധാനം മുഴുവന്‍ പോയത് അപ്പോഴാണ്. ആ സമയത്തേക്ക് ഒരുപാട് ഇന്റര്‍വ്യൂ, ആപ്പ് കൈസേ ഹോ എന്ന സിനിമയുടെ പ്രൊമോഷന്‍, നമ്മള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ഫംഗ്ഷന്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. ആകെ കിളിപാറിയ അവസ്ഥയായിരുന്നു.
എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. എന്റെ മുഖം കാണുമ്പോള്‍ കരച്ചില്‍ വരും. കരയും തോറും ഈ നീര് കൂടി വരും. എനിക്ക് ആരേയും ഫേസ് ചെയ്യാന്‍ ഇഷ്ടമില്ലായിരുന്നു. അങ്ങനെ 10 ദിവസത്തോളം കടന്ന് പോയി. രണ്ടാമത്തെ കണ്ണിലും ഇത് വരുന്നത് പോലെ തോന്നി. ഡോക്ടറോട് പറഞ്ഞപ്പോള്‍ ഇത് സാധാരണമാണ് എന്നാണ് പറഞ്ഞത്. ആദ്യമായി ചെയ്ത സിനിമയുടെ പ്രൊമോഷന് പോകാന്‍ പറ്റാത്തതില്‍ നല്ല വിഷമം തോന്നി.
നീര് കുറച്ച് കുറഞ്ഞെങ്കിലും എനിക്ക് പുറത്തേക്ക് ഇറങ്ങാന്‍ വയ്യ. എന്റെ മുഖം കണ്ടിട്ട് എനിക്ക് തന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ എന്ത് പറയും എന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ എനിക്ക് കൂടെയുള്ളവര്‍ ആത്മവിശ്വാസം തന്നു. അങ്ങനെയാണ് ഞാന്‍ ആപ് കൈസെ ഹോയുടെ പ്രൊമോഷന് പോയത്. മൂന്ന് കോളേജുകളിലേക്കാണ് പോകുന്നത്. ഭാരത് മാതാ കോളേജില്‍ പരിപാടിക്ക് പോയപ്പോള്‍ അവിടെ ആങ്കറിംഗ് ചെയ്യുന്ന കുട്ടിക്ക് എന്നെ മനസിലായത് പോലുമില്ല.
വീണ ചേച്ചി ഇവിടെ വന്നിട്ടില്ല ചില കാരണങ്ങളാല്‍ എന്ന് പറയുമ്പോള്‍ ഞാന്‍ സ്‌റ്റേജില്‍ തന്നെ ഇരിക്കാണ്. അതിന് ശേഷം എനിക്ക് കോണ്‍ഫിഡന്‍സ് വന്നു. അങ്ങനെ ചെയ്തതാണ് കുഞ്ചാക്കോ ബോബനും പ്രിയാമണിക്കൊപ്പമുള്ള ഇന്റര്‍വ്യൂ. അതിന് താഴെ വന്ന കമന്റൊക്കെ ഞാന്‍ വായിച്ചിരുന്നു. വീണ മാത്രമെന്തിനാണ് കൂളിംഗ് ഗ്ലാസൊക്കെ വെച്ചിരിക്കുന്നത്, ഇത് വീണയ്ക്ക് ചേരുന്നില്ല എന്നൊക്കെ പറഞ്ഞായിരുന്നു കമന്റുകള്‍. എന്റെ അവസ്ഥ കൊണ്ടാണ് അത്. എനിക്ക് അതല്ലാതെ വേറെ നിവത്തിയില്ലായിരുന്നു'.












Click it and Unblock the Notifications